തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ കനത്ത പ്രചാരണ ചൂടിലാണ് കൊല്ലം. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും പ്രധാന വോട്ട് ബാങ്കാകുന്ന ജില്ല. എല്‍.ഡി.എഫിന്റെ കോട്ട തന്നെയാണ് കൊല്ലം എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ എല്‍.ഡി.എഫ്. വിജയം. ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിലുണ്ടാക്കാന്‍ കഴിഞ്ഞ മുന്നേറ്റത്തിന്റെയും ആത്മവിശ്വാസമുണ്ട് പാര്‍ട്ടിക്ക്. പ്രളയത്തിലും നിപയിലും കോവിഡിലുമെല്ലാം കൂടെ നിന്ന സര്‍ക്കാരിനെ കൊല്ലം കൈവിടില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരങ്ങളും അഴിമതി ആരോപണങ്ങളും വികസനങ്ങളും ഒരുപോലെ ചര്‍ച്ചയാകുകയാണ് ഇവിടെ.