മന്ത്രിസഭയിലേക്ക് സി.പി.ഐ.യില്‍ നിന്ന് ഇത്തവണയും പുതുമുഖങ്ങള്‍ തന്നെയായിരിക്കും എന്നാണ് വിവരങ്ങള്‍. അങ്ങനെയെങ്കില്‍ അവര്‍ ആരൊക്കെ എന്ന ചോദ്യവും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. പി. പ്രസാദ് (ചേര്‍ത്തല), ഇ.കെ. വിജയന്‍ (നാദാപുരം) ജെ. ചിഞ്ചുറാണി (ചടയമംഗലം), കെ. രാജന്‍ (ഒല്ലൂര്‍) ചിറ്റയം ഗോപകുമാര്‍ (അടൂര്‍), പി.എസ്. സുപാല്‍ (പുനലൂര്‍) എന്നിവരെയാണ് സിപിഎം പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

കൊല്ലം ജില്ലാ പ്രതിനിധിയായി ചിഞ്ചുറാണി അല്ലെങ്കില്‍ സുപാല്‍ മന്ത്രിയാകും. സി.പി.ഐക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള തൃശ്ശൂരില്‍ നിന്നും പ്രതിനിധി ഉണ്ടാകും. ഇവിടെ കെ. രാജന്റെ പേരിനൊപ്പം മുതിര്‍ന്ന നേതാവ് പി. ബാലചന്ദ്രനും പരിഗണനയിലുണ്ട്. നാല് മന്ത്രിമാരായിരുന്നു കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നത്. ഇതിനുപുറമേ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ചീഫ് വിപ്പ് പദവിയുമുണ്ടായിരുന്നു.