വികസനനേട്ടങ്ങളുയര്‍ത്തി എല്‍.ഡി.എഫ് 

വന്‍വിജയം സമ്മാനിച്ച വോട്ടര്‍മാരുടെ വികസനമോഹങ്ങള്‍ പരമാവധി നിറവേറ്റാനായെന്ന ആത്മവിശ്വാസമാണ് എല്‍.ഡി.എഫ്. പ്രതീക്ഷ. 2011-ലെ 7-6 എന്ന നിലയില്‍നിന്ന് 2016-ല്‍ 12-1 എന്ന നിലയിലേയ്ക്ക് മുന്നണിയുടെ സീറ്റ് നിലവാരം ഉയര്‍ന്നത് വലിയ അംഗീകാരമായിത്തന്നെ അവര്‍ കണ്ടു. പ്രത്യുപകാരമെന്ന വിധം മന്ത്രിസഭാ പ്രാതിനിധ്യത്തിലും പരിഗണനയുണ്ടായി. അഞ്ചുവര്‍ഷത്തെ ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളുയര്‍ത്തി ഏറെ നേരത്തെതന്നെ വോട്ടര്‍മാര്‍ക്കരികിലേയ്ക്ക് എല്‍.ഡി.എഫെത്തി.

തദ്ദേശത്തിരഞ്ഞെടുപ്പിനെ ഒരു ഡ്രസ് റിഹേഴ്സലായി അവര്‍ കണ്ടിരുന്നു. മാസങ്ങള്‍ മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ആഘാതം വരും തിരഞ്ഞെടുപ്പുകളിലുണ്ടാവരുതെന്ന തീരുമാനത്തില്‍ കൃത്യമായ ഗൃഹപാഠവുമാരംഭിച്ചു. 13 മണ്ഡലങ്ങളിലെ തൃശ്ശൂരില്‍ മാത്രമാണ് വോട്ടുശതമാനത്തില്‍ എല്‍.ഡി.എഫ്. പുറകോട്ട് പോയത്. കയ്പമംഗലത്തും കുന്നംകുളത്തും ഗുരുവായൂരിലും യു.ഡി.എഫിനെക്കാള്‍ ഏറെ മികച്ച വോട്ടിങ് ശതമാനം അവര്‍ക്കുണ്ടായി. തദ്ദേശത്തിരഞ്ഞെടുപ്പ് തന്ന ഈ ഊര്‍ജത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ മുന്‍പോട്ടുള്ള കരുക്കള്‍ നീക്കിയത്.

ആദ്യമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. നല്ല തുടക്കമിട്ടു. സിറ്റിങ് സീറ്റുകളില്‍ മൂന്നിടത്തും നിലവിലെ എം.എല്‍.എ.മാരെത്തന്നെ മത്സരിപ്പിക്കാന്‍ അവര്‍ ധൈര്യം കാട്ടിയത് വികസനപ്രവര്‍ത്തനങ്ങളുയര്‍ത്തി വോട്ട് തേടാമെന്ന വിശ്വാസത്തില്‍ തന്നെയാണ്. അല്‍പ്പം വൈകി പ്രഖ്യാപിച്ച നാട്ടികയില്‍ പുതുമുഖമെങ്കിലും മണ്ഡലത്തിന് സുപരിചിതനും അനുഭവസമ്പന്നനുമായ നേതാവിനെത്തന്നെ തിരഞ്ഞെടുത്തു.

നാല് പുതുമുഖ സ്ഥാനാര്‍ഥികളുമായാണ് സി.പി.എം. എത്തിയത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരിയുള്‍പ്പെടെ, ഉറച്ച ഇടത് മണ്ഡലമെന്ന വിശേഷണമില്ലാത്ത സീറ്റുകള്‍, സ്വന്തമാക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പുറകിലുണ്ട്. തര്‍ക്കമൊന്നുമുയരാതെ, കൃത്യസമയത്ത് പ്രചാരണമാരംഭിക്കാനായത് ഗുണം ചെയ്യുമെന്ന പ്രതീക്ഷ എല്‍.ഡി.എഫ്. കേന്ദ്രങ്ങളിലുണ്ട്.

ഭരണവിരുദ്ധവികാരം എതിരാളികള്‍ക്ക് ഉയര്‍ത്തിക്കാട്ടാനില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയും ചെയ്ത് മുഖ്യമന്ത്രിയെ മുതല്‍ ദേശീയ നേതാക്കളെ വരെ ജില്ലയിലെ വിവിധ മേഖലകളിലെത്തിക്കാന്‍ എല്‍.ഡി.എഫിനായി. താഴേത്തട്ടുമുതല്‍ ജില്ലാതലം വരെ കൃത്യമായ ജോലി വിഭജനം നടത്തി ഘട്ടം ഘട്ടമായി ഓരോ മണ്ഡലത്തിലും പ്രചാരണത്തില്‍ മുന്നേറാന്‍ കഴിഞ്ഞു. എതിരാളി മുന്നേറുന്ന ഇടങ്ങളില്‍ പിന്നാലെ ഓടിയെത്തി സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാനും അവര്‍ മറക്കുന്നില്ല.

