പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ഇക്കുറി ഇരട്ടപ്പൂരത്തിനുളള തയ്യാറെടുപ്പിലാണ്. ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ് പൂരവും 23ന് പൂരങ്ങളുടെ പൂരമായ സാക്ഷാല്‍ തൃശ്ശൂര്‍പൂരവും. കോവിഡ് പ്രതിസന്ധികളെ മറന്ന് ശക്തന്‍ മാര്‍ക്കറ്റും അരിയങ്ങാടിയും വെള്ളേപ്പങ്ങാടിയും ഉണര്‍ന്നുകഴിഞ്ഞു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ ചുവന്ന തൃശ്ശൂര്‍ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? എങ്ങും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മാത്രം. 

വലതുപക്ഷ ചായ്വുണ്ടായിരുന്ന ജില്ലയിലെ പതിമ്മൂന്നില്‍ പന്ത്രണ്ട് മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടിയാണ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫ്. ചെങ്കൊടി പാറിക്കുന്നത്. വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച് പൊരുതി അനില്‍ അക്കര നേടിയ ഒരേയൊരു സീററ് മാത്രമായിരുന്നു യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടാനായത്,അതും വെറും 43 വോട്ടുകള്‍ മാത്രം അധികം നേടി. മികച്ച വിജയത്തിന് മൂന്നുമന്ത്രിമാരെയും ജില്ലയ്ക്ക് ലഭിച്ചു. 

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ജില്ല 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നത് യുഡിഎഫിനൊപ്പമായിരുന്നു. എന്‍ഡിഎയും നില മെച്ചപ്പെടുത്തി, തൃശ്ശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്തേക്ക് പോലും വന്നു. അതേ വിജയപ്രതീക്ഷയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും മുന്നേറ്റമുണ്ടാക്കാനായില്ല.സ്വതന്ത്രരുടെ പിന്തുണയോടെ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഏഴ് നഗരസഭകളില്‍ അഞ്ചും എല്‍ഡിഎഫിനൊപ്പം നിന്നു. രണ്ടെണ്ണത്തില്‍ യുഡിഎഫും. 86 പഞ്ചായത്തുകളില്‍ 65ലും എല്‍ഡിഎഫിനായിരുന്നു ജയം. 20 പഞ്ചായത്തുകളില്‍ യുഡിഎഫും ഒന്നില്‍ എന്‍ഡിഎയും വിജയിച്ചു. അതുകൊണ്ടെല്ലാം തന്നെ പ്രവചനാതീതമാണ് ജില്ലയുടെ മനസ്സ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജില്ലയിലെ സമുദായ വോട്ടുകളും ജനവിധിയെ സ്വാധീനിക്കും. 

തൃശ്ശൂരിലെ ആവേശപ്പൂരം ഫോട്ടോ ഫിനിഷിലേക്ക് 

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന തൃശ്ശൂര്‍. 6987 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫില്‍ നിന്ന് സുനില്‍ കുമാര്‍ മണ്ഡലം പിടിച്ചെടുക്കുന്നത്. മണ്ഡലത്തില്‍ ഒരോ തവണ വീതം മത്സരിച്ച് പരാജയപ്പെട്ടിട്ടുളളവരാണ് ഇത്തവണത്തെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍. മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ മണ്ഡലമായ ഇവിടെ എല്‍ഡിഎഫിന് വേണ്ടി ഇത്തവണ രംഗത്തിറങ്ങുന്നത് പി.ബാലചന്ദ്രനാണ്. സുനില്‍ കുമാറിനുളള സ്വീകാര്യതയും ജനകീയതയും തനിക്ക് വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പി.ബാലചന്ദ്രന്‍. മണ്ഡലം പിടിച്ചെടുത്ത് ജനസമ്മതി നിലനിര്‍ത്തുന്ന മന്ത്രി സുനില്‍കുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബാലചന്ദ്രനൊപ്പം രാപകലില്ലാതെയാണ് പ്രയത്‌നിക്കുന്നത്. തൃശ്ശൂരില്‍ എല്‍.ഡി.എഫിന് ഉറച്ച വോട്ടുകളുണ്ട്. അവ നിലനിര്‍ത്തി, വ്യക്തിപ്രഭാവത്തിന്റെ പേരില്‍ നേടിയ വോട്ടുകള്‍ ഇത്തവണത്തെ സ്ഥാനാര്‍ഥിയിലേക്കെത്തിക്കാനുമാണ് സുനിലിന്റെ ശ്രമം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുനില്‍കുമാറിനോട് പരാജയപ്പെട്ട പത്മജ കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തിലെ സജീവസാന്നിധ്യമായിരുന്നു.ബാലചന്ദ്രനെപ്പോലെ തൃശ്ശൂരില്‍ ഒരു തോല്‍വി അറിഞ്ഞതില്‍നിന്ന് പത്മജ ഏറെ പാഠം ഉള്‍ക്കൊണ്ടുള്ള വരവാണ് ഇക്കുറി. വിഭാഗീയതയും ചേരിപ്പോരും മാറ്റിനിര്‍ത്തി ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. അതിനാല്‍തന്നെ പാര്‍ട്ടി സംവിധാനം പൂര്‍ണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം ഇത്തവണ പത്മജയ്ക്കുണ്ട്. കരുണാകരകുടുംബത്തിന് തൃശ്ശൂരിലുള്ള സ്വാധീനവും ഉപയോഗപ്പെടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരയിളക്കമുണ്ടാക്കാനായ സുരേഷ് ഗോപിയുടെ വരവ് തൃശ്ശൂരിനെ താരമണ്ഡലമാക്കിമാറ്റിയിരിക്കുകയാണ്. തൃശ്ശൂരിന്റെ വികസനമാണ് അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്ന വാഗ്ദാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍ഡിഎയും വിജയപ്രതീക്ഷയിലാണ്. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് പാര്‍ട്ടി നേതൃത്വം ജില്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ത്രികോണപ്പോരാട്ടത്തിലേക്കുള്ള തൃശ്ശൂരിന്റെ ഗതി തുടങ്ങിയത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയായിരുന്നു. ബി.ജെ.പി.യുടെ സ്വാഭാവിക വോട്ടുവിഹിതത്തിലും വളര്‍ച്ചയിലും പെട്ടെന്നാണ് മാറ്റം വന്നത്, സുരേഷ്ഗോപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ്. ആ ഒരു സാഹചര്യത്തിലാണ് എല്‍.ഡി.എഫിലെ പി. ബാലചന്ദ്രനും യു.ഡി.എഫിലെ പത്മജ വേണുഗോപാലും എന്‍.ഡി.എ.യിലെ സുരേഷ്ഗോപിയും തമ്മിലുള്ള പോരാട്ടം ഏറെ കടുത്തതാവുന്നത്.

