? കേരളത്തിൽ പുതുമുഖങ്ങളടങ്ങിയ സ്ഥാനാർഥികളാണ് കോൺഗ്രസിന്. എത്രത്തോളം പ്രതീക്ഷയുണ്ട്

* വളരെയധികം വിജയ പ്രതീക്ഷയുണ്ട്‌. കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുസർക്കാരിന്റെ പ്രവർത്തനം ഫലപ്രദമായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരേ അടക്കം ഗുരുതരമായ അഴിമതി ആരോപണങ്ങളാണുയർന്നത്‌. ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു.

? കോൺഗ്രസ് പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണല്ലോ. സോണിയാ ഗാന്ധി അധ്യക്ഷയായിരിക്കുമ്പോൾ...

* ശരിയായിരിക്കാം. കുറച്ചുകൂടി സ്ത്രീകളെ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തേണ്ടിയിരുന്നു. അതിനാൽ സ്ത്രീകൾക്ക് ഇത്രയേ ഇപ്പോൾ നൽകാനായുള്ളൂ. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സാധാരണയിലും കൂടുതൽ മന്ത്രിസ്ഥാനം നൽകാൻ ശ്രമിക്കും. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്ന കാര്യത്തിൽ നിർബന്ധമുള്ളവരാണ്.

? കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ്‌ കെ. സുധാകരൻ, കെ.സി. വേണുഗോപാലാണ് ഹൈക്കമാൻഡ് എന്നടക്കമുള്ള പ്രസ്താവനകളിറക്കി

* എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല. മുതിർന്ന നേതാക്കൾ എല്ലാത്തിനും പ്രതിവിധി കാണും

? സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കാൻ തീരുമാനമെടുത്തപ്പോഴല്ലേ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഇടഞ്ഞതും പട്ടിക നീണ്ടതും

* അല്ല, കോൺഗ്രസിന് തുടക്കംമുതൽ ഒരു നിലപാടുണ്ടായിരുന്നു. ഇത്തവണ 50 ശതമാനം പുതുമുഖങ്ങൾക്ക് നൽകണമെന്ന്. ഒടുവിൽ സ്‌ക്രീനിങ് കമ്മിറ്റിയും തിരഞ്ഞെടുപ്പു കമ്മിറ്റിയും അതിനായി പരിശ്രമിച്ചു. പകുതിയോളം സീറ്റുകൾ വിവിധ വിഭാഗങ്ങളിലെ പുതുമുഖങ്ങൾക്ക് നൽകി. കേരളത്തിലാദ്യമായി ഇത്തവണ കോൺഗ്രസിൽ തലമുറമാറ്റം നടക്കുകയാണ്

? കെ. ബാബുവിന് സീറ്റ് നൽകിയല്ലോ

* അദ്ദേഹത്തിന് അഴിമതി ആരോപണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചല്ലോ. അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി

? ഉമ്മൻചാണ്ടി നേമത്തു മത്സരിക്കുമെന്ന്‌ ആദ്യം കേട്ടു. അദ്ദേഹം പുതുപ്പള്ളി വിടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു

* ശരിയാണ്. അദ്ദേഹം നേമത്തു മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കാരണം ബി.ജെ.പിയുടെ വളർച്ച തടയാൻ അത്തരത്തിലുള്ള ശക്തമായ സന്ദേശം നൽകാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ പുതുപ്പള്ളി മണ്ഡലത്തിലുള്ളവർ അദ്ദേഹത്തെ വിടാൻ തയ്യാറായില്ല. അങ്ങനെയാണ് മുരളിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്

? ഭാവിയിൽ പുതുപ്പള്ളി മണ്ഡലം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് പാർട്ടി നൽകുമോ

* ചാണ്ടി ഉമ്മൻ ഇപ്പോൾ മത്സരിക്കുന്നില്ല. ഭാവിയിൽ എന്താകുമെന്ന് പറയാനാവില്ല

? പി.സി. ചാക്കോ കേരളത്തിൽ എല്ലാം രണ്ടു ഗ്രൂപ്പുകൾ തീരുമാനിക്കുന്നു എന്നാരോപിച്ചാണ് പാർട്ടി വിട്ടത്

* എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ട്. ജനാധിപത്യ പാർട്ടിയിൽ എല്ലായ്‌പ്പോഴും കുറച്ചു ഗ്രൂപ്പുണ്ടാവും. അത് പി.സി. ചാക്കോയുടെ പുതിയ കണ്ടെത്തലല്ല. പക്ഷേ, ഇത്തവണ നമ്മൾ വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. ചാക്കോ ഡൽഹിയുടെ പാർട്ടിച്ചുമതല ഉണ്ടായിരുന്ന ആളാണല്ലോ. 10 വർഷത്തിലധികമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇപ്പോൾ ഡൽഹിയിൽ കോൺഗ്രസ് എവിടെയാണ്. കോൺഗ്രസിന്റെ സ്ഥിതി അവിടെ ദയനീയമാണ്. ആരാണതിന് ഉത്തരവാദി. ഡൽഹി ചുമതലയിൽനിന്ന് മാറ്റിയപ്പോൾ അദ്ദേഹം കുറച്ചു കാത്തിരിക്കണമായിരുന്നു

