കുമളി:  ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സായുധ സേനയെ വിന്യസിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുള്ള ഇരട്ട വോട്ട് തടയുന്നതിനാണ്  നടപടി.  കുമളി, ബോട്‌മേട്ട്, കമ്പം മേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ആണ് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുള്ളത്.  അതിര്‍ത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും രേഖകള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധിക്കും. 

തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ ഇരട്ട വോട്ട് ചെയ്യുന്നത് തടയാനാണ് നടപടി.  അതിര്‍ത്തി കടന്നെത്തുന്നവര്‍ യാത്രാ ലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മാത്രമെ അതിര്‍ത്തി കടത്തി കേരളത്തിലേക്ക് വിടുകയുള്ളുവെന്നാണ് കേന്ദ്ര സേന അറിയിച്ചിട്ടുള്ളത്.   കേന്ദ സേനയോടൊപ്പം പോലീസിനെയും ചെക്ക് പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.  അതിര്‍ത്തി അടയ്ക്കണം എന്ന ആവശ്യം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നോട്ട് വെച്ചെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി കേന്ദ്ര സേനയെ വിന്യസിച്ച് ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Content Highlight: Double Voting: Central Forces Deployed on  Idukki kerala Tamilnadu Border