ടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷമാണ് പൊതുതിരഞ്ഞെടുപ്പും കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ദിര ഗാന്ധി തീരുമാനിച്ചതിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്ത് വെട്ടിമുറിച്ച കോട്ടയില്‍  നടന്ന സി.പി.എം. പൊതുയോഗത്തില്‍ ഇ.എം.എസ്. പ്രഖ്യാപിച്ചു: അടിയന്തരാവസ്ഥ വേണമോ വേണ്ടയോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ് പോരാട്ടം. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം 77-ലെ തിരഞ്ഞെടുപ്പില്‍ മുഴങ്ങി. ജയിലില്‍ നിന്നിറങ്ങിയ പ്രതിപക്ഷ കക്ഷി നോതാക്കളുടെ മഹാസഖ്യത്തിലെ ഘടകകക്ഷികള്‍ ദേശീയതലത്തില്‍ ജനത പാര്‍ട്ടിക്ക് രൂപം നല്‍കി. കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി ജനത പാര്‍ട്ടി കേരളഘടകം രൂപം കൊണ്ടു.

ജനത പാര്‍ട്ടിയുടെ ജനനം

തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ശരിക്കും അന്ന് എല്ലാ പാര്‍ട്ടികളും ലയിച്ചതെന്ന് അന്നത്തെ പ്രതിപക്ഷ മുന്നണിയുടെ കണ്‍വീനറായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ ജനത രൂപീകരണത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തിദള്‍, മിനു മസാനിയുടെ സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ എന്നിവ ചേര്‍ന്നാണ് ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ 1974 അവസാനം ഭാരതീയ ലോക്ദള്‍ രൂപീകരിച്ചത്. ഈ പാര്‍ട്ടിയുമായി  മൊറാര്‍ജി ദേശായിയുടെ സംഘടനാ കോണ്‍ഗ്രസ്, ഭാരതീയ ജനസംഘം എന്നിവ ലയിച്ചാണ് ജനത പാര്‍ട്ടിയായത്.

ആ പാര്‍ട്ടിയിലേക്കാണ് പിന്നീട് കേന്ദ്രത്തില്‍  അധികാരം കിട്ടിയശേഷം ജഗജീവന്‍ റാം വന്നത്. പാര്‍ട്ടി അധികാരത്തില്‍ വരികയല്ല ചെയ്തത്. അധികാരത്തില്‍ വന്ന ശേഷമാണ് പാര്‍ട്ടിയുണ്ടായതെന്ന്  അന്നത്തെ ജനത പാര്‍ട്ടി നേതാവും 1977-ല്‍ കല്‍പ്പറ്റ എം.എല്‍.എയുമായിരുന്ന എം.പി. വീരേന്ദ്ര കുമാര്‍ പറഞ്ഞു. ചരണ്‍ സിംഗിന്റെ ഭാരതീയ ലോക്ദള്‍ ചിഹ്നത്തിലാണ് അന്ന് ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത്. 

സി.പി.എമ്മുമായി ജനത പാര്‍ട്ടി സഖ്യത്തിലായി. ഭാരതീയ ജനസംഘം നേതാവായിരുന്ന കെ.ജി. മാരാരും സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരനും പി. വിശ്വംഭരനും എം.പി. വീരേന്ദ്രകുമാറും കമലവും എല്ലാം നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലുമായി ബി.എല്‍.ഡി. സ്ഥാനാര്‍ത്ഥികളായി സി.പി.എം. നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയില്‍ മല്‍സരിച്ചു. അഖിലേന്ത്യ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് എന്നിവരും പ്രതിപക്ഷമുന്നണിയിലായിരുന്നു. കോണ്‍ഗ്രസ് വിട്ട് ജഗജീവന്‍ റാമിന്റെയും എച്ച്.എന്‍. ബഹുഗുണയുടെയും കോണ്‍ഗ്രസ് ഫോര്‍ ഡമോക്രാസിയില്‍ ചേര്‍ന്ന നീലലോഹിതദാസ് കോവളം സീറ്റില്‍ സി.പി.എം. സഹായം തേടി പ്രതിപക്ഷ മുന്നണിയിലെത്തി. ഭരണമുന്നണി എന്‍.ഡി.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു.

കോണ്‍ഗ്രസിനും രാജ്യത്തിനും നഷ്ടപ്പെട്ട ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഫോര്‍ ഡമോക്രാസി രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് താനും അതിനോട് യോജിച്ചതെന്ന് നീലലോഹിതദാസ് ഓര്‍ക്കുന്നു. തെക്കെ ഇന്ത്യയില്‍ ഇവരോട് അനുഭാവം രേഖപ്പെടുത്തി പുറത്തു വന്ന ഒരു എ.ഐ.സി.സി അംഗം താനായിരുന്നു.  എച്ച്.എന്‍. ബഹുഗുണയുടെയും ബാബു ജഗജീവന്‍ റാമിന്റെയും മാതൃക സ്വീകരിച്ച് കോണ്‍ദഗ്രസ് വിട്ട് വരുന്നവരെ സ്വാഗതം ചെയ്യുമെന്ന് ഇ.എം.എസ്. അന്ന് പ്രസ്താവിച്ചിരുന്നു. 

