തൃശൂര്‍: ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി എടുത്ത് ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തോറ്റാല്‍ എംപി ഫണ്ടില്‍ നിന്നും അതുമല്ലെങ്കില്‍ വീട്ടില്‍ നിന്നും ഒരു കോടി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

" ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്, ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം." - അദ്ദേഹം പറഞ്ഞു. 

" ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി."- സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Suresh Gopi's viral speech at Thrissur