തൃശ്ശൂര്‍: ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി.പി.ഐയുടെ ഇ.ടി. ടൈസനാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. 

ബി.ജെ.പി. നേതാവ്‌ എ.എന്‍. രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍.എസ്.പി. യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍.എസ്.പി. നിലപാട്‌. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍.എസ്.പി. കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. 

ഇതോടെ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി.

മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിന്‍ സ്ഥാനാര്‍ഥിയാകാനാണ്‌ സാധ്യത. കയ്പമംഗലത്തിന് പകരം ധര്‍മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് ലഭിച്ചത്.

Content Highlights:RSP leader Muhammed Nahas joins BJP