അതിന്റെ അടിസ്ഥാനത്തില്‍ നീലലോഹിത ദാസ് എടുത്ത രാഷ്ട്രീയ തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്നും  അദ്ദേഹത്തിന് പിന്തുണ കൊടുക്കുമെന്നും അന്ന് ഇ.എം.എസ്. പ്രസ്താവന ഇറക്കിയതായി നീലലോഹിത ദാസ് പറഞ്ഞു.  കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് ഡമോക്രസിയിലെത്തിയ നീലലോഹിത ദാസ് വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റില്‍ 1980-ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ജയിച്ചുകയറിയതും പിന്നീട് വീണ്ടും കോണ്‍ഗ്രസ് വിട്ട് ലോക്ദള്‍, ജനതാദള്‍, ബി.എസ്.പി എന്നിവ വഴി ജനതാദള്‍ സെക്കുലറിലെത്തി നില്‍ക്കുന്നതുമാണ് രാഷ്ട്രീയ ജീവിതം.

Karunakaran
കെ. കരുണാകരന്‍ | ഫോട്ടോ: മാതൃഭൂമി

വടക്ക് തിരിച്ചടി;  വേറിട്ട് കേരളം

1977-ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടു തരത്തിലുള്ള ഫലമാണ് കേരളത്തിലുണ്ടായത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെയും ഇന്ദിര ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസുകാരെ ദുഃഖത്തിലാഴ്ത്തി, നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സി.പി.ഐയുടെയും ഐക്യമുന്നണി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ദേശീയ തലത്തിലെ തിരിച്ചടി കാരണം കേരളത്തിലെ ഐക്യമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ പോലും അവര്‍ക്ക് താത്പര്യമില്ലായിരുന്നു. 57-ല്‍ ഇ.എം.എസ്., 67-ല്‍ ഇ.എം.എസ്, 77 ലും ഇ.എം.എസ്. എന്ന മുദ്രാവാക്യം മുഴക്കിയ സി.പി.എമ്മിനും തിരിച്ചടിയേറ്റു. കണക്കുകൂട്ടലുകള്‍ പിഴച്ചു. എന്നാല്‍, മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച് മുടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആറടി മണ്ണില്‍ കുഴിച്ച് മൂടിയെന്ന് ഉച്ചഭാഷിണിയിലൂടെ ആവേശം കൊണ്ട് സി.പി.എമ്മുകാര്‍ നിരാശ മറച്ചു.

ഐക്യമുന്നണിക്ക് 110 സീറ്റിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ജനങ്ങള്‍ കനിഞ്ഞ് നല്‍കി. 140-ല്‍ 29 സീറ്റുകള്‍ നേടാനേ പ്രതിപക്ഷ മുന്നണിക്ക് കഴിഞ്ഞുള്ളൂ. 68 സീറ്റില്‍ സി.പി.എമ്മിന് 17 സീറ്റില്‍  മാത്രമേ വിജയിക്കാനായുള്ളൂ. 27  സീറ്റില്‍ മല്‍സരിച്ച ജനത പാര്‍ട്ടി ആറ് സീറ്റില്‍ മാത്രം ജയിച്ചു. പിള്ള ഗ്രൂപ്പിന് രണ്ട് സീറ്റും പ്രതിപക്ഷ മുസ്ലീം ലീഗിന് മൂന്ന് സീറ്റും ലഭിച്ചു. പ്രതിപകഷ മുന്നണിയില്‍ ഉണ്ടായിരുന്ന നാഷണള്‍ ആര്‍.എസ്.പിക്കും കെ.എസ്.പിയ്ക്കും കോണ്‍ഗ്രസ് പരിവര്‍ത്തന വാദികള്‍ക്കും സീറ്റൊന്നും ലഭിച്ചില്ല. ന

ഷ്ടം സംഭവിച്ചത് സി.പി.എമ്മിനാണ്. പാര്‍ട്ടി നേതാക്കളായ കെ.ആര്‍. ഗൗരിയമ്മയും ചാത്തുണ്ണി മാസ്റ്ററും വി.എസ്. അച്യുതാന്ദനും ഇ. ബാലന്ദനും പി.കെ. ചന്ദ്രാനന്ദനും തോറ്റു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിലും പാലക്കാട്ടും സി.പി.എം. തകര്‍ന്നടിഞ്ഞു. ആലപ്പുഴയില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും വിജയിച്ചില്ല. ആലത്തൂരില്‍ മല്‍സരിച്ച ഇ.എം.എസിന് ലഭിച്ചത് കഷ്ടിച്ച് 1999 വോട്ടിന്റെ ഭൂരിപക്ഷം. ഏറെക്കാലം മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോന്‍ അധികാരത്തില്‍നിന്ന് വിടവാങ്ങി.

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ ഇന്ദിര ഗാന്ധിയ്ക്കെതിരായി വിധിയെഴുതുകയും അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുഴങ്ങുകയും ചെയ്ത ഘട്ടത്തിലും കേരളം  മാത്രം വേറിട്ട് നിന്നതിന് കാരണങ്ങളുണ്ടെന്ന് രാഷ്ട്രീയചരിത്രകാരനായ ചെറിയാന്‍ ഫിലിപ്പ് പറയുന്നു.  ഉത്തരേന്ത്യയിലെ വടക്കന്‍ കാറ്റില്‍നിന്ന് വിരുദ്ധമായി കേരളത്തില്‍ ഇന്ദിര ഗാന്ധിയ്ക്കും അച്യുതമേനോനും അനുകൂലമായ കാറ്റാണ് വീശിയത്. 110 സീറ്റ് നേടിയാണ് അന്ന് ഐക്യമുന്നണി അധികാരത്തില്‍ വന്നത്. അതിന് പ്രധാനപ്പെട്ട കാരണം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ്.  അടിയന്തരാവസ്ഥാ കാലത്ത്  കേരളത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരുന്നു. കേരളത്തിലെ മധ്യവര്‍ഗ്ഗം ആ സമാധാനപരമായ അന്തരീക്ഷം ഒരു ഭരണനേട്ടമായി കണക്കാക്കുകയും  അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്തതായി' ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

അടിയന്തരാവസ്ഥയക്ക് എതിരായ പ്രചാരണം ഏശിയില്ല. അടിയന്തരാവസ്ഥ കാലത്തെ പോലീസ് നരനായാട്ടുകളുടെ കഥകള്‍ കൂടുതലായും പുറത്തു വന്നത് പിന്നീടായിരുന്നു. പത്രങ്ങളുടെ സെന്‍സര്‍ഷിപ്പ് വാര്‍ത്തകള്‍ വരുന്നതിന് തടസ്സമായി. അടിയന്തരാവസ്ഥയുടെ സദ്ഫലങ്ങളാണ് സാധാരണ ജനങ്ങളെ ആകര്‍ഷിച്ചത്. തങ്ങള്‍ തങ്കവിഗ്രഹമായി കരുതിയ ഇന്ദിര ഗാന്ധിയെ പോലും രാജ്യത്തെ നിരക്ഷര വോട്ടര്‍മാര്‍ പരാജയപ്പെടുത്തി അധികാരത്തിന് പുറത്തേക്കുള്ള വഴി കാട്ടിയപ്പോള്‍ കേരളത്തില്‍ ഭൂരിപക്ഷം പേരും അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വിധിയഴുതി.

ഇന്ത്യ മുഴുവന്‍ ഇന്ദിര ഗാന്ധിക്കെതിരെ വിധിയെഴുതിയപ്പോള്‍ കൊച്ചു കേരളം മാത്രം വളരെ അത്ഭുതകരമാംവണ്ണം അിയന്തരാവസഥയ്ക്ക് അനുകൂലമായി നിലപാട് എടുത്തത്  വളരെ വിചിത്രമായ ഒരവസ്ഥയായിരുന്നുവെന്ന് രാഷ്ട്രീയചിന്തകനായ ഭാസുരേന്ദ്രബാബു പറയുന്നു. 'അതിന് കാരണമായി ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ ഞാന്‍ കാണുന്നത്  സി.പി.എം വേണ്ടും വിധം അടിയന്തരവാസ്ഥയ്ക്കെതിരെ പോരാടിയിരുന്നില്ല എന്നതാണ്. വി.എസ് അച്യുതാന്ദനും പിണറായിയും കോടിയേരിയും മറ്റു സി.പി.എം. നേതാക്കളും ആ 20 മാസക്കാലം ജയിലില്‍ തന്നെയായിരുന്നെങ്കിലും പൊതുവില്‍ അടിന്തരാവസ്ഥയ്ക്ക് എതിരെ തുറന്ന സമരം നടത്തി ജയിലിലേക്ക് പോകുന്ന അവസ്ഥ സി.പി.എം. സൃഷ്ടിച്ചില്ല.' അറിഞ്ഞോ അറിയാതെയോ  പ്രധാന പ്രതിപക്ഷ പാര്‍ട്ടി ഗൗരവകരമായ  സമരങ്ങളിലോ പ്രക്ഷോഭങ്ങളിലോ നിയമനിഷേധങ്ങളിലോ ഏര്‍പ്പെടാതിരുന്നത് കൊണ്ട് അടിയന്തരാവസ്ഥയുടെ കെടുതികള്‍ ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍  കഴിഞ്ഞില്ലെന്ന് ഭാസുരേന്ദ്ര ബാബു പറയുന്നു.

