കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍.എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. ജനങ്ങള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇപ്പോള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് 95 സീറ്റുകളുണ്ട്. മെയ് രണ്ടാം തിയതി ഫലം പുറത്തുവരുമ്പോള്‍ നൂറിലധികം സീറ്റുള്ള ഒരു മുന്നണിയായി ഇടതുപക്ഷം മാറും. ഒരു ചരിത്രവിജയമാണ് ഇവിടെ ഉണ്ടാകാന്‍ പോകുന്നത്. എല്ലാ ജില്ലകളിലും മുന്നേറ്റം ദൃശ്യമാകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

'ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നു. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. മുസ്ലിം,ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതവിശ്വാസികള്‍ക്കും സുരക്ഷിതത്വം നല്‍കിയ സര്‍ക്കാരാണിത്. എല്ലാ ആരാധനാലയങ്ങള്‍ക്കും ഭൗതികമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട്  വിശ്വാസികള്‍ കൂട്ടത്തോടെയാണ് ബുത്തുകളിലേക്കെത്തുന്നത്' കോടിയേരി പറഞ്ഞു.

കഴിഞ്ഞ തവണ എങ്ങനെയോ ഒരു ആക്‌സിഡന്റിലാണ് ബിജെപിക്ക് നേമത്ത് സീറ്റ് ലഭിച്ചത്. ഇത്തവണ അത് സംഭവിക്കാന്‍ പോകുന്നില്ല. കുമ്മനം രാജശേഖരന്റെ പ്രസ്താവനയില്‍ അത് പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹം പരാജയം സമ്മതിച്ചുകഴിഞ്ഞെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.