കുന്നംകുളത്ത് എല്‍ഡിഎഫിന് അഭിമാനപ്പോരാട്ടം

പിണറായി മന്ത്രിസഭയില്‍നിന്ന് മത്സരരംഗത്തുള്ള ജില്ലയിലെ ഏകമന്ത്രിയാണ് എ.സി. മൊയ്തീന്‍ എന്നതിനാല്‍ എല്‍.ഡി.എഫിന് അഭിമാനപ്രശ്നമാണ് ഈ പോരാട്ടം. സിറ്റിങ് എം.എല്‍.എ. കൂടിയാണ് മൊയ്തീനെന്നത് എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമ്പോള്‍ ഈ കാര്യം പ്രതികൂലമായി ഉപയോഗപ്പെടുത്താനാണ് യു.ഡി.എഫും എന്‍.ഡി.എ.യും ശ്രമിക്കുന്നത്. മണ്ഡലത്തിന്റെ വികസനമുരടിപ്പാണ് ഇരുകൂട്ടരുടെയും പ്രധാന പ്രചാരണായുധം. ഓരോ തവണയും നില നല്ലരീതിയില്‍ മെച്ചപ്പെടുത്തി മുന്നേറുന്ന എന്‍.ഡി.എ. ഇത്തവണ മറ്റ് രണ്ട് മുന്നണികള്‍ക്കും കനത്ത വെല്ലുവിളിയാണ്.

മൊയ്തീനെതിരേ ജനപ്രിയനായ പ്രദേശികനേതാവിനെയാണ് യു.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത്. മുന്‍ ജില്ലാപഞ്ചായത്തംഗവും നാട്ടുകാരനുമായ കെ. ജയശങ്കറിലൂടെ സീറ്റ് തിരിച്ചുപിടിക്കുമെന്നതില്‍ യു.ഡി.എഫിന് സംശയമില്ല. ഇരുമുന്നണികളെയും അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അനുഭവസമ്പത്തുള്ള ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.െക. അനീഷ്‌കുമാറിനെയാണ് എന്‍.ഡി.എ. മത്സരിപ്പിക്കുന്നത്. അനീഷിന് ഈ മണ്ഡലത്തില്‍ ഇത് മൂന്നാമങ്കമാണ്. 2011-ല്‍ അനീഷ്‌കുമാര്‍ നേടിയത് 11,725 വോട്ടാണെങ്കില്‍ കഴിഞ്ഞതവണ 29,325 ആയി ഉയര്‍ത്താന്‍ സാധിച്ചു. ഈ വളര്‍ച്ചയിലാണ് എന്‍.ഡി.എ.യുടെ പ്രതീക്ഷ.തദ്ദേശതിരഞ്ഞെടുപ്പില്‍ കുന്നംകുളം നഗരസഭയിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കാനായത് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അവര്‍ പറയുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.എം.പി.യിലെ സി.പി. ജോണ്‍ ആയിരുന്നു മൊയ്തീന്റെ എതിരാളി. 7,782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊയ്തീന്‍ ജയിച്ചത്. ഇത്തവണ സി.പി.ജോണ്‍ മത്സരരംഗത്തുതന്നെയില്ല. 2011-ല്‍ സി.പി.എമ്മിലെ ബാബു പാലിശേരിക്ക് 481 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. 1957ല്‍ രൂപവത്കരിച്ച കുന്നംകുളം മണ്ഡലത്തില്‍ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ പത്തുതവണയും വിജയം ഇടതിനായിരുന്നു.

വടക്കാഞ്ചേരി ആര്‍ക്ക് ലൈഫ് നല്‍കും? 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് നേടാനായ ഏക സീറ്റ് വടക്കാഞ്ചേരിയിലാണ്. അതും 43 വോട്ടിന്റെ ഭൂരിപക്ഷം. ലൈഫ് വിവാദത്തില്‍ കേരള ശ്രദ്ധ നേടിയ വടക്കാഞ്ചേരിയില്‍ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനാര്‍ഥികളായ അനില്‍ അക്കരയെ യുഡിഎഫും ഉല്ലാസ് ബാബുവിനെ എന്‍.ഡി.എ.യും വീണ്ടും പരീക്ഷിക്കുമ്പോള്‍ എല്‍.ഡി.എഫ്. സേവ്യര്‍ ചിറ്റിലപ്പിള്ളി എന്ന പുതുമുഖത്തെയാണ് ഇറക്കിയിരിക്കുന്നത്. 1970-നുശേഷം 2006-ല്‍ എ.സി. മൊയ്തീനിലൂടെ സി.പി.എം. പിടിച്ചെടുത്ത മണ്ഡലം ഒരിക്കല്‍കൂടി പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് സേവ്യറിനുള്ളത്. 

