നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കാതെ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താന്‍ സ്ഥാനാര്‍ഥിയാകണോ വേണ്ടയോ എന്നത് പാര്‍ട്ടി നിശ്ചയിക്കേണ്ട കാര്യമാണെന്നും അതിനെപ്പറ്റി തീരുമാനം വന്ന ശേഷം മറുപടി പറയാമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

"ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അതാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിക്കട്ടെ. അപ്പോള്‍ അതിന്റെ മറുപടി പറയാം" - കുമ്മനം പറഞ്ഞു.  

മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയൊരു പടപ്പുറപ്പാടാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും അത് തീര്‍ച്ചയായും എന്‍.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കുമെന്നും കുമ്മനം പറഞ്ഞു.

ശബരിമല പ്രക്ഷോഭത്തില്‍ ചില ശരികള്‍ ഉള്ളതുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും എന്നാല്‍, അതിനെ മറയാക്കി രാജ്യത്തിനെതിരായ സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത് ക്രൂരമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.