തിരുവനന്തപുരം:  എല്‍.ഡി.എഫ്. തരംഗം ആഞ്ഞുവീശിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016-നെ അപേക്ഷിച്ച് എല്‍.ഡി.എഫിന് അധികം കിട്ടിയത് 5.96% വോട്ടാണ്. പാര്‍ട്ടി സ്വതന്ത്രന്മാരെ കണക്കാക്കാതെയുള്ള വോട്ടിങ് നിലയാണിത്. എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 12.42 ലക്ഷം വോട്ടുകള്‍ അധികം കിട്ടി. 5.96 ശതമാനമാണ് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം. 2016-ല്‍ 9.3 ലക്ഷം വോട്ടുകളാണ് എല്‍.ഡി.എഫിന് കൂടുതല്‍ കിട്ടിയത്. അന്ന് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം 4.62 ശതമാനമായിരുന്നു.

2021, 2016ലെ വോട്ടുനില അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ തവണ 14.65 ശതമാനം വോട്ടുണ്ടായിരുന്ന എന്‍.ഡി.എ. ഇത്തവണ 12.53 ശതമാനത്തിലേക്ക് ചുരുങ്ങി. എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയപ്പോഴാണ് എന്‍.ഡി.എയ്ക്ക് തിരിച്ചടിയുണ്ടായത്. ഇത്തവണത്തെ വോട്ടിങ് ശതമാനത്തില്‍ ഏറ്റവും ശ്രദ്ധേയം സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ വോട്ടിന്റെ നിലയില്‍ 0.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം(സിപി.എം സ്വതന്ത്രന്മാരുടെ വോട്ട് ചേര്‍ക്കാതെയുള്ള കണക്കാണിത്).

വോട്ടുനില മുന്നണി തിരിച്ച്‌

60 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥികള്‍ അഞ്ച്‌ പേരും എല്‍.ഡി.എഫ്. എം.എല്‍.എമാരാണ്. ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടി ജയിച്ചത് പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനനാണ്. 62.49 %. സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം(60,963) നേടി ജയിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്‌ വോട്ടിങ് ശതമാനത്തില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് എം.എം മണിയും(61.8%) നാലാമത് എ.എന്‍. ഷംസീറുമാണ്(61.52%). വോട്ടിങ് ശതമാനം 60 കടന്ന അഞ്ചാമന്‍ കല്യാശ്ശേരിയില്‍ നിന്ന് ജയിച്ച എം. വിജിനാണ്(60.62%). 50 ശതമാനത്തിലേറെ വോട്ട് ലഭിച്ച 20 പേരുണ്ട്.

വോട്ടുനില പാര്‍ട്ടി തിരിച്ച്

50 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിച്ച 20 എല്‍.ഡി.എഫ്. എം.എല്‍.എമാര്‍

പിണറായി വിജയന്‍(ധര്‍മ്മടം-59.61%), വി. ജോയ്(വര്‍ക്കല), പി.എസ്. സുപാല്‍(പുനലൂര്‍), എം. നൗഷാദ്(ഇരവിപുരം), സി.കെ. ആശ(വൈക്കം), എ. രാജ(ദേവികുളം), കെ. രാധാകൃഷ്ണന്‍(ചേലക്കര), എന്‍.കെ. അക്ബര്‍(ഗുരുവായൂര്‍), ഇ.ടി. ടൈസന്‍(കൈപ്പമംഗലം), പി.പി. സുമോദ്(തരൂര്‍), കെ. കൃഷ്ണന്‍കുട്ടി(ചിറ്റൂര്‍), കെ. ബാബു(നെന്മാറ), കെ.ഡി. പ്രസേനന്‍(ആലത്തൂര്‍), പി. നന്ദകുമാര്‍(പൊന്നാനി) ടി.പി. രാമകൃഷ്ണന്‍(പേരാമ്പ്ര), കെ. സച്ചിന്‍ദേവ്(ബാലുശ്ശേരി), എ.കെ. ശശീന്ദ്രന്‍(എലത്തൂര്‍) എം.വി. ഗോവിന്ദന്‍(തളിപ്പറമ്പ്), ഇ. ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട), എം. രാജഗോപാലന്‍(തൃക്കരിപ്പൂര്‍)

മണ്ഡലങ്ങളിലെ വോട്ടുനില

 

യു.ഡി.എഫില്‍ നിന്ന് 50 ശതമാനത്തിലേറെ വോട്ട് നേടി ജയിച്ചത് 14 പേരാണ്

സി.ആര്‍. മഹേഷ്(കരുനാഗപ്പള്ളി), മാണി സി. കാപ്പന്‍(പാലാ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോട്ടയം), റോജി എം. ജോണ്‍(അങ്കമാലി), വി.ഡി. സതീശന്‍(പറവൂര്‍), അനൂപ് ജേക്കബ്(പിറവം), ടി.വി. ഇബ്രാഹിം(കൊണ്ടോട്ടി), പി.കെ. ബഷീര്‍(ഏറനാട്), എ.പി. അനില്‍കുമാര്‍(വണ്ടൂര്‍), യു.എ. ലത്തീഫ്(മഞ്ചേരി), പി. ഉബൈദുള്ള(മലപ്പുറം), പി.കെ. കുഞ്ഞാലിക്കുട്ടി(വേങ്ങര), ആബിദ് ഹുസൈന്‍ തങ്ങള്‍(കോട്ടയ്ക്കല്‍), സജീവ് ജോസഫ്(ഇരിക്കൂര്‍).

Content Highlights: vote share, kerala election results