? ബംഗാളിലടക്കം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില എന്തായിരിക്കും

* മികച്ച പ്രതീക്ഷയാണ് കോൺഗ്രസിന്‌. ബംഗാളും തമിഴ്‌നാടും അസമും പുതുച്ചേരിയും കേരളവും അടക്കം കോൺഗ്രസ് നില മെച്ചമാക്കും

? കേരളത്തിൽ ഇടതുപക്ഷത്തെ എതിരിടുമ്പോൾ ബംഗാളിലടക്കം അവരുമായി കൂട്ടുചേരുന്നു.

* ദേശീയ തലത്തിൽ വർഗീയ-ഫാസിസ്റ്റ് ശക്തികളെ എന്തുവില കൊടുത്തും എതിർക്കണമെന്നാണ് കോൺഗ്രസ് നിലപാട്. വ്യത്യസ്തമായ ആശയങ്ങളാണെങ്കിലും അതിന്റെയടിസ്ഥാനത്തിലാണ് ദേശീയ തലത്തിൽ ഇത്തരമൊരു ധാരണയിലെത്തിയത്.

? കേരളത്തിൽ ബി.ജെ.പിയെ തടയേണ്ട എന്നാണോ

* അക്കാര്യത്തിൽ സി.പി.എമ്മും ചിന്തിക്കണ്ടേ. നമ്മൾ ശക്തമായ സ്ഥാനാർഥികളെ നിർത്തിയത് അതിനാലാണ്. നമ്മൾ ഒരു വർഗീയ കക്ഷിയായും അനുരഞ്ജനമുണ്ടാക്കില്ല

? എന്തായി കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു കാര്യങ്ങൾ. രാഹുൽ പാർട്ടിയുടെ തലപ്പത്ത് തിരിച്ചെത്തുമോ

* നിയമസഭാ തിരഞ്ഞെടുപ്പു കഴിയുന്നതോടെ സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങും. പാർട്ടിക്കകത്ത് എല്ലാവരും രാഹുൽ തിരിച്ചെത്തണമെന്ന ആവശ്യക്കാരാണ്

? കേരളത്തിൽ കള്ളവോട്ട്‌ നടക്കുന്നുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ടോ

* നമ്മൾ കള്ളവോട്ടുകൾ തടയുന്നതിന് ബൂത്തുകമ്മിറ്റികളെ പ്രാപ്തമാക്കും. തുടക്കം മുതൽ നമ്മൾ ബൂത്തു കമ്മിറ്റികളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. 90 ശതമാനം സ്ഥലത്തും ബൂത്തുകമ്മിറ്റികൾ ഉണ്ടാക്കിയിട്ടുണ്ട്

? കേരളത്തിലെ കോൺഗ്രസ് ചുമതലക്കാരെന്ന നിലയിൽ താങ്കളുടെ പ്രധാന വെല്ലുവിളി എന്താണ്

* ഒട്ടേറെ പ്രശ്നങ്ങളുണ്ടവിടെ. സാമ്പത്തികമായി വളർന്ന സംസ്ഥാനമാണ് കേരളം. എങ്കിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.

? സി.പി.എം.- ബി.ജെ.പി. ഡീൽ കേരളത്തിലുണ്ടെന്ന് ആർ.എസ്.എസ്. നേതാവ് ബാലശങ്കർ പ്രസ്താവിച്ചിട്ടുണ്ട്.

* ബി.ജെ.പി. കോൺഗ്രസ് മുക്ത ഭാരതത്തിനായാണ് പ്രവർത്തിക്കുന്നത്. സി.പി.എമ്മും ഒരുതരത്തിൽ അക്കാര്യത്തിൽ ബി.ജെ.പിയോടൊപ്പം ചേരുകയാണ്.

? ലതികാ സുഭാഷ് സ്വതന്ത്രയായി മത്സരിക്കുന്നു

* അതു നിർഭാഗ്യകരമായി. അവർക്ക് സീറ്റു നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർ മത്സിക്കാനാഗ്രഹിച്ച സീറ്റ്‌ നൽകാൻ കേരള കോൺഗ്രസ് തയ്യാറായില്ല. ലതികയുമായി സംസാരിക്കും. അവരുൾപ്പെടെ പല കാരണങ്ങൾകൊണ്ട് പാർട്ടി വിട്ടവരെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കും. അവർക്ക് ഭാവിയിൽ അവസരങ്ങളും നൽകും.