കേരളനിയമസഭയിലേക്ക് ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് അതിഥി താരങ്ങള്‍ പ്രചരണത്തില്‍ ശ്രദ്ധേയരായി. എം.ജി.ആറും കാമരാജ് നാടാറും. ദേവികുളം മണ്ഡലമായിരുന്നു കേന്ദ്രം. എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ ഡമ്മിയെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടി മത്സരിപ്പിക്കേണ്ടിവന്നതടക്കം സവിശേഷതകള്‍ ഒട്ടേറെയായിരുന്നു തീപ്പൊരി ചിതറിയ ആ ഉപതിരഞ്ഞെടുപ്പിന്.
ദേവികുളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേല്‍ക്കൈയില്ലാത്ത മണ്ഡലമായിട്ടും 1957-ല്‍ വിജയം പാര്‍ട്ടി സഥാനാര്‍ഥി റോസമ്മ പുന്നൂസിനായിരുന്നു. അതും 9686 വോട്ടിന്. ദ്വയാംഗമണ്ഡലമാണ്. സംവരണ സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസ്സിലെ എന്‍.ഗണപതി. അതിനൊരു കാരണമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി.കെ.നായരുടെ പത്രിക സാങ്കേതിക കാരണങ്ങളാല്‍ തള്ളിപ്പോയി. പകരം സ്ഥാനാര്‍ഥിയായി ആരെയാക്കും. സംവരണ സീറ്റിലേക്ക് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചയാളുടെ ഡമ്മിയായി പത്രിക നല്‍കിയിരുന്ന രാമയ്യയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി.
പത്രിക തള്ളിയതിനെതിരെ ബി.കെ.നായര്‍ തിരഞ്ഞെടുപ്പ് കേസ് നല്‍കി. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച് കോടതി റോസമ്മയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി.സുപ്രിംകോടതിയില്‍ അപ്പീല്‍ പോയിട്ടും രക്ഷയില്ല. രണ്ട് പേരുടെ ഭൂരിപക്ഷത്തില്‍ തുടരുന്ന മന്ത്രിസഭയുടെ ഭാവി ഉപതിരഞ്ഞെടുപ്പ് ഫലത്തിലാണെന്ന് വന്നു. 1958 മെയ് 16-ന് വോട്ടെടുപ്പ്. റോസമ്മ പുന്നൂസിനെതിരെ ബി.കെ.നായര്‍ സ്ഥാനാര്‍ഥി. വോട്ടിലൂടെയുള്ള വിമോചനസമരമാകും തിരഞ്ഞെടുപ്പ് എന്ന പ്രതീതി ആദ്യമേയുണ്ടായി.
ഈശ്വരവിശ്വാസത്തിനും മതവിശ്വാസത്തിനും എതിരായ കമ്മ്യൂണിസത്തെ ഭരണത്തില്‍നിന്ന് പുറത്താക്കുക എന്ന ആഹ്വാനം മുഴങ്ങി. തമിഴ് മാതൃഭാഷയായ വോട്ടര്‍മാര്‍ വളരയധികമുള്ള മണ്ഡലം. തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് നാടാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ആ ഘട്ടത്തില്‍ ഒരു തമിഴ് പടത്തിന്റെ ഷൂട്ടിങ്ങിന് ദേവികുളം മേഖലയിലെത്തിയ എം.ജി.ആര്‍. കോണ്‍ഗ്രസ് വിരോധം കാരണം കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിക്കുവേണ്ടി ചില യോഗങ്ങളില്‍ പ്രസംഗിച്ചു.
ഭരണത്തിന്റെ നിലനില്‍പ്പുതന്നെ മുള്‍മുനയിലായിരുന്നെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണം നടത്താന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഭരണയന്ത്രത്തിന്റെ ദുരുപയോഗം ആരോപിക്കുമെന്ന് മനസ്സിലാക്കിക്കൂടിയായിരുന്നു ഇത്. കാരണം കേരളത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നുവെന്ന മട്ടില്‍ കേന്ദ്രവും മറ്റ് പ്രബലശക്തികളും വളഞ്ഞാക്രമിക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ ജയിച്ച ആലപ്പുഴയിലെ ജില്ലാ സെക്രട്ടറിയായ വി.എസ്. അച്ചുതാനന്ദനെയാണ് സി.പി.ഐ പ്രചരണനേതൃത്വം ഏല്പിച്ചത്. 57-ലെ തിരഞ്ഞെടുപ്പില്‍ 61.3 ശതമാനമായിരുന്ന പോളിങ്ങ് ഉപതിരഞ്ഞെടുപ്പില്‍ 84 ശതമാനമായി. റോസമ്മ പുന്നൂസ് ജയിക്കാന്‍ നേരിയ സാധ്യത പോലുമില്ലെന്നാണ് നിരീക്ഷകര്‍ കരുതിയത്.
മേഖലയിലെ പ്രധാന പത്രങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ചിത്രവും ആഹ്വാനവും അതായിരുന്നു. പക്ഷേ റോസമ്മ പുന്നൂസ് 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.