കമ്യൂണിസ്റ്റ് നായകരായിരുന്ന എ.കെ.ജിയുടെയും ടി.വി.തോമസിന്റെയും മരണവും ഇക്കാലത്തായിരുന്നു. 1977 മാര്‍ച്ച് 22-നും മാര്‍ച്ച് 26-നും. 1977 മാര്‍ച്ച് 25-ന് ആഹ്ലാദത്തോടെ, അഭിമാനത്തോടെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി.എച്ച്. മുഹമ്മദ് കോയ മാത്രമേ അദ്ദേഹത്തടൊപ്പം സത്യപ്രതിജ്ഞ ചെയ്തുള്ളൂ. 17 ദിവസം കഴിഞ്ഞു മന്ത്രിസഭ പൂര്‍ണമായും നിലവില്‍ വന്നു. കെ. ശങ്കരനാരായണന്‍, എം.കെ. ഹേമചന്ദ്രന്‍. കെ.കെ. ബാലകൃഷണന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ കോണ്‍ഗ്രസില്‍നിന്നു മന്ത്രിമാരായി. പി.കെ. വാസുദേവന്‍ നായര്‍, കാന്തലോട്ട് കുഞ്ഞമ്പു, ജെ. ചിത്തരഞ്ജന്‍ എന്നിവര്‍ സി.പി.ഐയില്‍നിന്നും ബേബി ജോണ്‍, കെ. പങ്കജാക്ഷന്‍ എന്നിവര്‍ ആര്‍.എസ്.പിയില്‍നിന്നു മന്ത്രിമാരായി. സി.എച്ച്. മുഹമ്മദ് കോയ,. അവുക്കാദര്‍ കുട്ടി നഹ എന്നിവരായിരുന്നു ലീഗ് മന്ത്രിമാര്‍. കെ.എം. മാണി, കെ. നാരായണ കുറുപ്പ്, ഇ. ജോണ്‍ ജേക്കബ് എന്നിവര്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരും. ചാക്കീരി അഹമ്മദ് കുട്ടി സ്പീക്കറുമായി.

രാജന്‍ കേസും കെ.കരുണാകരന്റെ രാജിയും

അടിയന്തരാവസഥയിലെ പോലീസ് വാഴ്ചയെ കുറിച്ചുള്ള പൂര്‍ണചിത്രം ഇതിനകം പുറത്തു വന്നു കഴിഞ്ഞിരുന്നു. കോഴിക്കോട് റീജണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്‍, വര്‍ക്കല വിജയന്‍, കണ്ണന്‍ തുടങ്ങിയ അടിയന്തരാവസ്ഥ രക്തസാക്ഷികളെ കുറിച്ച് പുറംലോകം അറിഞ്ഞു. രാജന്റെ പിതാവ് തന്നെ നിയമപോരാട്ടവുമായി രംഗത്തിറങ്ങി. പി. രാജന്റെ പിതാവ് ഈച്ചരവാരിയരുടെ ഹേബിയസ് കോര്‍പസ്സ് റിട്ട് ഹൈക്കോടതിയിലെത്തി. പോലീസ് അറസ്റ്റ് ചെയ്ത് തന്റെ മകന്‍ പി. രാജനെ കോടതിയില്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോടും പോലീസ് അധികാരികളോടും നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രാജന്‍ കേസില്‍ ഹൈക്കോടതി വിധി വന്നു. രാജന്‍ കേസില്‍ കരുണാകരന്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാടി. രാജനെ കസ്റ്റ്ഡിയില്‍ എടുത്തിട്ടില്ലെന്ന് കെ. കരുണാകരന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈച്ചര വാരിയര്‍ മറുപടി സത്യവാങ്മൂലവും നല്‍കി. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് സാക്ഷികളായി 12 പേരുടെ സത്യവാങ്മൂലവും ഹാജരാക്കി. 1976 മാര്‍ച്ച് ഒന്നിന് രാജനെ പോലീസ് ക്സറ്റഡിയിലെടുത്തതായും കക്കയം പോലീസ് ക്യാംപിലേക്ക് കൊണ്ടു പോയതായും ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. 

രാജനെ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. കക്കയത്ത് രാജനെ പോലീസ് ഉരുട്ടി കൊന്നതായി ജയില്‍മോചിതരായവര്‍ വെളിപ്പെടുത്തി. കള്ള സത്യവാങ്മൂലം നല്‍കിയ കെ. കരുണാകരന്‍ രാജി വെയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് കെ. കരുണാകരന്‍ ഏപ്രില്‍ 25-ന്  രാജി സമര്‍പ്പിച്ചു.