ലൈഫ് മിഷന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്ന നേതാവെന്ന നിലയ്ക്ക് അനില്‍ അക്കരയ്ക്ക് സാധാരണക്കാരില്‍ വലിയ മതിപ്പാണ്. അഞ്ചുവര്‍ഷവും മണ്ഡലത്തിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തു. എം.എല്‍.എ. എന്ന പരിമിതിക്കുള്ളില്‍നിന്ന് പരമാവധി വികസനവും മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. പുഴയ്ക്കല്‍ പാലം വീതി കൂട്ടി ഏറെക്കാലമായുള്ള ഗതാഗതപ്രശ്‌നം പരിഹരിച്ചതും ഒട്ടേറെപ്പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കിയതും ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് അനില്‍.

ലൈഫ് മിഷന്‍ പ്രശ്നത്തില്‍ സര്‍ക്കാരിനും അനില്‍ അക്കരയ്ക്കുമെതിരേ ആഞ്ഞടിച്ച് ബി.ജെ.പി.യുടെ സംസ്ഥാമ-ദേശീയ നേതാക്കളെ വടക്കാഞ്ചേരിയിലെത്തിച്ച യുവനേതാവ് ഉല്ലാസ്ബാബുവിന് കഴിഞ്ഞതവണ മണ്ഡലത്തില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നു. തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടിനേക്കാള്‍ ബഹുദൂരം മുന്നേറാന്‍ ഉല്ലാസ്ബാബുവിനായി. 26,652 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്.

ഡിവൈഎഫ്‌ഐ നേതാവായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ കൃത്യമായ കണക്കുകൂട്ടലില്‍ തന്നെയാണ് അവതരിപ്പിച്ചത്. സര്‍ക്കാരിനെ സഭയിലും പുറത്തും നേരിടുന്ന അനില്‍ അക്കരയെ തളയ്ക്കുക എന്ന ദൗത്യമാണ് സേവ്യറിന് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. രണ്ട് ടേം മാത്രമേ നില്‍ക്കൂവെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അനില്‍ അക്കര. ഉശിരന്‍ പോരാട്ടത്തില്‍ ജനം ആരെ തിരഞ്ഞെടുക്കുമെന്നത് പ്രവചനാതീതം തന്നെ.

ഒല്ലൂര്‍ വിട്ടുകൊടുക്കില്ലെന്ന് എല്‍ഡിഎഫ് 

തിരഞ്ഞെടുപ്പ് അടുക്കുംതോറും പ്രചാരണത്തിന്റെ തീവ്രത കൂട്ടുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ഒല്ലൂര്‍ മണ്ഡലത്തില്‍. മണ്ഡലത്തിലുടനീളം നടന്ന വികസനപ്രവര്‍ത്തനങ്ങളാണ് തുടര്‍വിജയം തേടുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാജന് ഗുണകരമാകാന്‍ സാധ്യത. ഒന്നര പതിറ്റാണ്ടിനിടെ മലയോരമേഖലയില്‍ കൂടുതല്‍ പട്ടയം വിതരണം ചെയ്യാനായി എന്നതും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനത്തിനാവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്താനായതും മണ്ഡലത്തിലെ റോഡുകളുടെ നിലവാരമുയര്‍ത്താനായതുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഒപ്പം ഒല്ലൂരിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടര്‍മാരുമായുണ്ടാക്കിയ ബന്ധവും നിലവിലെ എം.എല്‍.എ.യ്ക്ക് തുണയായേക്കാം. മണ്ഡലത്തില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം നേടിയത് 2016-ല്‍ കെ. രാജനാണ് -13,248. അതിനുമുന്‍പ് 2001-ല്‍ പി.പി. ജോര്‍ജാണ് ഭൂരിപക്ഷം പതിനായിരത്തിനപ്പുറമെത്തിച്ചത്-10,698.

ഒല്ലൂരിലെ പൊതുമണ്ഡലത്തില്‍ പോയവര്‍ഷങ്ങളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം എന്നതാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ജോസ് വള്ളൂരിന്റെ പോസിറ്റീവ് ഘടകം. മണ്ഡലത്തിന്റെ സാമുദായിക സ്വഭാവം പരിഗണിച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനും യു.ഡി.എഫ്. ശ്രമിച്ചു. ഒരു പുതുമുഖ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാകുന്നു എന്നതും യു.ഡി.എഫിന് ഗുണകരമാകും. പാണഞ്ചേരി, മാടക്കത്തറ എന്നിവിടങ്ങളാണ് യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങള്‍. മലയോരമേഖലയിലെ പട്ടയവിതരണം നേട്ടമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ പട്ടയവിതരണത്തിലെ പാകപ്പിഴകളും പക്ഷപാതവും നിരത്തി പട്ടയം കാത്തിരിക്കുന്നവരുടെ വോട്ട് ഉറപ്പാക്കുകയാണ് യു.ഡി.എഫ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40,000-ത്തിനടുത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ 30,000-ത്തിനടുത്തും വോട്ടുകള്‍ ബി.ജെ.പി. സ്വന്തമാക്കിയിരുന്നു. ഈ മുന്നേറ്റമാണ് ഇത്തവണ ബി.ഡി.ജെ.എസില്‍ നിന്ന് മണ്ഡലമേറ്റെടുക്കാന്‍ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്റെ പ്രകടനം മോശമല്ലെങ്കിലും, മുന്നണിക്കുള്ളിലെ പലടപ്പിണക്കം ഒരു വെല്ലുവിളിയാണ്‌. ബിഡിജെഎസ്‌ പ്രചാരണത്തില്‍ ഒട്ടും സജീവവുമല്ല.  

