രാജാവിന് കുളക്കാന്‍ പറ്റാത്ത ദിവസം പ്രജക്കെന്നല്ല, നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കര്‍ക്ക് തന്നെ അദ്ദേഹത്തെ മുഖം കാണിക്കാന്‍ പറ്റുമോ? കൊച്ചിയിലെ ഭരണരംഗത്ത് തൊള്ളായിരത്തി നാല്പത് ആദ്യം ഉണ്ടായ ചോദ്യമാണിത്. പുതിയ രാജാവ് സിംഹാസനാരോഹണം നടത്തിയ സമയം. ഉന്നതോദ്യോഗസ്ഥരും നിയമസഭയിലെ ഉത്തരവാദപ്പെട്ടവരും 'തിരുമനസ്സി'നെ മുഖം കാണിക്കേണ്ടത് പതിവ്. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായ സഹോദരന്‍ അയ്യപ്പന്‍ രാജാവിനെ മുഖം കാണിക്കാന്‍ അനുമതി ചോദിച്ചു. രാജാവിന്റെ സെക്രട്ടറി അതിന് നല്‍കിയ മറുപടി ഇങ്ങനെ: മഹാരാജാവിന് സുഖമില്ല. കുളിക്കാന്‍ പറ്റുന്ന ദിവസമേ നിങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. മഹാരാജാവിനെ കാണാനുള്ള നിങ്ങളുടെ അപേക്ഷ ഫലം ഉളവാക്കിക്കഴിഞ്ഞതായി കരുതാം.'
സഹോദരന് അനുമതി നിഷേധിച്ചെങ്കിലും മറ്റു പലര്‍ക്ക്ും അനുമതി നല്‍കിയിരുന്നു. അന്ന് നിയമസഭയില്‍ അദ്ദേഹം പറഞ്ഞു: മഹാരാജാവ് നമ്മളെ ഭരിക്കട്ടെ. എട്ടും പൊട്ടും തിരിയാത്ത മക്കള്‍ ഭരിക്കാന്‍ വരേണ്ട.' രാജാവിന്റെ മകന്‍ തന്നെയായിരുന്നു രാജാവിന്റെ സെക്രട്ടറി.
ഈഴവ സമുദായത്തില്‍പ്പെട്ട അയ്യപ്പനെ കണ്ടാല്‍ മഹാരാജാവിന് കുളിക്കാതെ അകത്തുകയറാന്‍ പറ്റാത്ത സാമൂഹ്യനീതിയെ വെല്ലവിളിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രസംഗം വിവാദമായതോടെ രാജപത്‌നി ദൂതനെ അയച്ചു. കാണാന്‍ അവസരമുണ്ടാക്കിത്തരാം എന്ന്. പക്ഷേ പുറംവാതിലിലൂടെ അതുവേണ്ടെന്ന് അയ്യപ്പന്റെ മറുപടി. അന്ന് നിയമസഭയില്‍ അയ്യപ്പന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ജാതിയില്‍ എനിക്കുമീതെയും എനിക്കു താഴെയും ആരുമില്ല. കൊട്ടാരത്തില്‍പ്പോലും. പിന്നീട് രാജാവ് തന്നെ അയ്യപ്പനെ വിളിപ്പിച്ച്്് സംസാരിച്ചു. നല്ല സൗഹൃദത്തിലാവുകയും ചെയ്തു.
ഐക്യകേരളം വരുന്നതിന് മുമ്പ് മലയാളനാട്ടില്‍ ഏറ്റവും കൂടുതല്‍ക്കാലം നിയമനിര്‍മാണ സഭാസാമാജികനായ വ്യക്തിയാണ് സഹോദരന്‍ അയ്യപ്പന്‍. 1925-ല്‍ പൊതുമണ്ഡലത്തില്‍നിന്ന് തോല്‍ക്കുകയും പിന്നീട് ഈഴവ മണ്ഡലത്തില്‍നിന്ന് 1928-ല്‍ ജയിക്കുകയും ചെയ്തു. 28-ലും 31-ലും എതിരില്ലാതെയാണ് ജയിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ച അയ്യപ്പന്‍ 1951-വരെ സഭാംഗമായി തുടര്‍ന്നു. കൊച്ചിയില്‍ ജനകീയമന്ത്രിയായും പിന്നീട്് തിരു-കൊച്ചിയില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചു.