കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കല്പറ്റയെച്ചൊല്ലിയാണ് വയനാടിന്റെ ആകാംക്ഷ മുഴുവൻ. ആകെയുള്ള മൂന്നുമണ്ഡലങ്ങളിൽ ഏക ജനറൽസീറ്റായ കല്പറ്റയിൽ കണ്ണുവെച്ച് കോൺഗ്രസിൽ നേതാക്കളുടെ പടതന്നെയുണ്ട്. ഇടയിൽ പാർട്ടിവിട്ട് നേതാക്കൾ പലരും പുറത്തുപോവുകയും നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയരുകയും ചെയ്തതതോടെ ഡി.സി.സി. ഓഫീസായ രാജീവ് ഭവൻ ചർച്ചകളുടെ കേന്ദ്രമായി. 

കഴിഞ്ഞദിവസം പാർട്ടിവിട്ടതായി പരസ്യമായി പ്രഖ്യാപിച്ച കെ.കെ. വിശ്വനാഥൻ ഉൾപ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും മറ്റുമായി ഡി.സി.സി. ഓഫീസ് പതിവില്ലാത്തവിധം പിരിമുറുക്കത്തിലായിരുന്നു ബുധനാഴ്ചയും. രാവിലെമുതൽ നേതാക്കളുടെ വാഹനങ്ങൾ എത്തിത്തുടങ്ങി. വ്യാഴാഴ്ച ചേരുന്ന ഡി.സി.സി. യോഗത്തിനു മുന്നോടിയായി പ്രധാന നേതാക്കളുടെ യോഗമാണ് ബുധനാഴ്ച ചേർന്നത്. വ്യാഴാഴ്ച കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങിയ നേതാക്കൾ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ കാണാനെത്തുന്നുണ്ട്. ഡി.സി.സി. യോഗത്തിലും നേതാക്കൾ പങ്കെടുക്കും.

കെ.കെ. വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടുപോവില്ലെന്ന് ഉറപ്പാക്കിയ ബുധനാഴ്ചത്തെ യോഗം കല്പറ്റയിൽ ഉൾപ്പെടെ പ്രാദേശികതലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങാനും ധാരണയായി. കല്പറ്റയിൽ സ്ഥാനാർഥിയാരെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ തുടരുകയാണ്. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനാണ് ഇപ്പോൾ കൂടുതൽ സാധ്യതയെങ്കിലും വ്യാഴാഴ്ച മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയ്കുശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. തിരുവമ്പാടി, കല്പറ്റ സീറ്റുകൾ സംബന്ധിച്ച ചർച്ചയെ ആശ്രയിച്ചാവും സിദ്ദിഖിന്റെ വരവ്. മാനന്തവാടിയിൽ പി.കെ. ജയലക്ഷ്മിയും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

കെ.കെ. വിശ്വനാഥനെ അനുനയിപ്പിച്ചപ്പോൾ എം.എസ്. വിശ്വനാഥൻ പോയി

കഴിഞ്ഞദിവസം കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസിൽനിന്ന് രാജിവെച്ച മുതിർന്ന നേതാവ് കെ.കെ. വിശ്വനാഥൻ പാർട്ടി വിടില്ലെന്ന് ഡി.സി.സി. നേതൃത്വം വ്യക്തമാക്കി. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. ചർച്ചയ്കുപോലും സാവകാശമില്ലാത്തവിധത്തിലാണ് ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ പാർട്ടി വിട്ടുപോയത്. എന്നാലും വിട്ടുപോയവർക്കുമുന്നിൽ കോൺഗ്രസിന്റെ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.

കെ.പി.സി.സി. സെക്രട്ടറി എം.എസ്. വിശ്വനാഥൻ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ടെങ്കിലും ബുധനാഴ്ച അതും യാഥാർഥ്യമായി. സി.പി.എം. നേതാക്കളായ സി.കെ. സഹദേവൻ, കെ. റഫീഖ് എന്നിവർക്കൊപ്പം കല്പറ്റ പ്രസ്‌ക്ലബ്ബിലെത്തിയാണ് വിശ്വനാഥൻ രാജി പ്രഖ്യാപിച്ചത്. ജില്ലയിലെ കോൺഗ്രസ് നേതൃത്വം പാടെ പരാജയമാണെന്ന് വിശ്വനാഥൻ ആരോപിച്ചു. നേതൃത്വത്തിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് നേതാക്കൾ തുടരെത്തുടരെ പാർട്ടി വിടുന്നതും എതിർപാളയത്തിൽ ചേക്കേറുന്നതും കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.