മാനന്തവാടി: 1965 മുതല്‍ ഇതുവരെയുള്ള 56 വര്‍ഷത്തില്‍ കൂടുതലും കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു മാനന്തവാടിയുടെ മനസ്സ്. 1965-ലും 1967-ലും ഇടതുപക്ഷത്തെ കെ.കെ. അണ്ണന്‍ വിജയമാവര്‍ത്തിച്ചു. 1970-ല്‍ എം.വി. രാജന്റെ വിജയത്തിലൂടെ മാനന്തവാടി കോണ്‍ഗ്രസിനൊപ്പമായി. അന്നുമുതല്‍ 2001വരെ നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെയും കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയം നേടുകയും മാനന്തവാടി കോണ്‍ഗ്രസിന്റെ കോട്ടയായി മാറുകയുംചെയ്തു.

വര്‍ഷങ്ങള്‍ക്കുമുമ്പ് കൈവിട്ടുപോയ മണ്ഡലം 2006-ല്‍ കെ.സി. കുഞ്ഞിരാമന്റെ വിജയത്തിലൂടെ എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചു. 2011-ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിലെത്താന്‍ എല്‍.ഡി.എഫിനായില്ല. മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മി ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍ മന്ത്രിയായി. എന്നാല്‍, 2016-ലെ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയെത്തന്നെ സ്ഥാനാര്‍ഥിയാക്കി വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചെങ്കിലും ജയലക്ഷ്മിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ ഒ.ആര്‍. കേളു വിജയിച്ചു.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ ശക്തമായ പോരാട്ടത്തിന് വേദിയാവുകയാണ് മാനന്തവാടി. മാറിമറിയുന്ന മാനന്തവാടിയുടെ തിരഞ്ഞെടുപ്പുചരിത്രം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. നാലിന് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും.

എല്‍.ഡി.എഫ്.

വനത്താല്‍ ചുറ്റപ്പെട്ട തിരുനെല്ലിയുടെ പാതകള്‍ ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണ്. പെട്ടെന്നുണ്ടായതല്ല ഇവിടെയുള്ള വികസനങ്ങളൊന്നും. ഒരുപാടുനാളത്തെ കാത്തിരിപ്പിന്റെയും പോരാട്ടങ്ങളുടെയും ഫലമായാണ് തിരുനെല്ലിയുടെ മുഖംമാറിയത്. റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി അടിസ്ഥാനമേഖലയില്‍ മികച്ചമാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത് വോട്ടായിമാറുമെന്നാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഒ.ആര്‍. കേളു പറയുന്നത്. നാട്ടുകാരനായതിനാല്‍ ഇവിടെയുള്ള എല്ലാവരുടെയും പേരെടുത്തു വിളിച്ച് വോട്ടുചോദിക്കാനുള്ള പരിചയമുണ്ട് കേളുവിന്. പത്തുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായും അഞ്ചുവര്‍ഷം പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായും പ്രവര്‍ത്തിച്ചാണ് 2016-ല്‍ നിയമസഭയിലെ കന്നിയങ്കത്തിനിറങ്ങിയത്.

തിരുനെല്ലിമേഖലയിലായിരുന്നു വെള്ളിയാഴ്ച പര്യടനം. പി.വി.എസ്. പ്ലാന്റേഷനിലെ തോട്ടംതൊഴിലാളികളെ നേരില്‍ക്കണ്ട് അവസാനവട്ട വോട്ടും ഉറപ്പിച്ചു. പിന്നീട് അപ്പപ്പാറയിലായിരന്നു പര്യടനം. ദുഃഖവെള്ളിയായതിനാല്‍ അപ്പപ്പാറ പള്ളിയിലും മഠത്തിലും വോട്ടുതേടി. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രവും അപ്പപ്പാറ ആമക്കാവും സന്ദര്‍ശിച്ചു. വോട്ടര്‍മാരെ കാണുന്ന നെട്ടോട്ടത്തിനിടെ 'മാതൃഭൂമി' പ്രതിനിധിയോട് കേളു മനസ്സുതുറന്നു: ''മാനന്തവാടി മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വോട്ടുചോദിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മണ്ഡലത്തിലുണ്ടായ വലിയമാറ്റങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ടുകണ്ടാലറിയാം. മുഖച്ഛായ മാറ്റിയ വര്‍ഷങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇനിയും മാറ്റംവരണം. തുടങ്ങിവെച്ച ഒരുപാട് പദ്ധതികളുണ്ട്. അതെല്ലാം നടപ്പാക്കണമെങ്കില്‍ ഭരണത്തുടര്‍ച്ച ആവശ്യമാണ്'' -അദ്ദേഹം പറഞ്ഞു.

