കല്പറ്റ/മാനന്തവാടി/സുല്‍ത്താന്‍ബത്തേരി: സുഗന്ധവിളകളുടെ നാടെന്ന വയനാടിന്റെ പദവി തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി എം.പി. വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം. ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക രംഗം സ്തംഭിച്ചിരിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യുന്ന കാലത്ത് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. യഥാര്‍ഥത്തില്‍ രണ്ടു തിരഞ്ഞെടുപ്പാണ് നമുക്ക് മുന്നിലുള്ളത്. ഒന്ന്, ജനദ്രോഹ നടപടി തുടരുന്ന സര്‍ക്കാരിനെതിരേയുള്ള തിരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയത്തെ പരാജയപ്പെടുത്തി സുസ്ഥിര വികസനം സാധ്യമാക്കുന്ന സര്‍ക്കാരാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. മറ്റൊന്ന് വയനാടിന്റെ ഭാവിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്.

മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിന് പകരം, ആ പേരില്‍ ഒരു ബോര്‍ഡ് വെക്കുകമാത്രമാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ബോര്‍ഡായിരുന്നു പ്രശ്‌നമെങ്കില്‍ ജില്ലയിലുടനീളം നൂറുകണക്കിന് ബോര്‍ഡുകള്‍ വെക്കാന്‍ യു.ഡി.എഫിനാവുമായിരുന്നു. ജില്ലയ്ക്ക് വേണ്ടത് ഗുരുതര രോഗികള്‍ക്കടക്കം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചിട്ടും അത് യാഥാര്‍ഥ്യമാക്കിയില്ല.

ബഫര്‍ സോണ്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍നിന്ന് ലഭിച്ച മറുപടി പ്രകാരം എല്‍.ഡി.എഫ്. സര്‍ക്കാരില്‍നിന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രഖ്യാപനം ഉണ്ടായതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വയനാടിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അതിപ്രധാന ഘടകങ്ങളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ബഫര്‍ സോണ്‍, മനുഷ്യ വന്യമൃഗ സംഘര്‍ഷം തുടങ്ങിയവയില്‍ ജനപക്ഷത്ത് നില്‍ക്കാനും പരിഹാരമുണ്ടാക്കാനും യു.ഡി.എഫിന് പരമാവധി വോട്ടുകള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ തന്റെ സ്വാധീനം സര്‍ക്കാരില്‍ ചെലുത്താനാകുമെന്നും അതുവഴി വയനാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പാക്കും. അതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാസം ആറായിരം രൂപയും വര്‍ഷം 72,000 രൂപയും ഉറപ്പാക്കും. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക സ്തംഭനം ഇവ മൂന്നിനും പരിഹാരമാവാന്‍ ന്യായ് പദ്ധതിക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കല്പറ്റയിലെ പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു. താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ എം.പി., പി.പി.എ. കരീം, എന്‍.ഡി. അപ്പച്ചന്‍, വെറോണിക, കാന്താ നായിക്, കെ.കെ. അഹമ്മദ് ഹാജി, കെ.എല്‍. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, പി. ഇസ്മായില്‍, ടി.ജെ. ഐസക്, പി.പി. ആലി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Rahul Gandhi Wayanad Election Campaign