മത്സരിച്ച മുന്നണിയില്‍ നിന്നുമാറി എതിര്‍ മുന്നണിയുടെ പിന്തുണയോടെ മന്ത്രിസഭ രൂപവല്‍ക്കരിച്ച പാരമ്പര്യവും ഇവിടെയുണ്ട്. 1954-ല്‍ എ.ജെ.ജോണിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവര്‍മെന്റ് നിലംപതിച്ചതിനെ തുടര്‍ന്ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റും പി.എസ്.പി.യും ആര്‍.എസ്.പി.യും കെ.എസ്.പി.യും ഇടതുമുന്നണിയായാണ് മത്സരിച്ചത്. സ്വതന്ത്രരുടെ പിന്തുണയോടെ പട്ടം താണുപിള്ള ഇടത് മന്ത്രിസഭ രൂപവല്‍ക്കരിക്കുമെന്ന് വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് പട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു- സോപാധികം.

കമ്മ്യൂണിസ്റ്റുകാരുമായുള്ള മുന്നണി ഒഴിവാക്കണം. 19 പേരുടെ നേതാവായ പട്ടം 45 പേരുള്ള കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി. പുറത്തുനിന്നുള്ള പിന്തുണ. പക്ഷേ ഒരു വര്‍ഷത്തിനകംതന്നെ ആ കൂട്ടുകെട്ട് തകരുകയും അവിശ്വാസപ്രമേയം പാസായതിനെ തുടര്‍ന്ന് പട്ടം മന്ത്രിസഭ രാജിവെക്കുകയും ചെയ്തു.

അതോടെ ചില കൂറുമാറ്റങ്ങള്‍ നടക്കുകയും പനമ്പിള്ളിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. കടുത്ത ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് 13 മാസത്തിനകം 1956 മാര്‍ച്ച് 12-ന് പനമ്പിള്ളി മന്ത്രിസഭയും തകര്‍ന്നു. 
1955 ഫെബ്രുവരിയില്‍ പട്ടത്തെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നില്ലെങ്കില്‍ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്.

പട്ടം തുടര്‍ന്നിരുന്നെങ്കില്‍ 1957-ലെ ഒന്നാം കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- പി.എസ്.പി. മുന്നണിക്ക് സാധ്യതയുണ്ടായിരുന്നു. വിമോചനസമരാനന്തരം ആ സാധ്യത ഉപയോഗപ്പെടുത്തി മുസ്ലിം ലീഗിന്റെ കൂടി പിന്തുണയോടെയാണ് കോണ്‍ഗ്രസ് മേധാവിത്വമുള്ളതും എന്നാല്‍ പി.എസ്.പി.നേതൃത്വത്തിലുള്ളതുമായ മന്ത്രിസഭ വന്നത്. അപ്പോഴും കോണ്‍ഗ്രസ്സിന് ഉപമുഖ്യമന്ത്രിസഥാനം മാത്രം.

മുഖ്യമന്ത്രിയായ പട്ടത്തെ പഞ്ചാബില്‍ ഗവര്‍ണറാക്കിയയച്ച് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ആര്‍.ശങ്കര്‍ 1962-ല്‍ മുഖ്യമന്ത്രിയായി. നേരത്തെ തിരു-കൊച്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന എ.ജെ.ജോണിനെ മദിരാശി ഗവര്‍ണറാക്കിയിരുന്നു.