തൃശ്ശൂര്‍: മുന്നണികളെ തല്ലിയും തലോടിയും കടന്നുപോയ തിരഞ്ഞെടുപ്പ് ചരിത്രമാണ് ഒല്ലൂര്‍ മണ്ഡലത്തിനുള്ളത്. 1980 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍പ്പോലും ഒല്ലൂര്‍ ഒരേ മുന്നണിയെ തുടര്‍ച്ചയായി വിജയിപ്പിച്ചിട്ടില്ല. എന്നാല്‍, ഒല്ലൂര്‍ മണ്ഡലത്തില്‍ ഏത് മുന്നണിയുടെ സ്ഥാനാര്‍ഥിയാണോ ജയിക്കുന്നത് ആ മുന്നണിയായിരിക്കും കേരളം ഭരിക്കുക എന്നുളള കാര്യത്തില്‍ ഈ തിരഞ്ഞെടുപ്പുവരെയും സംശയമൊന്നുമില്ല. സിറ്റിങ് എം.എല്‍.എ. കെ.രാജന്‌ ഒല്ലൂര്‍ ഒരു അവസരം കൂടി നല്‍കിയിരിക്കുന്നു. മാറി മാറി ഇരുമുന്നണികള്‍ക്കും അവസരം കൊടുക്കുന്ന കേരളം തുടര്‍ഭരണത്തിലേക്കും. 

മണ്ഡലത്തിലുടനീളം നടന്ന വികസനപ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാജന് ഗുണകരമായത്. ഒന്നര പതിറ്റാണ്ടിനിടെ മലയോരമേഖലയില്‍ കൂടുതല്‍ പട്ടയം വിതരണം ചെയ്യാനായി എന്നതും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനത്തിനാവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്താനായതും മണ്ഡലത്തിലെ റോഡുകളുടെ നിലവാരമുയര്‍ത്താനായതുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഒപ്പം ഒല്ലൂരിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടര്‍മാരുമായുണ്ടാക്കിയ ബന്ധവും നിലവിലെ എം.എല്‍.എ.യ്ക്ക് തുണയായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേതന്നെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ കെ. രാജന്‍ വികസനമുന്നേറ്റ ജാഥയുമായി എല്ലായിടത്തുമെത്തിയിരുന്നു. നല്ലൊരു പ്രചാരണത്തുടക്കമുണ്ടാക്കാനും ഇതുവഴി സാധിച്ചു.

ഫ്രാന്‍സിസ് മുതല്‍ രാജന്‍ വരെ

നാട്ടുകാരനായ പി.ആര്‍. ഫ്രാന്‍സിസില്‍ തുടങ്ങി അന്തിക്കാട്ടുനിന്നെത്തിയ കെ. രാജനില്‍ എത്തിനില്‍ക്കുന്നു ഒല്ലൂരിന്റെ ജനപ്രതിനിധികളുടെ ചരിത്രം. 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജയിച്ച പി.ആര്‍. ഫ്രാന്‍സിസ് ഏഴുതവണ ഇവിടെനിന്ന് ജനവിധി തേടി. നാലുതവണ ജയിച്ചു. 1965-ല്‍ സി.പി.എമ്മിലെ എം.വി. ആര്യനു മുന്നിലാണ് അദ്ദേഹം ആദ്യം പരാജയപ്പെടുന്നത്. 1967-ലും ആര്യനു മുന്നില്‍ പി.ആര്‍. ഫ്രാന്‍സിസ് തോല്‍വി സമ്മതിച്ചു. എന്നാല്‍ 1970, 77 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് പി.ആര്‍. ശക്തനായി തിരിച്ചെത്തി.

1980, 82 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പിലും ജയം വലതിനൊപ്പമായിരുന്നു. രാഘവന്‍ പൊഴേക്കടവിലായിരുന്നു ഈ ജയം നേടിക്കൊടുത്തത്. എന്നാല്‍ പിന്നീടിതുവരെ ഒരു മുന്നണിക്കും ഒല്ലൂരില്‍ തുടര്‍വിജയം നേടാനായിട്ടില്ല.

എ.എം. പരമനും പി.പി. ജോര്‍ജും സി.എന്‍. ജയദേവനും രാജാജി മാത്യു തോമസും എം.പി. വിന്‍സെന്റുമെല്ലാം ഒല്ലൂരിനെ പ്രതിനിധാനംചെയ്ത് സഭയിലെത്തി. ഇതില്‍ 1991, 2001 വര്‍ഷങ്ങളില്‍ ഒല്ലൂര്‍ തുണച്ചത് പി.പി. ജോര്‍ജിനെയാണ്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം നേടിയത് 2016-ല്‍ കെ. രാജനാണ് -13,248. അതിനുമുന്‍പ് 2001-ല്‍ പി.പി. ജോര്‍ജാണ് ഭൂരിപക്ഷം പതിനായിരത്തിനപ്പുറമെത്തിച്ചത്-10,698.

Content Highlights:Kerala Assembly Election Result 2021 - Ollur Constituency