തൃശ്ശൂര്‍: കുന്നംകുളം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ. ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്. ഇന്ന് വെളുപ്പിന് നാലരക്കായിരുന്നു കല്ലേറ് നടന്നത്. കെ. ജയശങ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നു. വീടിന്റെ ഇരു വശങ്ങളിലെയും ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീടിന്റെ പൂമുഖത്ത് റീത്തും വെച്ചിരുന്നു.

കുന്നംകുളം എ.സി.പി, സി.ഐ, എസ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇന്നലെ കല്യാണ മണ്ഡപത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്ലേറ് നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.

കെ.ജയശങ്കറിന്റെ പ്രചാരണജാഥക്ക് നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്നും അക്രമം നടത്തിയവരെ പിടികൂടിയില്ലെന്നും ആരോപിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ രാത്രി പത്തിന് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കാട്ടകാമ്പാല്‍ ചിറയ്ക്കല്‍ സെന്ററില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സ്ഥാനാര്‍ഥി കെ. ജയശങ്കര്‍ പങ്കെടുത്ത ജാഥ ചിറയ്ക്കല്‍ സെന്ററില്‍ എത്തിയപ്പോള്‍ സമീപത്തെ കല്യാണ മണ്ഡപത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞെന്നാണ് പരാതി. സംഭവത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. പോലീസ് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ആരോപിച്ച് സ്ഥാനാര്‍ഥി കെ. ജയശങ്കറിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ജോസഫ് ചാലിശ്ശേരി, എം.എസ്. മണികണ്ഠന്‍, എ.എം. നിതീഷ്, വര്‍ഗീസ് ചൊവ്വന്നൂര്‍, വിഘ്നേശ്വര പ്രസാദ് തുടങ്ങിയവരും സ്ഥലത്തെത്തി.

പോലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഷാര്‍ കോട്ടോല്‍ ആരോപിച്ചു. പരിക്കേറ്റവരുടെ മൊഴി എടുക്കാമെന്നും കുറ്റക്കാരുടെ പേരില്‍ നടപടിയെടുക്കാമെന്നും എ.സി.പി. അനീഷ് വി. കോര ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

കല്യാണ മണ്ഡപത്തില്‍ പെരുന്തിരുത്തി സ്വദേശിയുടെ വിവാഹ ഒരുക്കങ്ങളാണ് നടന്നിരുന്നത്. ഇവിടേക്ക് വന്ന വാഹനം തടയുകയും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ അക്രമിക്കുകയുമായിരുന്നെന്ന് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ടി.കെ. വാസു, എം.എന്‍. സത്യന്‍ എന്നിവര്‍ പറഞ്ഞു.

കല്യാണ മണ്ഡപത്തില്‍ കയറി അക്രമം നടത്തിയതില്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും മുന്‍വൈരാഗ്യമാണെന്നും അക്രമം നടത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പേരില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Content Highlights: Stones hurled at UDF candidate K.Jayasankar's house