ധാരാളം ആളുകള്‍ ഒരു സാര്‍ത്ഥവാഹക യാത്രയ്ക്ക് പോകുന്നത് പോലെ, രാജന്‍ കേസിലെ കോടതിനടപടികള്‍ അറിയാന്‍ അന്ന് ഹൈക്കോടതിയിലേക്ക് പോയിരുന്നതായി ഭാസുരേന്ദ്രബാബു ഓര്‍ക്കുന്നു. അത് മാത്രമല്ല, രാജന്‍ കേസിലെ വിധി കേള്‍ക്കാന്‍ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഹൈക്കോടതിയിലേക്ക് സഞ്ചരിച്ചെത്തിയ കാലമാലോചിച്ച് നോക്കുക. ആ വിധി വരുന്ന സമയത്ത് സത്യത്തില്‍ കേരള രാഷ്ട്രീയം അങ്ങേയറ്റം  പ്രോജ്ജ്വലിച്ച് നിന്ന കാലഘട്ടമായിരുന്നുവെന്ന് ഭാസുരേന്ദ്രബാബു  അഭിപ്രായപ്പെടുന്നു.

AK Antony
എ.കെ. ആന്റണിയും കെ. കരുണാകരനും | ഫോട്ടോ: മാതൃഭൂമി

പകരക്കാരനായി എ.കെ. ആന്റണി

കരുണാകരന് പകരം ആര് എന്ന് ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കി. നിയമസഭാകക്ഷിയില്‍ അഭിപ്രായ സമന്വയം രൂപപ്പെട്ടില്ല. എം.എല്‍.എ. അല്ലാത്ത എ.കെ. ആന്റണിയിലേക്കാണ് ചര്‍ച്ചകള്‍ നീണ്ടത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എ.കെ. ആന്റണി വ്യക്തിപരമായി അധികാര സഥാനത്തെത്താന്‍ താത്പര്യം കാട്ടിയില്ല. ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം വന്നു. മുപ്പത്താറാം വയസ്സില്‍ ഇന്ത്യയുടെ  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ.കെ.ആന്റണി സത്യപ്രതിജ്ഞ ചെയ്തു.

ഭരണാധിപനാവാനുള്ള മാനസികാവസ്ഥ അന്ന് തനിക്ക് ഇല്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഓര്‍ക്കുന്നു. 'ഭരണത്തില്‍ ധാരാളം വിട്ടുവീഴ്ചകള്‍ വേണ്ടി വരും. എന്റെ മനസ്സ് എപ്പോഴും പ്രതിപക്ഷ മനസ്സാണ്.ഭരണത്തോട് അന്ന് ഒട്ടും പൊരുത്തപ്പെട്ടിട്ടില്ല.' ഇന്നും ഒട്ടും പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന് എ.കെ. ആന്റണി പറയുന്നു. 1977 ഏപ്രില്‍ 27 ന് എ.കെ.ആന്റണി സത്യപ്രതിജ്ഞ ചെയ്തു.  

കെ.കരുണാകരന്‍ മന്ത്രിസഭയിലെ പതിനാലു അംഗങ്ങളും തുടര്‍ന്നു. മുഖ്യമന്ത്രിയാവുമ്പോള്‍ എം.എല്‍.എ. അല്ലാതിരുന്ന എ.കെ.ആന്റണിക്ക് മല്‍സരിക്കാന്‍ കഴക്കൂട്ടം എം.എല്‍.എ തലേക്കുന്നില്‍ ബഷീര്‍ രാജി വെച്ചു. രാജ്യസഭാംഗമായിരിക്കെ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് വേണ്ടി സി.പി.ഐയുടെ കൊട്ടാരക്കര എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ നായര്‍ 1969 ല്‍ രാജി വെച്ചതു പോലെ. വീണ്ടും കെ.ക രുണാകരന് പകരക്കാരനായി  എ.കെ. ആന്റണി 1995-ല്‍ മുഖ്യമന്ത്രിയായതും ലീഗിന്റെ ഒഴിഞ്ഞു കിടന്ന തിരൂരങ്ങാടി സീറ്റില്‍ മല്‍സരിച്ചതും പിന്നീടുള്ള ചരിത്രം.. 

1996-ലെ തിരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന്  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന ഇ.കെ.നായനാരെ മൂന്നാമത് തവണ സി.പി.എം. മുഖ്യമന്ത്രിയാക്കിയതും നായനാര്‍ക്കായി തലശ്ശേരി എം.എല്‍.എ. കെ.പി. മമ്മു മാസ്റ്റര്‍ രാജി വെച്ചതും സമാനമായ മറ്റൊരു ചരിത്രം.

