നെടുമങ്ങാട് നിന്നാണ് സിപിഐ നേതാവായ ജി.ആര്‍. അനില്‍ നിയമസഭയിലേക്ക് എത്തുന്നത്. കന്നിയങ്കത്തില്‍ തന്നെ വിജയിച്ച് മന്ത്രിയാകുന്ന ചുരുക്കം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. സി.പി.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അനിലിന്റെ പാര്‍ട്ടിയിലെ സീനിയോരിറ്റികൂടി പരിഗണിച്ചാണ് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഐ തീരുമാനിച്ചത്. 

എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. കിസാന്‍സഭ എന്നിവയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയുമായിരുന്നു. എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ് നിലവില്‍. 

ഔഷധി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഹാന്റക്സിന്റെ ഡയറക്ടറായും കൈത്തറി ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.വി.സുരേന്ദ്രനാഥ്(ആശാന്‍) ട്രസ്റ്റിന്റെ പ്രസിഡന്റ്, കണിയാപുരം സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 

യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും ലോ അക്കാദമി ലോ കോളേജില്‍നിന്ന് എല്‍എല്‍.ബി. ബിരുദവും നേടിയുണ്ട്. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് മൂന്നുതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പത്തുവര്‍ഷം തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലറും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മുന്‍ എം.എല്‍.എ. ഡോ. ആര്‍.ലതാദേവിയാണ് ഭാര്യ.

Content Highlight; G R Anil CPI Member in Pinarayi Ministry