കോഴിക്കോട്:അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്നതിന് വിധി എഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പരസ്യപ്രചാരണത്തിന് ഇന്നലെ വൈകീട്ടോടെ കൊടിയിറങ്ങിയെങ്കിലും അവസാന മണിക്കൂറുകളിലും ഓരോ വോട്ടും ഉറപ്പിക്കുന്ന തിരിക്കിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നും മുന്നണി നേതാക്കള്‍ രംഗത്തെത്തി. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ പിന്തുണ തേടിയുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അവസാന ദിനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി. ബിജെപി ഇതേറ്റെടുക്കുകയും ചെയ്തു. മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാകുമെന്ന് പറഞ്ഞ് മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതോടെ വിവാദത്തിന് തത്കാലം ശമനം വന്നു. വിഷയത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയെ തള്ളി പറഞ്ഞു.
സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരിയില്‍ ബിജെപി ആര്‍ക്ക് വോട്ട് ചെയ്യുമെന്നതിനുള്ള ആശയക്കുഴപ്പം ഇതുവരെ പരിഹക്കാനായില്ല. മനഃസാക്ഷി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം കേന്ദ്ര മന്ത്രി വി.മുരളീധരന് തള്ളി. നേരത്തെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിനനുസൃതമായി സി.ഒ.ടി.നസീറിന് തന്നെ വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് മുരളീധരന് പറഞ്ഞു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന നസീര്‍ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫ് ക്യാമ്പ് പൊതുവേ ശാന്തമായിരുന്നു. അതേ സമയം വിവിധ മണ്ഡലങ്ങളില്‍ പോസ്റ്റര്‍ ആരോപണങ്ങളും മറ്റും ഉയര്‍ന്നു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് തലവെട്ടിമാറ്റിയതടക്കമുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നത്.
ഇതിനിടെ വോട്ടെടുപ്പിനുള്ള സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിലേക്ക് എത്തിച്ചുതുടങ്ങി.

ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ അതത് വിതരണകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതലാണ് വിതരണം ചെയ്തു തുടങ്ങിയത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷായാണ് ഏര്‍പ്പാടാക്കുക.കേരളപോലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ നേതൃത്വം വഹിക്കും. പോലീസിന്റെ വിവിധ പട്രോള്‍ സംഘങ്ങള്‍ക്കുപുറമേ, നക്സല്‍ബാധിത പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.