അന്ന് ചേര്‍ത്തല ഉള്‍പ്പെടെ പല സീറ്റുകളും പറഞ്ഞ് ആലോചന നീണ്ടു പോയപ്പോള്‍ താന്‍ തന്നെ കഴക്കൂട്ടം നിര്‍ദേശിക്കുകയായിരുന്നുവെന്ന് തലേക്കുന്നില്‍ ബഷീര്‍ ഓര്‍ക്കുന്നു. 'ഞാന്‍ അങ്ങോട്ട് പറയുകയാണ് ചെയ്തത്. എന്റെ കഴക്കൂട്ടം ഞാന്‍ രാജി വെയക്കാം. അവിടെ നിന്ന് ആന്റണി മല്‍സരിക്കട്ടെ എന്ന് ഞാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം എല്ലാവര്‍ക്കും  സ്വീകാര്യമായി തോന്നി. അങ്ങനെ കഴക്കൂട്ടത്തുനിന്ന് ഞാന്‍  രാജി വെച്ചു. ആന്റണി അവിടെ മല്‍സരിച്ചു. അങ്ങനെയാണ് അവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്.' തലേക്കുന്നില്‍ ബഷീര്‍ പറയുന്നു.

അടിയന്തരാവസഥയിലെ കിരാതവാഴ്ചയായിരുന്നു കഴക്കൂട്ടത്തെ പ്രധാന പ്രചാരണ വിഷയം. രാജന്റെ പിതാവ് പ്രഫ. ഈച്ചരവാര്യര്‍ വരെ കഴക്കൂട്ടത്ത് വന്ന് എ.കെ. ആന്റണിക്കെതിരെ പ്രസംഗിച്ചു. എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരാന്‍ എ.കെ. ആന്റണിക്കനുകൂലമായി കഴക്കൂട്ടം വിധിയെഴുതി.
തിരഞ്ഞെടുപ്പ് അഴിമതികേസില്‍ മന്ത്രിമാരായ കെ.എം. മാണിയുടെയും സി.എച്ച്. മുഹമ്മദ് കോയയുടെടയും തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് 1977 ഡിസംബറില്‍ ഇരുവരും രാജി വെച്ചു. പി.ജെ. ജോസഫും യു.എ. ബീരാനും പകരം മന്ത്രിമാരായി. കേസ് ജയിച്ച് ഇരുവരും തിരികെ വന്നതോടെ ജോസഫും ബീരാനും മന്ത്രിപദമൊഴിഞ്ഞു കൊടുത്തു.  

PKV
പി.കെ. വാസുദേവന്‍ നായര്‍ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയോടൊപ്പം ഒരു ചടങ്ങില്‍ | ഫോട്ടോ: മാതൃഭൂമി

രണ്ടു വര്‍ഷം; രണ്ടു മന്ത്രിസഭകള്‍

അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പുണ്ടായ കാലമായിരുന്നു അന്ന്. ഇന്ദിരാ പക്ഷവും ഇന്ദിരാ വിരുദ്ധ പക്ഷവുമായി കോണ്‍ഗ്രസ് പിളര്‍ന്നു. ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി അനുയായികളുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടി. കേന്ദ്രത്തിലെയും കേരളത്തിലെയും ഔദ്യോഗിക പക്ഷം ഇന്ദിരാ വിരുദ്ധ പക്ഷത്തായിരുന്നു മുഖ്യമന്ത്രി ആന്റണി ഇന്ദിരാ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. കെ. കരുണാകരന്‍ ഇന്ദിരാ പക്ഷത്തും. ഇന്ദിരാ വിരുദ്ധരെ കേരളത്തിലെ ഐക്യമുന്നണിയില്‍നിന്ന് പുറന്തള്ളി. സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ പക്ഷം കരുത്തു കാട്ടി. ചിക്കമംഗലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നെടുകെ പിളര്‍പ്പുണ്ടായ് ഘട്ടത്തിലാണ് എ.കെ. ആന്റണി മുഖ്യമന്ത്രി പദമൊഴിയുന്നത്.. ഭരണമുന്നണി എ.കെ.ആന്റണി നേതൃത്വം നല്‍കിയ അരസ് കോണ്‍ഗ്രസ് എന്നറിയപ്പെട്ട കോണ്‍ഗ്രസ് (യു) നയിച്ചു. എ.കെ. ആന്റണിയുടെ അവിചാരിതമായ രാജി സൗമ്യനും മികച്ച പാര്‍ലമെന്റേറിയനുമായ സി.പി.ഐ. നേതാവ് പി.കെ. വാസുദേവന്‍ നായരെ മുഖ്യമന്ത്രി പദത്തിലെത്തിച്ചു. 1978 ഒക്ടോബര്‍ 28-ന് പി.കെ.വി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

കെ. ശങ്കരനാരായണന്‍. എം.കെ. ഹേമചന്ദ്രന്‍, കെ.കെ. ബാലകൃഷണന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പകരം കോണ്‍ഗ്രസ് മന്ത്രിമാരായി എസ്. വരദരാജന്‍ നായര്‍, എം.കെ. രാഘവന്‍, എ.എല്‍. ജേക്കബ്, ദാമോദരന്‍ കാളാശ്ശേരി എന്നിവരെ നിശ്ചയിച്ചു. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും നേതൃത്വത്തില്‍ രണ്ടായി. പാര്‍ട്ടി ചെയര്‍മാനെയും ഇ. ജോണ്‍ ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് പകരം മന്ത്രിയെയും തീരുമാനിക്കുന്നതിലായിരുന്നു തര്‍ക്കം. ടി.എസ്. ജോണ്‍ പകരം മന്ത്രിയായി.അതിന് ശേഷമാണ്  പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായത്. ആ മന്ത്രിസഭയില്‍ കെ.എം. മാണിയും ടി.എസ്. ജോണും കെ. നാരായണ ക്കുറുപ്പും മന്ത്രിമാരായി.

പി.കെ.വിയുടെ സ്ഥാനത്യാഗം

സി.പി.ഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് ഇതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തിന്  വേണ്ടിയുള്ള പ്രമേയം പാസ്സാക്കിയിരുന്നു. ഇടതു പക്ഷ ഐക്യം സംജാതമായ സാഹചര്യത്തില്‍ പി.കെ.വി. 1979 ഒക്ടോബര്‍ 7-ന് മുഖ്യമന്ത്രി പദം രാജി വെച്ചു.

ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ട് നയങ്ങള്‍ തമ്മില്‍ വലിയ പോരാട്ടം നടന്നതായി ആ സമ്മേളനത്തില്‍ പങ്കെടുത്ത സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍ക്കുന്നു. എസ്.എ.ഡാങ്കെയായിരുന്നു ഒരു രാഷ്ട്രീയനയത്തിന്റെ ഭാഗത്ത്. അടിയന്തരാവസഥയുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത നടപടികളെയും അടിയന്തരാവസ്ഥാ അതിക്രമങ്ങളെയും ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. അതിന് ശേഷം ഇനിയെന്ത് എന്ന  ആലോചന വന്നു. രാജ്യത്തിന്റെ ഭാവിക്കും വളര്‍ച്ചയ്ക്കും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യമാണ് നല്ലതെന്ന നിലപാടെടുത്തു പാര്‍ട്ടി. 

'ആ സമ്മേളനത്തില്‍ എനിക്ക് നല്ല ഓര്‍മ്മയുള്ള ഒരു കാര്യം. ഈ അഭിപ്രായം സ്വരൂപിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന പി.കെ.വി. തന്നെയായിരുന്നു. ഈ പ്രമേയം പാസ്സായാല്‍ കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വരുമെന്ന് അദ്ദേഹത്തിനറിയാം. മുഖ്യമന്ത്രി സഥാനമല്ല വലുത്, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പാണ് വലുത് എന്ന് മുഖ്യമായ ലക്ഷ്യത്തിന് വേണ്ടി സ്വന്തം സ്ഥാനം കാര്യമാക്കാതെ അതിന് വേണ്ടി പ്രവര്‍ത്തിച്ച നോതാവായിരുന്നു  പി.കെ.വി.' പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

CH Muhammed Koya
സി.എച്ച്. മുഹമ്മദ് കോയ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചെല്ലത്തിനൊപ്പം | ഫോട്ടോ: മാതൃഭൂമി