സി.രവീന്ദ്രനാഥിന്റെ അഭാവം പുതുക്കാട് തിരിച്ചടിയാകുമോ? 

15 വര്‍ഷമായി വ്യക്തമായ ഇടതുചായ്വ് കാണിക്കുന്ന മണ്ഡലമാണെങ്കിലും കോണ്‍ഗ്രസിന് വേരോട്ടമുളള മണ്ഡലമാണ് പുതുക്കാട്. 2011-ല്‍ ആണ് കൊടകര പുതുക്കാട് മണ്ഡലമായി മാറുന്നത്. 2006-ല്‍ കൊടകരയിലെ അവസാന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു വിജയം. പിന്നീട് പുതിയ മണ്ഡലമായ പുതുക്കാട്ട് 2011-ലും 2016-ലും ആ വിജയം അവര്‍ തുടര്‍ന്നു. മൂന്നുതവണയും സി.പി.എമ്മിലെ സി. രവീന്ദ്രനാഥായിരുന്നു വിജയിച്ചത്. ഓരോതവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. 2016-ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രവീന്ദ്രനാഥ് സ്വന്തമാക്കിയത് -38,478. 

വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിയ വികസനനടപടികള്‍ നല്‍കിയ ഇമേജുമായി സി. രവീന്ദ്രനാഥ് വീണ്ടും പുതുക്കാട്ടുകാരുടെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് കെ.കെ. രാമചന്ദ്രനെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പുതുക്കാട്ടുകാര്‍ക്ക് പുതുമുഖമല്ല ഈ സ്ഥാനാര്‍ഥി. നിരവധി തൊഴിലാളിസംഘടനകളുടെ അമരക്കാരനെന്നുളളത് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.  ജയം ഉറപ്പാണെങ്കിലും രവീന്ദ്രനാഥ് നേടിയ 38,478 വോട്ടിന്റെ ഭൂരിപക്ഷം അത്ര എളുപ്പമാവില്ല എന്ന ചിന്ത എല്‍.ഡി.എഫ്. ക്യാമ്പുകളില്‍ ഉണ്ട്.

മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന ആക്ഷേപത്തോടെയാണ് സുനില്‍ അന്തിക്കാട് പുതുക്കാട്ടെത്തുന്നത്. പ്രതിഷേധങ്ങള്‍ പരസ്യമായതോടെ ജില്ലാനേതൃത്വം കൃത്യമായി ഇടപെട്ടു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് എല്‍.ഡി.എഫിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങളെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. 

എന്‍.ഡി.എ.യിലെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിന് ഏറെനാള്‍ മുമ്പുതന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലായിരുന്നു നാഗേഷ്.രവീന്ദ്രനാഥ് വന്‍ ഭൂരിപക്ഷം നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച എ. നാഗേഷ് 35,833 വോട്ടുകള്‍ നേടിയിരുന്നു. ആ സാഹചര്യത്തില്‍ പോലും അത്ര വോട്ടു കിട്ടിയെങ്കില്‍ ഇക്കുറി ജയസാധ്യതയാണ് നാഗേഷിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. 

ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം; നിയമസഭയില്‍ ചാലക്കുടി ആര്‍ക്കൊപ്പം?