തിരുനെല്ലിക്ഷേത്രത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ചും എം.എല്‍.എ.യുടെ വികസനഫണ്ടില്‍നിന്ന് പണം ചെലവഴിച്ചും നടത്തിയ പാപനാശിനി വികസനവും ക്ഷേത്രമുറ്റത്ത് മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചതും നേട്ടമായി എം.എല്‍.എ. പറയുന്നു. ''വന്യമൃഗശല്യമാണ് മേഖലയിലെ പ്രധാന പ്രശ്‌നം. ബാവലി-ദാസനക്കര ഫെന്‍സിങ് പ്രവര്‍ത്തനത്തിന് അലൈന്‍മെന്റ് തുടങ്ങി. വിജയിച്ചുവന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കണം. ഗ്രാമീണറോഡുകള്‍ മുഴുവന്‍ ഹൈടെക്കാക്കിമാറ്റണം. സ്വപ്നപദ്ധതിയായ വയനാട് മെഡിക്കല്‍ കോളേജ് 2022-ഓടെ പൂര്‍ണസജ്ജമാക്കണം. ജലജീവന്‍പദ്ധതിയിലൂടെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം'' -ഇതെല്ലാണ് എം.എല്‍.എ.യുടെ മനസ്സിലുള്ള വലിയ ആശയങ്ങള്‍.

കുടിയൊഴിപ്പിച്ചുകൊണ്ട് തൊണ്ടാര്‍പദ്ധതി നടപ്പാക്കില്ലെന്നാണ് എം.എല്‍.എ.യുടെയും പക്ഷം. പട്ടയം ലഭിക്കാത്തവര്‍ക്കെല്ലാം അതുനല്‍കണമെന്നതാണ് വലിയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്.

കോളനികളിലായിരുന്നു മുന്‍മന്ത്രിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ പി.കെ. ജയലക്ഷ്മിയുടെ പര്യടനം. എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ കോളനികള്‍ സന്ദര്‍ശിച്ച് അവസാനവട്ടപര്യടനം തകൃതി. 2011-'16 കാലയളവില്‍ മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് വോട്ടുപിടിത്തം. നീര്‍വാരത്ത് പര്യടനത്തിനിടെയാണ് ജയലക്ഷ്മി സംസാരിച്ചത്. ആരോഗ്യം, കാര്‍ഷികമേഖല, ടൂറിസം തുടങ്ങിയവ മുന്‍നിര്‍ത്തി ജില്ലയിലെ മൂന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥികളും മുന്നോട്ടുവെക്കുന്ന സമഗ്രവികസനരേഖ ഒന്നിച്ചുനടപ്പാക്കുമെന്ന് അവര്‍പറഞ്ഞു. വയനാട് എം.പി. രാഹുല്‍ഗാന്ധിയുടെ സഹായവും ഒന്നിക്കുമ്പോള്‍ ജില്ലയെ ഒറ്റക്കെട്ടായിനിന്ന് മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയും. മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ആശിക്കും ഭൂമി ആദിവാസികള്‍ക്ക്, സമ്പൂര്‍ണ ഭവനപദ്ധതികള്‍ എന്നിവ വീണ്ടും നടപ്പാക്കാനാണ് പ്രഥമപരിഗണനയെന്നും അവര്‍ പറഞ്ഞു.

12-ാം മൈല്‍ പുരിഞ്ഞിയിലെ സഹോദരീസംഗമത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ജയലക്ഷ്മിയുടെ വോട്ടഭ്യര്‍ഥന. മാനന്തവാടിക്കാരിയായ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രിയായിരുന്നപ്പോള്‍ ഒപ്പംനിന്നതിനാല്‍ ആ സ്‌നേഹം വോട്ടായിമാറുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

എന്‍.ഡി.എ.

മാനന്തവാടി നഗരസഭയിലെ പിലാക്കാവ് കാക്കുന്നത്ത് തറവാട്ടിലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറ പര്യടനം തുടങ്ങിയത്. തറാട്ട് തറവാട്, കോളിമൂല തറവാട് എന്നിവിടങ്ങളിലും പഞ്ചാരക്കൊല്ലിയിലെ കോളനിയിലും പര്യടനം നടത്തി. വെള്ളമുണ്ട പഞ്ചായത്തിലെ കണ്ടത്തുംവയല്‍ കോളനി, പിലാച്ചാല്‍ കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ കണ്ടു.

മാനന്തവാടിയിലെ പട്ടികജാതി-വര്‍ഗക്കാരുടെ വികസനത്തിനായി ഇടതു-വലതു സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. ''കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് വോട്ടാകും. ബഫര്‍സോണ്‍, തൊണ്ടാര്‍പദ്ധതികള്‍ എന്നിവ സമഗ്രപഠനം നടത്തിമാത്രമേ ചിന്തിക്കുകയുള്ളൂ'' -അദ്ദേഹം പറഞ്ഞു.

Content Highlights: Mananthavady assembly constituency election