കൊച്ചി: തൊഴിൽ പ്രധാന പ്രചാരണ ആയുധമാക്കാൻ സി.പി.എം. ഒരുങ്ങുന്നു. തൊഴിലില്ലായ്മ തിരഞ്ഞെടുപ്പിൽ ഉയർന്നുവരുമെന്നതിനാൽ, അതിനെ പ്രതിരോധിക്കാൻ സി.പി.എം. പോഷക സംഘടനകളെ ഒന്നിച്ചണിനിരത്തുകയാണ്. തൊഴിൽരഹിതരുടെ പ്രതിഷേധത്തിന് തടയിടാനും സി.പി.എമ്മിന്റെ എക്കാലത്തെയും പ്രധാനമുദ്രാവാക്യമായ തൊഴിലിനെ തിരിച്ചുപിടിക്കാനുമാണ് നീക്കം.

തൊഴിലില്ലായ്മയുടെയും തൊഴിൽനഷ്ടത്തിന്റെയും പിന്നിൽ കേന്ദ്രസർക്കാരും കേന്ദ്ര നയങ്ങളുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രചാരണമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പാർട്ടിക്കെതിരേ ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങളെ കേന്ദ്ര സർക്കാരിലേക്ക് വിഴിതിരിച്ചുവിടുകയാണ് ലക്ഷ്യം. ഇതിനായി തൊഴിലാളി യൂണിയനുകളെയും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു ജനകീയ പ്രസ്ഥാനത്തിന് തുടക്കമിടാനാണ് തീരുമാനം. സമരങ്ങൾക്ക് നേതൃത്വംകൊടുക്കാനുള്ള ഉത്തരവാദിത്വം ഈ മൂന്ന് വിഭാഗങ്ങളെയും പാർട്ടി എൽപ്പിച്ചു.

സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. എന്നീ പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് പ്രചാരണ പരിപാടികൾക്ക് പൊതുധാരണ ഉണ്ടാക്കാനാണ് നിർദേശം. അതിന്റെ ഭാഗമായി ഈ മൂന്ന് പ്രസ്ഥാനങ്ങളിലുള്ളവരെ സംഘടിപ്പിച്ച് സംസ്ഥാന കൺവെൻഷൻ ചേർന്നു. ഇതിന്റെ തുടർച്ചയായി സംഘടനകൾ സംയുക്തമായി പ്രകടനങ്ങളും യോഗങ്ങളും സമരപരിപാടികളും സംഘടിപ്പിക്കും.