തിരുവനന്തപുരം: യു.ഡി.എഫിന് 81 സീറ്റുവരെ ലഭിക്കാമെന്ന് ഡി.സി.സി. പ്രസിഡന്റുമാരുടെ യോഗം വിലയിരുത്തി. 75-81 സീറ്റുവരെ ലഭിക്കാമെന്നാണ് ജില്ലയില്‍നിന്നുള്ള കണക്കുകള്‍. 20 മണ്ഡലങ്ങളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും സമാസമമാണ് സാധ്യത.

തിരുവനന്തപുരം-ഏഴ്, കൊല്ലം-അഞ്ച്, ആലപ്പുഴ-അഞ്ച്, പത്തനംതിട്ട-മൂന്ന്, കോട്ടയം-അഞ്ച്, എറണാകുളം-11, ഇടുക്കി-നാല്, തൃശ്ശൂര്‍-അഞ്ച്, പാലക്കാട്-അഞ്ച്, മലപ്പുറം-ലീഗിന്റെ സീറ്റുകള്‍ കൂടാതെ കോണ്‍ഗ്രസിനുമാത്രം മൂന്ന്, കോഴിക്കോട്-അഞ്ച്, വയനാട്-രണ്ട്, കണ്ണൂര്‍-നാല്, കാസര്‍കോട്-രണ്ട് എന്നിങ്ങനെയാണ് ഡി.സി.സി. പ്രസിഡന്റുമാര്‍ മുന്നോട്ടുവെച്ച സീറ്റുകളുടെ കണക്ക്.

കടുത്ത മത്സരം നടന്ന നേമം, നെടുമങ്ങാട്, കഴക്കൂട്ടം, കായംകുളം, പത്തനാപുരം, ചടയമംഗലം, കയ്പമംഗലം, ചേലക്കര, കളമശ്ശേരി, ഒറ്റപ്പാലം, ചിറ്റൂര്‍, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും പകുതിവീതമാണ് സാധ്യത. കേരള കോണ്‍ഗ്രസുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ചങ്ങനാശ്ശേരി, തിരുവല്ല, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഫോട്ടോ ഫിനിഷായിരിക്കും. കെ.കെ. രമ മത്സരിച്ച വടകരയിലും കടുത്തമത്സരം നടന്ന പാലായിലും യു.ഡി.എഫ്. വിജയിക്കുമെന്ന് യോഗം വിലയിരുത്തി. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം ഏറ്റവും ബാധിച്ചത് കുന്നത്തുനാട്ടിലാണ്. എന്നാല്‍, അവര്‍ പിടിക്കുന്ന വോട്ടിനെ മറികടന്ന് ഇവിടെ 5000 വോട്ടിനെങ്കിലും വിജയിക്കും. സി.പി.എമ്മില്‍ ആഭ്യന്തര തര്‍ക്കങ്ങളുള്ള ആലപ്പുഴയില്‍ യു.ഡി.എഫിന് അതിന്റെ പ്രയോജനംകൂടി ലഭിക്കും. അമ്പലപ്പുഴയില്‍ 3000 വോട്ടിനെങ്കിലും എം. ലിജു ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പോസ്റ്റല്‍ ബാലറ്റിന്റെ കണക്കും മറ്റും അധികൃതരോട് ചോദിച്ച് വ്യക്തത വരുത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ചില മണ്ഡലങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നെങ്കിലും അവ പിന്നീട് പരിശോധിക്കാമെന്നു പറഞ്ഞ് മാറ്റി. ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.