പുതുമുഖ യുവനിരയുമായി യു.ഡി.എഫിന്റെ പേരാട്ടം 

പുതുമുഖ സ്ഥനാര്‍ഥികള്‍; അവരില്‍ മിക്കവരും യുവാക്കള്‍ -ഇതാണ് ജില്ലയില്‍ യു.ഡി.എഫിന് മേല്‍ക്കൈ നല്‍കുന്നത്. എതിരാളികളുടെ കോട്ടകളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇവരില്‍ മിക്കവര്‍ക്കും സാധിച്ചിട്ടുണ്ട്. ഇക്കുറി യു.ഡി.എഫ്. േനതൃത്വം വളയം മാറ്റിപ്പിടിച്ചു. സ്ഥാനാര്‍ഥിത്വത്തിന് പരിചയ സന്പന്നതയെന്ന പരന്പരാഗത ശൈലി മാറ്റി യുവാക്കളെയും പുതുമുഖങ്ങളെയും പരീക്ഷിച്ചു. ഇടതുമുന്നണി പോലും പരീക്ഷിക്കാത്ത രീതി ആദ്യമായി നടപ്പാക്കിയപ്പോള്‍ ആവേശം കൂടി. കോണ്‍ഗ്രസ് മത്സരിക്കുന്ന തൃശ്ശൂരിലും വടക്കാഞ്ചേരിയിലും ഘടകകക്ഷികള്‍ മത്സരിക്കുന്ന ഗുരുവായൂര്‍, ഇരിങ്ങാലക്കുട സീറ്റുകളിലും മാത്രമാണ് മുമ്പ് മത്സരിച്ച സ്ഥാനാര്‍ഥികളുള്ളത്.

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കാര്യമായ അസ്വാരസ്യങ്ങള്‍ ഉണ്ടായില്ലെന്നതാണ് യു.ഡി.എഫിന് ജില്ലയില്‍ ആത്മവിശ്വാസം നല്‍കുന്നത്. തുടക്കത്തില്‍ ചില മണ്ഡലങ്ങളിലല്‍ വിമതശബ്ദം ഉയര്‍ന്നെങ്കിലും നേതൃത്വം നേരിട്ടെത്തി പ്രശ്‌നം തണുപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫില്‍ തിരഞ്ഞെടുപ്പ് കഴിയും വരെ ഉള്‍പ്പാര്‍ട്ടി പോര് നിലനിന്നിരുന്നു. വടക്കാഞ്ചേരി, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇത് പരസ്യവുമായിരുന്നു. ഇക്കുറി ഇതില്‍നിന്നെല്ലാം സന്പൂര്‍ണ മോചനം നേടാന്‍ കഴിഞ്ഞതാണ് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്.

ജില്ലയില്‍ ഏറെ നാളായി കോണ്‍ഗ്രസ് മത്സരിക്കാത്ത രണ്ട് മണ്ഡലങ്ങളില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെത്തിയതും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കൈപ്പമംഗലത്തും കുന്നംകുളത്തുമാണിത്. ഇടതുകക്ഷികള്‍ സുരക്ഷിത മണ്ഡലമെന്നും അനായാസ ജയമെന്നും കരുതിയിരുന്ന ഇവിടെ തുല്യമായ പോരാട്ടത്തിലേക്കെത്തിച്ചു കൈപ്പത്തി ചിഹ്നം.

ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തെത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിലും യു.ഡി.എഫ്. മുന്നിലെത്തി. പ്രിയങ്കാ ഗാന്ധി ജില്ലയിലെത്തിയത് സ്ഥാനാര്‍ഥികളിലും അണികളിലും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും ശശി തരൂരുമൊക്കെ പ്രചാരണത്തിനെത്തി. താരപ്രഭയുള്ളവരും ജില്ലയില്‍ പ്രചാരണത്തിന് എത്തിയതും ജനങ്ങളെ ഇളക്കാന്‍ വഴിയൊരുക്കി.

