കല്പറ്റ: വയനാട് ജില്ലയില്‍ ആകെയുള്ള മൂന്ന് നിയോജകമണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ യു.ഡി.എഫിന് വിജയം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. രണ്ട് മണ്ഡലങ്ങളില്‍ വിജയം നേടിയിരുന്നെങ്കിലും യു.ഡി.എഫിനോട് വയനാട് ജില്ലക്കുള്ള പ്രത്യേക അനുഭാവം പ്രകടമാക്കുന്ന രീതിയിലായിരുന്നു പിന്നീട് നടന്ന ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ദേശീയ നേതാവായ രാഹുല്‍ ഗാന്ധിയുടെ സ്വാധീനവും ഇനിയും പരിഹരിക്കപ്പെടാത്ത ജില്ലയുടെ അടിസ്ഥാനപ്രശ്‌നങ്ങളും ഒരു പരിധി വരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ അലയടിച്ച ഇടതുതരംഗം ചുരം കേറിയെത്താന്‍ അനുവദിക്കാത്തതാവണം ഒരു പ്രധാന കാരണം. 

ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ ഇടതുസ്ഥാനാര്‍ഥിയായ എം.വി. ശ്രേയാംസ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്ന രീതിയിലായിരുന്നു ആദ്യഘട്ടഫലങ്ങള്‍ പുറത്തുവന്നത്. പിന്നീട് യു.ഡി.എഫിന്റെ ടി. സിദ്ദീഖിനായി ലീഡ്. വോട്ടെണ്ണലിന്റെ വീണ്ടുമൊരു ഘട്ടത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് കൂടിയായ ശ്രേയാംസ് കുമാര്‍ മുന്നിലെത്തിയെങ്കിലും 5470 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അന്തിമവിജയം കോണ്‍ഗ്രസ്സിന്റെ ടി. സിദ്ദീഖ്‌ നേടി. 70,252 വോട്ടുകളാണ് സിദ്ദീഖ്‌ നേടിയത്. എം. വി. ശ്രേയാംസ് കുമാറിന് 64,782 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ സുബീഷ് ടി.എം. 14,113 വോട്ടുകളാണ് നേടിയത്. 

സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍ 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. 81,077 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.   എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ എം.എസ്. വിശ്വനാഥന്‍ 69/255 വോട്ടുകള്‍ നേടി. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ വ്യക്തമായ ലീഡ് ഐ.സി. ബാലകൃഷ്ണന്‍ ഉറപ്പാക്കിയിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് ബത്തേരിയില്‍ നിലനിര്‍ത്താനായി. ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ. ജാനു 15,198 വോട്ടുകള്‍ നേടി. 

മാനന്തവാടിയില്‍ എല്‍.ഡി.എഫിനുള്ള ആധിപത്യം നിലനിര്‍ത്താന്‍ ഒ.ആര്‍. കേളുവിന്റെ വിജയത്തിലൂടെ സാധ്യമായി. തൊട്ടടുത്ത എതില്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിന്റെ പി.കെ. ജയലക്ഷ്മിയേക്കാള്‍ 9,282 വോട്ടുകളുടെ ഭൂരിപക്ഷം മുതിര്‍ന്ന നേതാവായ കേളുവിന് നേടാനായി. വോട്ടെണ്ണല്‍ പകുതിയോളം പിന്നിടുമ്പോള്‍ തന്നെ ഒ.ആര്‍. കേളു വിജയം ഉറപ്പാക്കിയിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി പള്ളിയറ മുകുന്ദന് 13,142 വോട്ടുകളാണ് ലഭിച്ചത്. പി.കെ. ജയലക്ഷ്മി കോണ്‍ഗ്രസ്സിന്റെ വനിതാ സ്ഥാനാര്‍ഥികളില്‍ പ്രമുഖയായിരുന്നിട്ടും എല്‍.ഡി.എഫിന് മണ്ഡലം നിലനിര്‍ത്താനായി. 

രാവിലെ എട്ടുമണിയോടെ തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജില്ലയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഇടതുപക്ഷം വ്യക്തമായ ആധിപത്യം ആദ്യഘട്ടങ്ങളില്‍ തന്നെ ഉറപ്പാക്കിയിരുന്നെങ്കിലും വയനാട്ടില്‍ സ്ഥിതി മാറി വന്നു. മൂന്നില്‍ രണ്ട് സീറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഒരു മണ്ഡലം നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്. 

Content Highlights: Kerala Assembly Election 2021 Results Wayanad