സി.എച്ച്. മുഖ്യമന്ത്രിപദവിയിലേക്ക്

പി.കെ.വി. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുമ്പോള്‍ ഒരു ബദല്‍ മന്ത്രിസഭയ്ക്കുള്ള സാധ്യത തീരെയില്ലായിരുന്നു. നിയമസഭ പിരിച്ചുവിടരുതെന്ന് ആഗ്രഹമുള്ളവര്‍ ഒരു ബദല്‍ മന്ത്രിസഭയ്ക്കുള്ള സാധ്യതകള്‍ ആരാഞ്ഞു. കോണ്‍ഗ്രസ് (യു)വും ജനത പാര്‍ട്ടിയും മാണി, ജോസഫ് കേരള കോണ്‍ഗ്രസുകളും സി.എച്ചിന് പിന്തുണ നല്‍കി. 1979 ഒക്ടോബര്‍ 12-ന് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അപ്രതീക്ഷിതമായിട്ടായിരുന്നു തന്റെ പിതാവ് മുഖ്യമന്ത്രിയായതെന്ന് മകനും മുന്‍മന്ത്രിയുമായ എം.കെ. മുനീര്‍ ഓര്‍ക്കുന്നു. 'പിതാവ് മുഖ്യമന്ത്രിയാവുന്നതിന് എല്ലാവരും അന്ന് സമ്മതം മൂളി. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ ഒരു ബദല്‍ സംവിധാനത്തില്‍ മന്ത്രിസഭ വരികയാണെങ്കില്‍ സി.എച്ച് മുഹമ്മദ് കോയ അതിന്റെ തലപ്പത്തിരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പറയുകയും ചെയ്തു. ഒരു പാതിരാത്രിയിലാണ് ജനത പാര്‍ട്ടി നേതാവും നിയമസഭാംഗവുമായിരുന്ന  വീരേന്ദ്രകുമാര്‍ അന്ന് മന്ത്രി മന്ദിരമായിരുന്ന ക്ലിഫ് ഹൗസിലേക്ക് കയറി വന്നത്. അദ്ദേഹം അര്‍ധരാത്രി പിതാവിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. എന്താണ് ഈ പാതിരാത്രിയില്‍ എന്ന്  പിതാവ് ചോദിച്ചപ്പോള്‍   ഒരു മുഖ്യമന്ത്രിയെ കാണുന്നതിന് അങ്ങനെ സമയം നോക്കേണ്ടതുണ്ടോ എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി. മുഖ്യമന്ത്രിയോ എന്ന് സി.എച്ച് തിരിച്ചു ചോദിച്ചു. അതെ എന്ന് വീരേന്ദ്രകുമാറും. അങ്ങയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ ഞങ്ങളെല്ലാവരും കൂടി തീരുമാനിച്ചിട്ടുണ്ടെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ച.' ആ സന്ദര്‍ഭം തന്റെ ഓര്‍മ്മയിലുണ്ടെന്ന് എം.കെ. മുനീര്‍ പറഞ്ഞു.

ചടുലനീക്കവും രാജിയും

എന്‍.ഡി.പിയിലെ എന്‍. ഭാസ്‌കരന്‍ നായരും പി.എസ്.പിയിലെ എന്‍.കെ. ബാലകൃഷ്ണനും സി.എച്ച് മന്ത്രിസഭയില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കോണ്‍ഗ്രസ് യുവും സി.എച്ചിനുള്ള പിന്തുണ പിന്‍വലിച്ചതാണ് മന്ത്രിസഭയുടെ ഭാവി തുലാസിലാക്കിയത്. എന്നാല്‍, മാണി ഗ്രൂപ്പിലെ കെ.എ. മാത്യു, പി.ജെ. ജോസഫിനൊപ്പം ചേര്‍ന്ന് സി.എച്ചിനെ പിന്തുണച്ചു.  കെ.എ. മാത്യവും ജനതാദള്‍ ചരണ്‍ സിംഗ് വിഭാഗക്കാരനായ നീലലോഹിത ദാസും മന്ത്രിസഭയിലെത്തി. ഇതിനിടയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസു യു ഇടതുപക്ഷത്തിനൊപ്പം ധാരണയുണ്ടാക്കുകയും ചെയ്തു. 

എറണാകുളത്ത് ചേര്‍ന്ന കോണ്‍ഗ്രസ് യുവിന്റെ കെ.പി.സി.സി. യോഗം സി.എച്ച്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. തീരുമാനം  ഗവര്‍ണറെ രേഖാമൂലം  അറിയിക്കും മുമ്പ് 1979 ഡിസംബര്‍ 1-ന് സി.എച്ച്. ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു.   നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചെല്ലത്തിന് മുഖ്യമന്ത്രി ശുപാര്‍ശയും നല്‍കി. സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസ് യുവും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും അടങ്ങിയ ഇടതു പക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ നേതാവായി കെ.എം. മാണിയെ തിരഞ്ഞെടുത്തു. മാണിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പദമേറാന്‍ കെ.എം. മാണിക്ക് ഭാഗ്യമുണ്ടായില്ല.

മുഖ്യമന്ത്രി സി.എച്ചിന്റെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ജ്യോതി വെങ്കിടാചെല്ലം അപ്പോഴേക്കും നിയമസഭ പിരിച്ചുവിട്ടു. ഭൂരിപക്ഷമില്ലാതിരുന്ന സര്‍ക്കാരിന് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കാന്‍ കഴിയുമോ എന്ന നിയമപ്രശ്നം ഉയര്‍ന്നു വന്നു. സി.എച്ചിന്റെ ശുപാര്‍ശ വന്നത് ഒരേ ദിവസം രാവിലെയും പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് യുവിന്റെ കത്ത് ഗവര്‍ണര്‍ക്ക്  ലഭിക്കുന്നത് ഉച്ചയ്ക്കുമായിരുന്നു. നിയമസഭ പിരിച്ചുവിടാന്‍ സി.എച്ച്. ശുപാര്‍ശ നല്‍കുമ്പോള്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. തുടര്‍ന്ന് കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.

Content Highlights: 1977 Election and four governments | Thiranjeduoou Keralam 08