കല്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടുയർന്നെങ്കിലും ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ വ്യക്തതയായില്ല. പോയ തിരഞ്ഞെടുപ്പിലെ എതിരാളികൾതന്നെ വീണ്ടും പോരിനിറങ്ങുമെന്നു കരുതുന്ന മാനന്തവാടിയിൽ മാത്രമാണ് കാര്യങ്ങൾക്ക് അല്പം വ്യക്തതയുള്ളത്. 1307 വോ‌ട്ടിനാണ് ഇവിടെ 2018ൽ ഒ.ആർ. കേളു അന്നത്തെ ഉമ്മൻചാണ്ട‌ി മന്ത്രിസഭാംഗമായിരുന്ന പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. സി.പി.എമ്മിനുവേണ്ടി ഒ.ആർ. കേളുതന്നെ മത്സരരംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കേന്ദ്രങ്ങളിൽ നിന്നെതിർപ്പുയർന്നെങ്കിലും ജയലക്ഷ്മി കോൺഗ്രസ് സ്ഥാനാർഥിയായി എത്തുമെന്നാണ് കരുതുന്നത്.

സുൽത്താൻബത്തേരിയിൽ നിലവിലെ എം.എൽ.എയും ഡി.സി.സി. പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിയായ എം.എസ്. വിശ്വനാഥൻ മത്സരരംഗത്തേക്കുവരുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ ആധിയുണ്ട്. യു.ഡി.എഫ്. ശക്തികേന്ദ്രമായ ബത്തേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. നഗരസഭാ ചെയർമാൻ ടി.​െക. രമേശ് ഉൾപ്പെടെയുള്ളവരെ ചുറ്റിപ്പറ്റിയാണ് സി.പി.എമ്മിലെ ചർച്ചയെങ്കിലും അപ്രതീക്ഷിത സ്ഥാനാർഥി ഇടതുമുന്നണിയിൽ നിന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കല്പറ്റയെച്ചൊല്ലിയാണ് കോൺഗ്രസിൽ ഇപ്പോഴും ചർച്ചകൾ മുറുകുന്നത്. കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കല്പറ്റയിൽ മത്സരിച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. പുറത്തുനിന്ന് സ്ഥാനാർഥികളെ െകാണ്ടുവരുന്നതിൽ ജില്ലയിലെ നേതാക്കൾക്കിടയിൽ വലിയ അതൃപ്തിയുണ്ട്.

പുറത്തുനിന്ന് സ്ഥാനാർഥികളെ കൊണ്ടുവരുന്നതിനെതിരേ നേരത്തേ ലീഗ് നേതാക്കളും പരസ്യമായി രംഗത്തുവന്നിരുന്നു. പി.കെ. അനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിവിട്ടത് എങ്ങനെ ബാധിക്കുമെന്നും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. ഇടതു മുന്നണിയിലെ സീറ്റുവിഭജനം പൂർത്തിയായാലേ കല്പറ്റയിലെ സ്ഥാനാർഥിയുെട കാര്യത്തിൽ തീരുമാനമാവുകയുള്ളൂ. മുന്നണി ധാരണ പ്രകാരം സീറ്റ് എൽ.ജെ.ഡിക്ക് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെ‌ടുപ്പ് അടുത്തവേളയിൽ നേതാക്കൾ പാർട്ടിവിടുന്നതിന്റെ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. പരമ്പരാഗതമായി കോൺഗ്രസ് കോട്ടയായി കരുതുന്ന വയനാട്ടിൽ 2016 ൽ മൂന്നിൽ രണ്ടു സീറ്റും എൽ.ഡി.എഫിനായിരുന്നു. ബത്തേരിമാത്രമാണ് അന്ന് അവർക്കൊപ്പം നിന്നത്. അന്നത്തെ തിരഞ്ഞെടുപ്പിൽ പടലപ്പിണക്കങ്ങളാണ് വിനയായതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇത്തവണയും പടലപ്പിണക്കങ്ങൾ പാരയാവാതിരിക്കാനുള്ള കരുതലിലാണ് അവർ.