 
പതിനഞ്ച് വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ബി.ഡി.ദേവസിയെന്ന ചാലക്കുടിക്കാരന്‍ ഇക്കുറി പോരാട്ടത്തിനില്ല. മണ്ഡലം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥാനാര്‍ഥി ആകാനുള്ള നറുക്ക് ഡെന്നിസ് ആന്റണിയെന്ന മുന്‍ കോണ്‍ഗ്രസ് നേതാവിനാണ് വീണത്. സംസ്ഥാനത്ത് കുറ്റ്യാടിയുള്‍പ്പടെ മറ്റ് ചിലയിടങ്ങളില്‍ മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയപ്പോള്‍ ഉയര്‍ന്ന എതിര്‍പ്പുകളൊന്നും ചാലക്കുടിയിലുണ്ടായില്ല.ഡെന്നീസ് ആന്റണിയെന്ന സ്ഥാനാര്‍ഥിയുടെ പൊതു സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷ ചാലക്കുടിയിലെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുണ്ട്.കൂടാതെ ക്രൈസ്തവ സഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദിവാസി മേഖലകളിലടക്കം മണ്ഡലത്തിലെ എല്ലാ മേഖലകളിലും ഡെന്നീസിന്റെ ബന്ധത്തിന് വേരുകളുണ്ട്.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പരസ്യമായ പ്രതിഷേധത്തിലേക്ക് മാറിയ ഒരിടമായിരുന്നു ചാലക്കുടി. യു.ഡി.എഫില്‍ സനീഷ് കുമാര്‍ ജോസഫ് സ്ഥാനാര്‍ഥി ആവും മുന്‍പ് പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഉയര്‍ന്ന എതിര്‍പ്പ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ ഇടപെടല്‍ ഉണ്ടാക്കിയ തണുപ്പിക്കല്‍ ഫലം ചെയ്‌തെന്നാണ് യു.ഡി.എഫ്.വിലയിരുത്തല്‍. 15-വര്‍ഷമായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിന് കൈവന്ന സുവര്‍ണാവസരമായാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.ചാലക്കുടിയുടെ സാമുദായിക സമവാക്യങ്ങളില്‍ കടന്നു കയറി വോട്ട് സമാഹരിക്കലിന് വിപുലമായ പദ്ധതി അവരുടെ മാസ്റ്റര്‍പ്ലാനുകളില്‍ പെടുന്നുണ്ട്. സ്വന്തം സ്ഥാനാര്‍ഥി ജയിക്കുന്നതിനെക്കാള്‍ ചാലക്കുടിയിലെ കോണ്‍ഗ്രസുകാരിലെ വാശി എതിര്‍സ്ഥാനാര്‍ഥി തോല്‍ക്കുക എന്നതിലാണ് എത്തിനില്‍ക്കുന്നത്. തങ്ങള്‍ക്കൊപ്പംനിന്ന് ഇത്രനാളും പ്രവര്‍ത്തിച്ച ആള്‍ മറുകണ്ടം ചാടിയ സംഭവമാണ് അതിനടിസ്ഥാനം.

എന്‍.ഡി.എ.ക്കായി ചാലക്കുടിയിലെ പരിചിത മുഖവും ബി.ഡി.ജെ.എസ്സിന്റെ മുതിര്‍ന്ന നേതാവുമായ കെ.എ. ഉണ്ണികൃഷ്ണനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ തനിക്ക് ലഭിച്ച 26229 വോട്ട് തന്നെയാണ് അദ്ദേഹത്തിന്റെ തുറുപ്പു ചീട്ട്.  ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ.യ്ക്ക് വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടാകാതെ കാക്കാനായിട്ടുണ്ട്. എന്നാല്‍ എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിനു വേണ്ടി ബി.ജെ.പി.യുടെ സംവിധാനം പൂര്‍ണമായി ചലിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബി.ഡി.ജെ.എസില്‍നിന്നു തന്നെ രഹസ്യമായ പരിഭവങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ ഒരു ബി.ജെ.പി.-ബി.ഡി.ജെ.എസ്. ഐക്യപ്പെടല്‍ ഉണ്ടായില്ലെങ്കില്‍ അതിന്റെ ഗുണഫലംകൂടി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നുണ്ട്.

ബി.ഡി.ദേവസി ക്ക് കഴിഞ്ഞ തവണ 26448 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാലക്കുടി സമ്മാനിച്ചത്.എന്‍.ഡി.എ.വോട്ട് വിഹിതത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ യു.ഡി.എഫിന്റെ വിഹിതം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്തി.തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാലക്കുടി നഗരസഭാ ഭരണം തിരിച്ച് പിടിക്കാനും യു.ഡി.എഫിന് കഴിഞ്ഞു എന്നത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ് .എന്നാല്‍ മണ്ഡലത്തിന്റെ ഭാഗമായ പഞ്ചായത്തുകളില്‍ ഒന്നൊഴികെ എല്ലാറ്റിലും എല്‍.ഡി.എഫിന് തന്നെയാണ് ഭരണം.

കൊടുങ്ങല്ലൂരില്‍ താമര വിരിയുമോ? 

മണ്ഡല രൂപീകരണത്തിന് ശേഷം എല്‍ഡിഎഫിനും യുഡിഎഫിനും ഒരോ തവണ അവസരം കൊടുത്ത മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. ബിജെപിയുടെ വിജയം നേടുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ കൊടുങ്ങല്ലൂര്‍ ഇടംപിടിച്ചിട്ടുണ്ട്. എല്‍.ഡി.എഫിനായി സിറ്റിങ് എം.എല്‍.എ. വി.ആര്‍. സുനില്‍കുമാറിനെ തന്നെയാണ് സി.പി.ഐ. രംഗത്തിറക്കിയത്. കെ.പി.സി.സി. സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ എം.പി. ജാക്‌സണാണ് യു.ഡി.എഫ്. തേരാളി. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മത്സരം കാഴ്ചവെച്ച ബി.ജെ.പി.യിലെ സന്തോഷ് ചെറാക്കുളമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

മുന്‍മന്ത്രി വി.കെ. രാജന്റെ മകന്‍ എന്നതാണ് സുനില്‍കുമാറിന്റെ അനുകൂല ഘടകങ്ങളിലൊന്നായി എല്‍.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നത്.മണ്ഡലവിഭജനത്തിന് മുമ്പുണ്ടായിരുന്ന കൊടുങ്ങല്ലൂരല്ല ഇപ്പോഴെന്ന് ഇടതുമുന്നണിക്ക് നന്നായറിയാം. ശക്തമായി ഒപ്പം നില്‍ക്കുന്നത് കൊടുങ്ങല്ലൂര്‍ നഗരസഭയാണ്. പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, മാള, എന്നീ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമാണ്. അന്നമനടയില്‍ നറുക്കെടുപ്പിലൂടെയും അധികാരത്തിലുണ്ട്. പൊയ്യ, കുഴൂര്‍ എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന്റെ ഭരണമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ ഈ പഞ്ചായത്തുകളില്‍ നിലനിര്‍ത്തുക എന്നതിനാണ് എല്‍.ഡി.എഫിന്റെ മുന്‍ഗണന. പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞാല്‍ അത് കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കൂട്ടി നികത്താം എന്നതും തന്ത്രങ്ങളിലുണ്ട്.

