തണുപ്പിന്റെ പുതപ്പിനുള്ളില്‍ ആലസ്യത്തിലാഴ്ന്നു കിടക്കാറുള്ള മഞ്ഞുകാലത്ത് ഇക്കുറി പതിവില്ലാത്തവിധം തിളച്ചുമറിയുകയായിരുന്നു, വയനാട്.
ചിരകാല സ്വപ്നമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനവുമാണ് വയനാടിനെ സമര മുഖത്തേക്ക് നയിച്ചത്. പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍കോളേജായി സര്‍ക്കാര്‍ ഉയര്‍ത്തി.
പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിനെതിരേയുള്ള സമരങ്ങള്‍ അവസാനിച്ചിട്ടില്ല. മെഡിക്കല്‍കോളേജും പരിസ്ഥിതിലോല മേഖലയുടെ ആശങ്കകളും തന്നെയാവും ജില്ലയിലിക്കുറി തിരഞ്ഞെടുപ്പിലെ പ്രധാന ആയുധങ്ങള്‍. ജീവല്‍പ്രശ്നങ്ങള്‍ ആര്‍ക്കുള്ള വോട്ടാവുമെന്നതാണ് മുന്നണികളുടെ ആധി.
കണക്കുകളില്‍ എന്നും യു.ഡി.എഫിന്റെ കോട്ടയായ വയനാട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ, മുന്‍വിധികളെല്ലാം തെറ്റിച്ചിരുന്നു. മൂന്നു മണ്ഡലങ്ങളില്‍ സുല്‍ത്താന്‍ബത്തേരി മാത്രം ഐക്യമുന്നണിക്കൊപ്പം നിന്നപ്പോള്‍ കല്പറ്റയും മാനന്തവാടിയും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. പിന്നീടു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയതോടെ ചിത്രമാകെ മാറി. ആഞ്ഞുവീശിയ രാഹുല്‍ തരംഗത്തില്‍ പിടിച്ചുനില്ക്കാന് എല്‍.ഡി.എഫ്. നന്നേ ക്ലേശിച്ചു. അതുപക്ഷേ, രാഹുലിനുള്ള വ്യക്തിപരമായ വോട്ടായിരുന്നുവെന്ന് ആശ്വസിക്കാനുള്ള വക തദ്ദേശതിരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് നല്കി.
സംസ്ഥാനത്താകെ ഇടതുമുന്നേറ്റമുണ്ടായപ്പോഴും വയനാട്ടില്‍ പിടിച്ചു നില്‍ക്കാനായതിന്റെ ആശ്വാസം യു.ഡി.എഫിനുമുണ്ട്. ഏറക്കുറെ ഒപ്പത്തിനൊപ്പം നിന്ന തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഒരുപോലെ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട് ഇരു കൂട്ടര്‍ക്കും. പരമാവധി ശക്തി തെളിയിക്കുകയാണ് ബി.ജെ.പി.യുടെ ഉന്നം.
ഏക ജനറല്‍ സീറ്റായ കല്പറ്റയില് ആരൊക്കെയാവും സ്ഥാനാര്ഥികളായെത്തുക എന്നതാണ് ആകാംക്ഷയേറെയുള്ള കാര്യം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കല്പറ്റയില് മത്സരിക്കാനെത്തിയേക്കുമെന്ന വാര്‍ത്തയാണ് ജില്ലയിലെ തിരഞ്ഞെടുപ്പു രംഗത്തെ ഉണര്‍ത്തിയത്. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ കോണ്‍ഗ്രസില്‍ മറ്റു ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാവുള്ളൂ. അങ്ങനെയെങ്കില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ജില്ലയിലെ നേതാക്കളായ എന്‍.ഡി. അപ്പച്ചന്, കെ.സി. റോസക്കുട്ടി തുടങ്ങിയവര്‍ പരിഗണിക്കപ്പെടും.
ജില്ലയിലെ യുവനേതാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിലും സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ലീഗിലും ശക്തമായുണ്ട്.
സീറ്റ് എല്‍.ജെ.ഡി.ക്ക് നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായാലേ ഇടതുപക്ഷത്തെ ചിത്രം വ്യക്തമാവൂ. സി.പി.എം. തന്നെ മത്സരിച്ചാല്‍ നിലവിലെ എം.എല്‍.എ. സി.കെ. ശശീന്ദ്രനു തന്നെയാണ് സാധ്യതയേറെ.
പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ് മാനന്തവാടിയും ബത്തേരിയും. മാനന്തവാടിയില്‍ നിലവിലെ എം. എല്‍.എ. ഒ.ആര്. കേളു സി.പി.എം. സ്ഥാനാര്ഥിയായെത്തുമെന്നും എതിരിടാന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി വരുമെന്നും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിന്റെ ഏക സിറ്റിങ് മണ്ഡലമായ ബത്തേരിയില്‍ നിലവിലെ എം.എല്‍.എ.യും ഡി.സി.സി. പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണന് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ബത്തേരി നഗരസഭാ ചെയര്മാന് ടി.കെ. രമേശ് ഉള്‍പ്പെടെയുള്ളവരെ ചുറ്റിപ്പറ്റിയാണ് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം തുടരാന്‍ പറ്റിയ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. രംഗത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
2016
എല്‍.ഡി.എഫ്.2
1. കല്പറ്റ
2. മാനന്തവാടി
യു.ഡി.എഫ്.1
സുല്‍ത്താന്‍ ബത്തേരി