കല്പറ്റ: മണ്ഡലത്തിലെ വ്യാപാരികളെ കണ്ട്, ജി.എസ്.ടി.യും നോട്ടുനിരോധനവും പ്രളയവും അവര്‍ക്കേല്‍പ്പിച്ച പ്രതിസന്ധികളെ കേള്‍ക്കുകയായിരുന്നു വ്യാഴാഴ്ച കല്പറ്റ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍. മണ്ഡലത്തിലെ വ്യാപാര മേഖലയുടെ അനുഗ്രഹംതേടി അദ്ദേഹം കടകമ്പോളങ്ങള്‍ കയറിയിറങ്ങി.

വ്യാഴാഴ്ച രാവിലെ 11-ന് പടിഞ്ഞാറത്തറ ടൗണിലായിരുന്നു വ്യാപാരിസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. പലചരക്ക് കടകളിലും ടെക്‌സ്‌റ്റൈല്‍ഷോറൂമുകളിലും ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം കയറി കടയുടമകളോടും ഉപഭോക്താക്കളോടും സംസാരിച്ചു, വോട്ടഭ്യര്‍ഥന നടത്തി. ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരോട് അല്പനേരം കുശലസംഭാഷണം നടത്തിയശേഷം നേരെ കാവുംമന്ദത്തേക്ക് തിരിച്ചു.

ചെന്നലോട് സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും തൊട്ട് മുമ്പിലെ ലൂയിസ് മൗണ്ട് ആശുപത്രിയിലും കയറിയ ശ്രേയാംസിനെ മദര്‍ ഗ്രേസി, സിസ്റ്റര്‍ ബ്രിജിത്ത്, ഡോക്ടര്‍മാരായ മെഹബൂബ് റസാഖ്, പി.കെ. ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കാവുംമന്ദത്തെ കുടുംബശ്രീ തയ്യല്‍യൂണിറ്റായ സ്മാര്‍ട്ട് അപ്പാരല്‍സിലേക്കാണ് സ്ഥാനാര്‍ഥി ആദ്യംചെന്നത്. അവിടെ തയ്യല്‍ജോലി ചെയ്യുകയായിരുന്ന ഷൈലജയോടും സുമയോടും വോട്ടഭ്യര്‍ഥന നടത്തിയശേഷം ടൗണിലേക്ക് നടന്നുകയറി. ടൗണിലെ കടകള്‍ ഒന്നൊഴിയാതെ കയറിയിറങ്ങവേയാണ് ഐക്കരത്താഴത്ത് സെബാസ്റ്റ്യന്‍ നടത്തുന്ന ബ്രദേഴ്‌സ് മില്ലിലെത്തുന്നത്. ''ഇങ്ങോട്ടൊന്നും പറയണ്ട. വോട്ട് ചെയ്യും. ഇവിടെ വരുന്നവരോടൊക്കെ വോട്ട് ചെയ്യാന്‍ പറയുകയും ചെയ്യും. വലിയ ഭൂരിപക്ഷത്തിന് ജയിക്കും. ധൈര്യമായി പോയിട്ട് വാ'' -അടിയുറച്ച ഇടത് അനുയായിയായ സെബാസ്റ്റ്യന് സംശയമേതുമില്ല.

സ്ഥാനാര്‍ഥിയുടെ പര്യടനപരിപാടി പുരോഗമിക്കവേ പാട്ടും മേളവുമായി ഒരുസംഘം വിദ്യാര്‍ഥികള്‍ കാവുമന്ദം അങ്ങാടിയില്‍ വന്നിറങ്ങി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം ഫ്‌ളാഷ്മോബുമായി എത്തിയ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരായിരുന്നു അത്. നട്ടുച്ചയിലെ പൊരിവെയിലിനെ വകവെക്കാതെ അവര്‍ നടുറോഡില്‍ നൃത്തവിസ്മയം തീര്‍ത്തു.

ഇതിനിടെ കാലിക്കുനി മേലേപാലവയല്‍ തറവാട്ടിലും സ്ഥാനാര്‍ഥി കയറി. തറവാട്ടുകാരണവര്‍ നൂറുവയസ്സുപിന്നിട്ട അച്ചപ്പന്‍ നേരിട്ടാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്‌നവും ട്രൈബല്‍ വകുപ്പില്‍ വീട് അനുവദിച്ചിട്ടും നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കാത്ത കാര്യവും ശ്രേയാംസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജയിച്ചാല്‍ കുടിവെള്ളം എത്തിക്കുന്നതിനും വീടുപണി പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.വി. ശ്രേയാംസ് കുമാര്‍ ഉറപ്പുനല്‍കി.

ഉച്ചകഴിഞ്ഞ് മൂന്നിന് കല്പറ്റ ഗൂഡലായ് റോഡിലെ കനറാ ബാങ്ക് പരിസരത്തുനിന്നാണ് വ്യാപാരിസമ്പര്‍ക്ക പരിപാടി തുടങ്ങിയത്. എല്‍.ഡി.എഫ്. നേതാക്കളുടെ ഒരുനിരതന്നെ സ്ഥാനാര്‍ഥിക്കൊപ്പം കടകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിക്കാനുണ്ടായിരുന്നു. സഹകാരികളുടെ സംഘടനയായ കോപ്‌ഫെഡ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥിക്ക് അഭിവാദ്യമായെത്തി. നേരമിരുട്ടുംവരെ വ്യാപാരിസമ്പര്‍ക്ക പരിപാടി നീണ്ടു.

Content Highlights: MV Shreyams Kumar election campaign kalpetta