യു.ഡി.എഫിന്റെ പ്രതീക്ഷകളത്രയും പഞ്ചായത്തുകളിലാണ്. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ജാക്‌സണ് ആ പ്രദേശത്തോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ സ്വാധീനമുള്ളത് അനുകൂലമാക്കാന്‍ മുന്നണി ശ്രമിക്കുന്നുണ്ട്. നഗരസഭയില്‍ ഉണ്ടാവുന്ന കുറവ് പഞ്ചായത്തുകളില്‍ ഉണ്ടാക്കാവുന്ന മേല്‍ക്കൈ കൊണ്ട് സാധ്യമാക്കാം എന്ന ആത്മവിശ്വാസത്തിലാണവര്‍.കരുണാകരനെ ഏറെക്കാലം ജയിപ്പിച്ച മണ്ഡലമായ മാളയുടെ നല്ലൊരു പങ്കും കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലാണെന്ന കാര്യം എല്ലാ യു.ഡി.എഫ്. പ്രവര്‍ത്തകരിലേക്കും എത്തിക്കാനുള്ള ശ്രമം നേതൃത്വം നടത്തുന്നുണ്ട്. ചില സാമുദായിക വോട്ടുകള്‍ കൂടി അനുകൂലമാവുമ്പോള്‍ ഉദ്ദേശിച്ചമാതിരി കാര്യങ്ങള്‍ നീങ്ങുമെന്നാണ് ഐക്യമുന്നണിയിലെ വിചാരങ്ങള്‍.

എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റായ സന്തോഷ് ചെറാക്കുളം ആ വഴിക്ക് എന്‍.ഡി.എ.യിലേക്കുള്ള വോട്ട് സമാഹരണം ഉന്നംവയ്ക്കുന്നുണ്ട്. ബി.ജെ.പി. നേതാവായ ഉമേഷ് ചള്ളിയിലിന്റെ വിമതസ്വരം പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും എന്‍.ഡി.എ. ക്യാമ്പുകളിലുണ്ട്. എന്‍.ഡി.എ.യുടെ ഏറ്റവും വലിയ തുറുപ്പുചീട്ട് കൊടുങ്ങല്ലൂര്‍ നഗരസഭ തന്നെയാണ്. ആകെയുള്ള 44 ഡിവിഷനുകളില്‍ 22 എണ്ണം നേടിയാണ് ഇടതുമുന്നണി ഭരിക്കുന്നത്. എന്നാല്‍ 21 സീറ്റുമായി എന്‍.ഡി.എ. തൊട്ടുപിന്നിലുണ്ട്. 21 സീറ്റും ബി.ജെ.പി.യുടേതുമാണ്. ജില്ലയില്‍ എന്‍.ഡി.എ. ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ തദ്ദേശ സ്ഥാപനമെന്നത് ഒരു പെരുമയായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. നഗരസഭയിലെ നേട്ടമാണ് ബി.ജെ.പി.യുടെ മേല്‍ത്തട്ടുകളില്‍ നിന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലേക്ക് നോട്ടമെത്തിയതിന്റെ കാരണവും.

കൈപ്പമംഗത്ത് ഇടതുകോട്ടയ്ക്ക് വിളളല്‍ വീഴുമോ? 

ഇടതിന്റെ കോട്ട എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ കൈപ്പമംഗലത്ത് ഇത്തവണ ശക്തമായ മത്സരമാണ് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍. കടന്നുകയറാന്‍ പറ്റാത്ത മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന പ്രവണത യു.ഡി.എഫില്‍ മുമ്പേയുണ്ട്. അതിന് തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഉദാഹരണമായിരുന്നു കയ്പമംഗലം. മണ്ഡലമുണ്ടായതുമുതല്‍ ആര്‍.എസ്.പി.ക്ക് നല്‍കി. ഇതിന് യു.ഡി.എഫ്. ഇക്കുറി വിരാമമിട്ടത് ഇടതുമുന്നണി തുടക്കത്തില്‍ അത്ര കാര്യമായെടുത്തില്ല. ഇ.ടി. ടൈസണിന്റെ കരുത്തില്‍ മണ്ഡലത്തില്‍ നിഷ്പ്രയാസ ജയം കണക്കുകൂട്ടിത്തന്നെയാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍  ശോഭാ സുബിന്റെ ജീവിത പശ്ചാത്തലം, കഷ്ടപ്പാടിനോടുള്ള പടവെട്ടല്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് യു.ഡി.എഫ്. പ്രചാരണം തിരിച്ചതോടെ ഇടതിന് നേരിയ തോതില്‍ അങ്കലാപ്പ് ഉണ്ടായിട്ടുണ്ട്. തീരവാസിയായി ജനിച്ച്, അവര്‍ക്കിടയില്‍ ജീവിച്ച്, അവരോടൊപ്പം തൊഴിലെടുത്ത ചെറുപ്പക്കാരന്‍ എന്ന ശോഭാ സുബിന്റെ മേല്‍വിലാസം വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ്. നടത്തുന്നത്. ഒപ്പം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവിനെ തോല്‍പ്പിച്ച് ജില്ലാ പഞ്ചായത്തിലെത്തിയ യുവാവ് എന്ന വിശേഷണവും.

