യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ കേരളത്തില്‍ ഭരണം നേടുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. യുഎന്നില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ കാലഹരണപ്പെട്ട പ്രത്യശാസ്ത്രത്തിന്റെ വക്താക്കളായ സിപിഎമ്മിനെയും വര്‍ഗ്ഗീയ പാര്‍ട്ടിയായ ബിജെപിയെയും വേണ്ടെന്ന് വെച്ച് താന്‍ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന, മികച്ച സാമ്പത്തിക നയങ്ങളുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് തരൂര്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'നാളെയെക്കുറിച്ച് ചിന്തിക്കാനുള്ള കാഴ്ചപ്പാട് ഇടതുപക്ഷത്തിനില്ല. ലോകത്തെല്ലാവരും ഉപേക്ഷിച്ച, പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഐഡിയോളജി മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം ഇനിയും ഈ നാട് ഭരിക്കുവാന്‍ ആഗ്രഹിക്കുന്നതും അതിന് അവസരം ചോദിക്കുന്നതും. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ പദ്ധതികള്‍ അടങ്ങിയ ബ്ലൂ പ്രിന്റാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം' - ശശി തരൂര്‍ പറയുന്നു.