മികച്ച പാര്‍ലമെന്റേറിയനെന്ന് പേരെടുത്ത, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ പി. രാജീവ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുന്നത് അര്‍ഹിക്കുന്ന അംഗീകാരം മാത്രം. പത്തു വര്‍ഷമായി മുസ്ലിം ലീഗ് വിജയിക്കുന്ന കളമശ്ശേരിയില്‍ കടുത്ത വെല്ലുവിളി അതിജീവിച്ച് 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ അര്‍ഹിച്ച സ്ഥാനം തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 

സ്‌കൂള്‍ കാലം മുതലേ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു രാജീവ്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി തിളങ്ങിയ അദ്ദേഹം പിന്നീട് എറണാകുളത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. ജോയിന്റ് സെക്രട്ടറിയുമായി. 2009-ല്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2016 വരെയുള്ള രാജ്യസഭാ കാലഘട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്. രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍, എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന അംഗങ്ങളായ അരുണ്‍ ജെയ്റ്റ്‌ലിയും (ബി.ജെ.പി.) ഗുലാംനബി ആസാദും (കോണ്‍ഗ്രസ്) വരെ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമുയര്‍ത്തിയതു തന്നെ ആ പ്രവര്‍ത്തനമികവിനുള്ള തെളിവാണ്.

പാര്‍ലമെന്റിലേക്ക് നല്‍കിയ സംഭാവന പരിഗണിച്ച് സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യസഭ പി. രാജീവിന് യാത്രയയപ്പ് നല്‍കിയത്. ഐ.ടി. ആക്ടിലെ വിവാദമായ 66(എ) വകുപ്പിനെതിരെ രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയം ദേശീയശ്രദ്ധ നേടി. (ഈ നിയമം പിന്നീട് സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.) രാജ്യസഭയിലെ ചെയര്‍മാന്‍ പാനല്‍ അംഗവും അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

2013-ല്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയെ രാജ്യത്തെ പ്രതിനിധീകരിച്ച് അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കര്‍ എന്നിവര്‍ക്കൊപ്പം ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘങ്ങളിലും അംഗമായിരുന്നു. എം.പി. ഫണ്ട് ഉപയോഗിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു സംസ്ഥാനങ്ങളിലെ എം.പിമാരുടെ ഫണ്ടും പൊതു-സ്വകാര്യ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ടും സ്വകാര്യ സംഭാവനകളും ഏകോപിപ്പിച്ചുള്ള മാതൃകയും രാജീവിന്റെ നേട്ടങ്ങളാണ്. 

രാജ്യസഭാ കാലഘട്ടത്തിനു ശേഷം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായ രാജീവ് 2018 വരെ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് മത്സരിച്ചെങ്കിലും ഹൈബി ഈഡനെതിരേ പരാജയമറിഞ്ഞു. അഞ്ചു പുസ്തങ്ങളുടെ കര്‍ത്താവായ രാജീവ് നിലവില്‍ ദേശാഭിമാനി മുഖ്യപത്രാധിപര്‍ കൂടിയാണ്.

Content Highlight; Ernakulam gets Cabinet member through P Rajeev