കോവിഡുകാലത്തെ രണ്ടാം തിരഞ്ഞെടുപ്പിന് കേരളം ചൊവ്വാഴ്ച ബൂത്തിലെത്തുകയാണ്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിച്ച ചട്ടങ്ങളൊക്കെ ഇത്തവണയും ബൂത്തിനു പുറത്തും അകത്തുമുണ്ട്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തിൽ ഒരു ജീവനക്കാരൻ അധികമായുണ്ടാകും, ഫെസിലിറ്റേറ്റർ എന്ന പേരിൽ.

ജോലി-തെർമൽ സ്കാനർ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് നോക്കുക, സാനിറ്റൈസർ നൽകുക തുടങ്ങിയവ. കൂടാതെ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നോ എന്നുറപ്പാക്കാൻ ഓരോ കേന്ദ്രത്തിലും ഒരാളും ഇത്തവണയുണ്ട്. ഒരു ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം ആയിരമാണ്. വോട്ടിങ് സമയം നക്‌സൽബാധിത പ്രദേശങ്ങളിൽ രാവിലെ ഏഴുമുതൽ ആറുവരെ. മറ്റിടങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ.