കല്‍പറ്റ: വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അനില്‍കുമാര്‍ അറിയിച്ചു. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രെയാംസ്‌കുമാര്‍ എം.പി അനില്‍കുമാറിന് പാര്‍ട്ടി അംഗത്വം നല്‍കി

അവഗണ സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലും അവഗണിച്ചു. ഡിസിസി പ്രസിഡന്റ് മാത്രമാണ് സഹകരിച്ചത്. സംഘടനാ തലത്തില്‍ കൂടിയാലോചന നടക്കുന്നില്ലെന്ന പരാതി അറിയിച്ചിരുന്നു. മാനസിക സംഘര്‍ഷത്തിനൊടുവിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഇതെങ്കിലും കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തലമുതിര്‍ന്ന നേതാവായിരുന്ന പി.കെ ഗോപാലന്റെ മകന്‍ കൂടിയായ അനില്‍കുമാര്‍ തോട്ടം തൊഴിലാളി മേഖലയില്‍ സ്വാധീനമുള്ള നേതാവാണ്.

Content Highlights: P K Anilkumar joins LJD