മതിലകത്തും പെരിഞ്ഞനത്തും ശ്രീനാരായണപുരത്തും പാര്‍ട്ടിവോട്ടുകള്‍ പകരുന്ന ശക്തിക്ക് കുറവു വരില്ലെന്ന് എല്‍.ഡി.എഫിനറിയാം. എന്നാല്‍ ആശങ്ക മുഴുവന്‍ തീരദേശത്താണ്. ടൈസണ്‍ കടല്‍യാത്ര നടത്തിയത് തന്നെ തീരത്തെ മണ്ണ് ഒലിച്ചുപോവരുതെന്ന കാഴ്ചപ്പാടിലായിരുന്നു. എന്‍.ഡി.എ.യുടെ സീറ്റ് ബി.ഡി.ജെ.എസിനാണ്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. ഇവിടെ 30,041 വോട്ടാണ് പിടിച്ചത്. ഇക്കുറി അത്രയും വോട്ടുകളിലേക്ക് എത്തിക്കാനായില്ലെങ്കില്‍ ഗുണം ശോഭയ്ക്കായിരിക്കുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. എന്‍.ഡി.എ.യുടെ പ്രവര്‍ത്തനത്തിലെ ഉഷാറില്ലായ്മയാണ് ഇത്തരമൊരു ചിന്ത ഉണ്ടാവാനുള്ള കാരണമായി യു.ഡി.എഫ്. നേതാക്കള്‍ രഹസ്യമായി പറയുന്നത്.

ഭൂരിപക്ഷം അല്പം കുറഞ്ഞാലും മണ്ഡലം കൈവിടില്ലെന്ന്്് എല്‍.ഡി.എഫ്. ഉറപ്പിക്കുന്നുണ്ട്്്. അതിനുള്ള സര്‍വശക്തിയും പ്രയോഗിക്കാനുള്ള പദ്ധതികളും ഇടതുതന്ത്രങ്ങളില്‍ ഒരുങ്ങുന്നു.2011-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ. വി.എസ്. സുനില്‍കുമാര്‍ 13570 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ സഖ്യകക്ഷിയായ ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലിനെ തോല്‍പ്പിച്ചു. 2016-ല്‍ ഇ.ടി. ടൈസണ്‍ ആര്‍.എസ്.പി.യിലെ എം.ടി. മുഹമ്മദ് നഹാസിനെ 33,440 വോട്ടിനാണ് തോല്‍പ്പിച്ചത്.

അഴിയൊഴുക്കുകള്‍ ഇല്ലാതെ നാട്ടിക 

1957-ല്‍ രൂപം കൊണ്ട നാട്ടിക മണ്ഡലം 2011-ല്‍ പുനര്‍നിര്‍ണയത്തോടെ പൂര്‍ണമായും രൂപം മാറി. ചേര്‍പ്പിലെ താന്ന്യം, ചാഴൂര്‍, ചേര്‍പ്പ്, പാറളം, അവിണിശ്ശേരി നാട്ടികയിലെ തളിക്കുളം, നാട്ടിക, വലപ്പാട് ,മണലൂരിലെ അന്തിക്കാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് പുതിയ മണ്ഡലം രൂപവത്കരിച്ചത്. ഇതോടെ ഇടതിന്റെ കുത്തക മണ്ഡലമായിരുന്ന ചേര്‍പ്പ് ഇല്ലാതായി. അതേസമയം പഴയ നാട്ടിക ഇരുമുന്നണികളോടും അടുപ്പം പുലര്‍ത്തിയിട്ടുണ്ട്. അന്തിക്കാടാകട്ടെ ശക്തമായ ഇടതുകോട്ടയും. സംവരണ മണ്ഡലമായ പുതിയ നാട്ടികയില്‍ രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ചത് സി.പി.ഐ.യിലെ ഗീതാ ഗോപിയാണ്. 2011-ല്‍ സി.എം.പി.യിലെ വികാസ് ചക്രപാണിയെ 16054 വോട്ടിന് തോല്‍പ്പിച്ചപ്പോള്‍ 2016-ല്‍ കോണ്‍ഗ്രസിലെ കെ.വി. ദാസനെ തോല്‍പ്പിച്ചത് 26,777 വോട്ടിനാണ്.