'കൂടെയുണ്ട് പത്മജ' എന്ന പോലെ മണ്ഡലത്തിലെ ഓരോ സ്ഥാനാര്‍ഥിക്കും പ്രത്യേകം പ്രചാരണവാചകം ആസൂത്രണം ചെയ്തതും ആകര്‍ഷകമായി. യു.ഡി.എഫിന്റെ പ്രകടന പത്രിക എല്ലാ വീടുകളിലും എത്തിച്ചതും പ്രകടനപത്രികയിലെ പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ലഘുലേഖ അച്ചടിച്ച് വീടുകളില്‍ വിതരണം ചെയ്തതും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ അടയാളമായി.

മികച്ച ഏകോപനത്തില്‍ എന്‍.ഡി.എ. 

ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് എന്‍.ഡി.എ. പ്രതീക്ഷിക്കുന്ന ഒമ്പത് മണ്ഡലങ്ങളില്‍ മികച്ച ഏകോപനം കാണാം. തൃശ്ശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം, പുതുക്കാട്, ചേലക്കര, നാട്ടിക, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍ എന്നീ മണ്ഡലങ്ങളാണിവ.

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നത്. അടുത്തിടെ ആര്‍.എസ്.എസ്. സംസ്ഥാന കാര്യവാഹ് ആയ പി.എം. ഈശ്വരന്റെ വീട് അവിട്ടത്തൂരാണ്. അദ്ദേഹത്തിനാണ് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനച്ചുമതല. ബൂത്ത് തലം മുതല്‍ മണ്ഡല തലം വരെ ആര്‍.എസ്.എസിന്റെ ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്.

കര്‍ണാടകത്തിലെ 10 എം.എല്‍.എ. മാര്‍ 13 മണ്ഡലങ്ങളുടെ മേല്‍നോട്ടത്തിന് ഒരു മാസമായി ജില്ലയിലുണ്ട്. കൃത്യമായി നിശ്ചയിച്ച ശൈലിയിലാണ് പ്രചാരണമുന്നേറ്റം. വീഴ്ച വന്നാല്‍ മേല്‍ത്തട്ടിലേക്ക് റിപ്പോര്‍ട്ട് പോവുന്നുമുണ്ട്. ഒമ്പത് മണ്ഡലങ്ങളില്‍ 40,000 വോട്ടിനു മുകളില്‍ ഉറപ്പായും പിടിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 45,000-നും 50,000-നും ഇടയ്ക്ക് വോട്ട് പിടിക്കാനായാല്‍ ജയം അസാധ്യമല്ല എന്ന സന്ദേശം താഴേത്തട്ടിലേക്ക് നല്‍കിക്കഴിഞ്ഞു.

ജയപ്രതീക്ഷയില്‍ തൃശ്ശൂരാണ് ഒന്നാമത്. തൃശ്ശൂരില്‍ 45,000 വോട്ട് നേടി ജയം ഉറപ്പിക്കാനാണ് സുരേഷ് ഗോപിയിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ 45 ഡിവിഷനുകളിലും അടിത്തട്ടിലെത്തിയുള്ള പ്രചാരണം നടത്താന്‍ മുന്നണിക്ക് കഴിഞ്ഞു.

ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസിന്റെ സ്വീകാര്യതയും പാര്‍ട്ടി സംവിധാനത്തിന്റെ ശക്തിയുമാണ് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനവും ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ട്.

മണലൂരില്‍ എ.എന്‍. രാധാകൃഷ്ണന്‍ വലിയ ചലനം ഉണ്ടാക്കുമെന്നാണ് മുന്നണി പറയുന്നത്. കഴിഞ്ഞ തവണ നേടിയ 37,680 വോട്ടില്‍നിന്ന് 45,000-ലേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥിത്വം നേരത്തേ ഉറപ്പിച്ച ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്തും എ. നാഗേഷ് പുതുക്കാട്ടും ഏറെ മുന്നേറുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പുതുക്കാട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35,833 വോട്ട് നാഗേഷ് നേടിയതാണ് എടുത്തുകാട്ടുന്നത്. ചേലക്കരയിലും നാട്ടികയിലും വിസ്മയകരമായ ഫലമായിരിക്കും ഉണ്ടാവുക എന്നാണ് സംഘപരിവാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഗുരുവായൂര്‍, കയ്പമംഗലം, ചാലക്കുടി, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും വോട്ടുവിഹിതം കൂട്ടാമെന്ന പ്രതീക്ഷയുണ്ട്. കയ്പമംഗലത്തും ചാലക്കുടിയിലും ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്.  കൃത്യമായി നിശ്ചയിച്ച ശൈലിയിലാണ് പ്രചാരണമുന്നേറ്റം. വീഴ്ച വന്നാല്‍ മേല്‍ത്തട്ടിലേക്ക് റിപ്പോര്‍ട്ട് പോയിരുന്നു