കല്പറ്റ: ''ങ്ങള് എം.എല്‍.എ. ആയ കാലത്താണ് ഇവിടെ കുടിവെള്ളമെത്തിയത്. ഇനിയിങ്ങോട്ട് റോഡുകൂടി ശരിയാക്കിത്തരണം. വോട്ടൊക്കെ ഉറപ്പാണ്'' -പറയുന്നത് നാട്ടിപ്പാറ കോളനിയിലെ കളത്തില്‍ ചന്ദ്രിക. വോട്ടഭ്യര്‍ഥിച്ചുകൊണ്ട് എം.വി. ശ്രേയാംസ് കുമാര്‍ എത്തിയപ്പോഴാണ് ചന്ദ്രിക തന്റെ നയം വ്യക്തമാക്കിയത്.

വോട്ടെടുപ്പിന് മൂന്നുനാള്‍മാത്രം ബാക്കിനില്‍ക്കെ കല്പറ്റ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍ വെള്ളിയാഴ്ച ദിനം മാറ്റിവെച്ചത് ഈ നാടിന്റെ ഉടയോരായ ആദിവാസികളെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അറിയാനുമായിരുന്നു. മണ്ഡലത്തിലെ ആദിവാസി ഊരുകളിലൂടെ സഞ്ചരിച്ച സ്ഥാനാര്‍ഥി വോട്ടര്‍മാരുടെ വിഷയങ്ങള്‍ സാകൂതം കേട്ടു.

രാവിലെ ഏഴിന് ആലന്‍തട്ട കോളനിയില്‍നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. പണിക്ക് പോകാനായി അതിരാവിലെ വീട്ടില്‍നിന്നിറങ്ങുന്നവരെകൂടി കാണാനാണ് സന്ദര്‍ശനം നേരത്തെയാക്കിയത്. കുടിവെള്ളപ്രശ്‌നമടക്കം തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കോളനിവാസികള്‍ പങ്കുവെച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന ഉറപ്പ് നല്‍കിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

16 വീടുകളുള്ള മഞ്ഞളേരി കോളനിക്കാര്‍ക്ക് പറയാനുണ്ടായിരുന്നത് ശ്മശാനം ഇല്ലാത്തതിനെക്കുറിച്ചായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ കിലോമീറ്ററുകളോളംദൂരം സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥ കോളനിക്കാര്‍ വിവരിച്ചു. പഞ്ചായത്ത് അധികൃതരുടെകൂടി സഹായത്തോടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് പറഞ്ഞ് സ്ഥാനാര്‍ഥി തൊട്ടടുത്തുള്ള നായാടിപ്പൊയില്‍ കോളനിയിലേക്ക് നീങ്ങി.

കോളനി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ തെക്കുംതറയില്‍ താമസിക്കുന്ന തന്റെ അധ്യാപകന്‍ ഗോപാലകൃഷ്ണന്‍ മാഷിന്റെ വീട്ടിലെത്തി അനുഗ്രഹം തേടാനും ശ്രേയാംസ് മറന്നില്ല. എസ്.കെ.എം.ജെ. സ്‌കൂളിലെ ശാസ്ത്രാധ്യാപകനായിരുന്ന മാഷിപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. തന്റെ പഴയ വിദ്യാര്‍ഥി നാടറിയുന്ന നേതാവായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ മാഷ് വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്.

തുടര്‍ന്ന് നടുക്കുനി, കള്ളംപെട്ടി, പുലിമുണ്ട, വാട്ടവള്ളിക്കുന്ന് കോളനികളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി. ''ജയിക്കല് ങള് എന്തായാലും ജയിക്കും. കോളനിയിലെ പിള്ളേര്‍ക്ക് കളിക്കാന്‍ കുറച്ചു പന്ത് കൊണ്ടുത്തരണം'' - വാട്ടവള്ളിക്കുന്ന് കോളനിയിലെ കുള്ളന്‍ മൂപ്പന്റെ അഭ്യര്‍ഥനകേട്ട സ്ഥാനാര്‍ഥിയും ഒപ്പമുള്ളവരും പന്ത് മാത്രമല്ല മറ്റു കായികോപകരണങ്ങളുമെത്തിക്കാം എന്ന് ഉറപ്പു നല്‍കി.

ഉച്ചയാകുമ്പോഴേക്കും കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷം മരവയല്‍ തറവാട്ടില്‍ നടന്ന കുടുംബയോഗത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. 33 കുടുംബങ്ങളില്‍ നിന്നായി നൂറിനടുത്ത് പേര്‍ പങ്കെടുത്ത യോഗത്തില്‍ എല്‍.ജെ.ഡി. നേതാവും കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.പി. ശിവാനന്ദന്‍ മുഖ്യാതിഥിയായി.

മാനവികതയുടെയും സഹജീവിസ്‌നേഹത്തിന്റെയും അടിസ്ഥാനപ്രമാണങ്ങളാണ് കോവിഡ് കാലം പഠിപ്പിച്ചതെന്ന് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. വിശക്കുന്നവന് മുന്നില്‍ ദൈവം അപ്പമായി അവതരിക്കുമെന്നരുള്‍ചെയ്ത യേശുക്രിസ്തുവും ഉറുമ്പിനു പോലും ഭക്ഷണം കരുതിവെച്ച ശിബി ചക്രവര്‍ത്തിയും അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്നാഹ്വാനംചെയ്ത പ്രവാചക തിരുമേനിയും നമ്മെ മാനവികതയുടെ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും ഭക്ഷണക്കിറ്റുകളും സൗജന്യ റേഷനും വിതരണം ചെയ്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതും ഇതേ മാനുഷികതയുടേയും സഹജീവി സ്‌നേഹത്തിന്റേയും അടിസ്ഥാനപ്രമാണങ്ങളാണ്.

കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മരവയല്‍ പ്രദേശത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയടക്കം എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച സ്ഥാനാര്‍ഥി അതിന്റെ തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫ്. സര്‍ക്കാര്‍തന്നെ വരേണ്ടതുണ്ടെന്നും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു. വൈകീട്ട് കണിയാമ്പറ്റ പഞ്ചായത്തിലാണ് പ്രചാരണം തുടര്‍ന്നത്.

Content Highlights: MV Shreyams Kumar election campaign kalpetta