തൃശൂര്‍: നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന് വിജയം. 1,215 വോട്ടിന്റെ ലീഡാണ് ബാലചന്ദ്രനുള്ളത്. പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം മാത്രമാണ് നേടാനായത്. 

മാറി മറിഞ്ഞ ലീഡ് നിലയായിരുന്നു തുടക്കം മുതല്‍ തൃശൂര്‍ മണ്ഡലത്തിലുണ്ടായിരുന്നു. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ നേടാനായില്ല. പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഘട്ടത്തില്‍ പത്മജയ്ക്കായിരുന്നു ലീഡ്. എന്നാല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ലീഡ് നില മാറിമറിഞ്ഞു. എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ലീഡ് പിടിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഡ് വീണ്ടും മാറിമറിഞ്ഞു. പിന്നീട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി ബാലചന്ദ്രനായിരുന്നു മേല്‍ക്കൈ. മറ്റൊരു ഘട്ടത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ പത്മജ വീണ്ടും ലീഡ് പിടിച്ചു. എന്നാല്‍, ഒടുവില്‍ വിജയം ബാലചന്ദ്രനെ തുണയ്ക്കുകയായിരുന്നു. 

മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ സിറ്റിങ് സീറ്റാണ് തൃശൂര്‍. 2016 തെരഞ്ഞെടുപ്പില്‍ 53,664 വോട്ടുകളാണ് സുനില്‍ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ രണ്ടാമതായിരുന്നു. 46,677 വോട്ടുകളാണ് പത്മജക്ക് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ ബി. ഗോപാലകൃഷ്ണന്‍ 24,748 വോട്ടുകള്‍ നേടി.