വോട്ടെണ്ണലില്‍ ആദ്യാവസാനം സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമായിരുന്നു തൃശ്ശൂര്‍. അക്ഷരാര്‍ഥത്തില്‍ ത്രികോണപ്പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ലീഡ് നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ 300-350 വോട്ടുകള്‍ക്കപ്പുറം ആ ലീഡ് ഉയര്‍ത്താനും സുരേഷിന് കഴിഞ്ഞില്ല. ഉച്ചയോടെ പി. ബാലചന്ദ്രന്‍ മുന്നേറി, ഇടയ്ക്ക് പത്മജയും ഈ മൂന്നു സ്ഥാനാര്‍ഥികളില്‍ ആര് തൃശ്ശൂരെടുക്കും എന്ന ആകാംക്ഷയോടെയായിരുന്നു വോട്ടെണ്ണലിന്റെ അവസാന നിമിഷങ്ങള്‍. ഒടുവില്‍ ആയിരം വോട്ടുകളുടെ ലീഡില്‍ തൃശ്ശൂരുകാരുടെ സ്വന്തം ബാല്‍സി മുന്നില്‍, തൊട്ടുപിറകേ പത്മജ, ഒരല്‍പ്പം പിന്നില്‍ സുരേഷ് ഗോപിയും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയെ ബി.ജെ.പി. വീണ്ടും തൃശ്ശൂരിലിറക്കിയത്. ജയിക്കുമെന്നുറപ്പുളള ഒരു കളിയായിരുന്നു ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തൃശ്ശൂരിലേത്. എന്നാല്‍ നേതൃത്വം പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല തുടക്കത്തില്‍ തന്നെ സുരേഷ്ഗോപിയില്‍ നിന്നുണ്ടായത്. തനിക്കേറെ പ്രിയപ്പെട്ട ലീഡറിന്റെ മകളാണ് എതിരാളി എന്നുളളതാണ് ഈ താല്പര്യക്കുറവിന് പിന്നിലെന്ന് സൂചനകള്‍ ഉയര്‍ന്നിരുന്നു. വിജയസാധ്യതയേക്കാള്‍ താന്‍ കാണുന്നത് മത്സരസാധ്യതയാണെന്ന് പറഞ്ഞ് തുടക്കം തന്നെ സുരേഷ് മുന്‍കൂര്‍ ജാമ്യമെടുത്തു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ഗോപി വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയതും. കരുത്തനായ മൂന്നാമന്‍ വൈകിയെത്തിയത് തങ്ങള്‍ക്കനുകൂലമാക്കാനുളള തീവ്രശ്രമത്തിലായിരുന്നു മറ്റു രണ്ടു മുന്നണികളും.

പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശ പ്രകാരമാണ് തൃശ്ശൂരില്‍ താന്‍ അങ്കത്തിനിറങ്ങിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഞാനങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ് ചുവടൊന്നു മാറ്റി. ജനങ്ങള്‍ തന്നാല്‍ താന്‍ സ്വീകരിക്കും എന്നതായിരുന്നു ഇത്തവണ നിലപാട്. തൃശ്ശൂരിന്റെ വികസനത്തിന് കേന്ദ്രത്തില്‍ നിന്നുപോലും പിന്തുണയുണ്ടാകുമെന്ന് കൃത്യമായും വ്യക്തമായും സൂചനകള്‍ നല്‍കിക്കൊണ്ടായിരുന്നു സുരേഷിന്റെ പ്രചാരണം. 

അല്പം വൈകിയെങ്കിലും കിട്ടിയ പത്തു ദിവസം തൃശ്ശൂര്‍ ജനതയുടെ മനസ്സറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട് പ്രചാരണം ആരംഭിച്ച സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയിലേക്കും വോട്ടര്‍മാരുടെ വീടുകളിലേക്കും ഇറങ്ങിച്ചെന്നു. മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം കാണാത്ത ജനസഞ്ചയമായിരുന്നു സുരേഷ്ഗോപിക്ക് ചുറ്റിലും. വൈകിയെത്തിയയാള്‍ കോട്ട പിടിക്കുന്ന തരത്തിലേക്ക് ഒരു ഘട്ടത്തില്‍ തൃശ്ശൂരില്‍ മത്സരം മുറുകുകയും ചെയ്തു. പ്രചാരണത്തില്‍ അണികളുടെ ആവേശം തൃശ്ശൂര്‍പ്പൂരത്തോളമുയര്‍ത്താനും തനിക്കു ചുറ്റും ആള്‍ക്കൂട്ടമുണ്ടാക്കാനും സുരേഷിന് സാധിച്ചെങ്കിലും അത് വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞില്ല. തൃശ്ശൂര്‍ തരില്ലെന്ന് തൃശ്ശൂരിലെ ജനങ്ങള്‍ കട്ടായം പറഞ്ഞു. 

തൃശ്ശൂരിനെ സംബന്ധിച്ച് വിജയം ഉറപ്പല്ലെങ്കില്‍ക്കൂടി വോട്ട് വിഹിതത്തിലെ വര്‍ധനവ് ബി.ജെ.പി. ലക്ഷ്യമിട്ടിരുന്നു. ഈ വോട്ടുകള്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിലെത്തിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പോരായ്മകള്‍ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാനുളള ഒരു മാതൃകാപരീക്ഷ മാത്രമാണ് ബി.ജെ.പിക്കിത്. 

140 മണ്ഡലങ്ങളില്‍ 12 ഇടത്തെങ്കിലും വിജയിക്കുമെന്നുളള ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പാടേ തകര്‍ന്നിരിക്കുകയാണ്. സിറ്റിങ് സീറ്റായ നേമം പോലും നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതും രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പരാജയവും പാലക്കാട്ട്‌ ഇ. ശ്രീധരന് നേരിടേണ്ടി വന്ന പരാജയവും കേരളത്തില്‍ ബി.ജെ.പിക്ക് വേരുകളാഴ്ത്താന്‍ ഇനിയും സമയം വേണ്ടിവരുമെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. 

Content Highlights: Kerala Assembly Election 2021 - Thrissur - Suresh Gopi