ഇടതിന്റെ മണ്ഡലം എന്ന വിശേഷണമുള്ള നാട്ടികയില്‍ പുതിയ സ്ഥാനാര്‍ഥികളെയാണ് മൂന്നുമുന്നണികളും രംഗത്തിറങ്ങിയിരിക്കുന്നത്. നല്ല ആത്മവിശ്വാസവുമായി എല്‍ഡി.എഫ്. മുന്നേറുമ്പോള്‍ ഇത്തവണ മണ്ഡലം പിടിക്കാനുറച്ച് തന്നെയാണ് യു.ഡി.എഫ്. എന്നാല്‍, തദ്ദേശതിരഞ്ഞെടുപ്പിലുള്‍പ്പെടെ നിലനിര്‍ത്താനായ വോട്ടുവളര്‍ച്ചയിലാണ് എന്‍.ഡി.എ.യുടെ പ്രതീക്ഷ. മേഖലയില്‍ സി.പി.ഐ.യുടെ വളര്‍ച്ചയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന നേതാവ് സി.സി. മുകുന്ദനാണ് അവരുടെ സ്ഥാനാര്‍ഥി. ചുമട്ടുതൊഴിലാളിയായി ജീവിതമാരംഭിച്ച് ചെത്തുതൊഴിലാളിയായും മറ്റും ജീവിച്ച സി.സി. മുകുന്ദന്‍ പടിപടിയായാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലേയ്‌ക്കെത്തിയത്. സി.പി.ഐ.യുടെ കര്‍ഷക സംഘടനയായ ബി.കെ.എം.യു.വിന്റെ ജില്ലാ സെക്രട്ടറിയാണ്. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി ഗീതാഗോപിയുടെ പേര് കേള്‍ക്കുകയും പിന്നീടത് മുകുന്ദനിലെത്തുകയുമായിരുന്നു. തുടക്കത്തില്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും ഇപ്പോള്‍ മുകുന്ദനൊപ്പം ഗീത പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പുതുമുഖം എന്നതു മാത്രമല്ല ചെറുപ്പക്കാരനായ സ്ഥാനാര്‍ഥി എന്നതു കൂടിയാണ് യു.ഡി.എഫിന്റെ സുനില്‍ ലാലൂരിന് ലഭിക്കുന്ന സ്വീകാര്യത.അഞ്ചുവര്‍ഷമായി മണ്ഡലത്തിലെ സംഘടനാ പരിപാടികളില്‍ സജീവമായിരുന്നു കെ.പി.സി.സി. സെക്രട്ടറിയായ സുനില്‍. തൃശ്ശൂരിലെ ലാലൂര്‍ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ മുന്‍നിരക്കാരനായിരുന്നു സുനില്‍.

കെ.പി.എം.എസിന്റെ ജില്ലാ നേതാവായ ലോചനന്‍ അമ്പാട്ടിലൂടെ നാട്ടികയിലൊരു ഓളം സൃഷ്ടിക്കാനാണ് എന്‍.ഡി.എ.യുടെ നീക്കം. 211-ല്‍ 11144 വോട്ടു നേടിയ അവര്‍ക്ക് 2016-ല്‍ 33650 വോട്ടിലേയ്ക്കുയരാനായി. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും വോട്ടുശതമാനം നിലനിര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. ഈ വോട്ടു ശതമാനം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസം എന്‍.ഡി.എ.യ്ക്കുണ്ട്. ബി.ഡി.ജെ.എസി.ന്റെ ജില്ലാ നേതാവായിരുന്ന ലോചനനെ ബി.ജെ.പി.യിലേയ്‌ക്കെത്തിച്ചാണ് നാട്ടികയില്‍ മത്സരിപ്പിക്കുന്നത്. നാടന്‍പാട്ടു പാടിയും ജനങ്ങളിലേയ്ക്കിറങ്ങിച്ചെന്നും വോട്ടര്‍മാരുടെ ആവേശമേറ്റുന്നുണ്ട് ലോചനന്‍ അമ്പാട്ട്. വലിയ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ ഇടതിന്റെ ഈ ഉറച്ച മണ്ഡലത്തില്‍ അട്ടിമറിക്കുള്ള സാധ്യത കുറവാണ്‌.

കരുത്തര്‍ അണിനിരക്കുന്ന ഇരിങ്ങാലക്കുടയില്‍ ആരുനേടും

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ മൂന്നു മുന്നണികളും ഇരിങ്ങാലക്കുടയില്‍ നിര്‍ണായകശക്തികളാണ്. 2016-ല്‍ 33650 ആയിരുന്ന വോട്ടുവിഹിതം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. 42857-ലേക്ക് ഉയര്‍ത്തി മറ്റ് രണ്ടു മുന്നണികളുടെയും അടുത്തെത്തി. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിലും ഇരിങ്ങാലക്കുട നഗരസഭയിലടക്കം ഈ വോട്ട് വിഹിതം ഇടിയാതെ സൂക്ഷിക്കാനുമായി. അതേസമയം യു.ഡി.എഫിന്റെ വോട്ടുവിഹിതത്തില്‍ വ്യക്തമായ കുറവുണ്ടായി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതാണ് ഘടകങ്ങളിലൊന്ന്. മുന്നണി, പാര്‍ട്ടി സംവിധാനങ്ങളുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇവിടെ എല്‍.ഡി.എഫ്. പ്രചാരണം മുന്നോട്ടുപോകുന്നത്. ഇരിങ്ങാലക്കുടയില്‍ ജനിച്ചുവളര്‍ന്ന ആളെന്ന നിലയില്‍ മണ്ഡലത്തില്‍ തനിക്കുള്ള വ്യക്തിബന്ധങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ബിന്ദു ശ്രമിക്കുന്നുണ്ട്.

എന്‍.ഡി.എ. സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ അരങ്ങേറ്റവും മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയും വ്യക്തമായ നിലപാടുകളും അച്ചടക്കവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും എതിര്‍ചേരികളില്‍പോലും ആകാംക്ഷയും ഉത്കണ്ഠയും ഉയര്‍ത്തിയിട്ടുണ്ട്.പുതുതലമുറ വോട്ടര്‍മാര്‍ ജേക്കബ് തോമസിന്റെ പുതിയ അവതാരത്തെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുബാങ്കിനെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുന്നു എന്നതും. ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ. വോട്ടിങ് ശതമാനം വര്‍ധിപ്പിച്ചാല്‍ അത് ക്ഷീണമാകുക എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിനാകും.

യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനാകട്ടെ കാല്‍നൂറ്റാണ്ടായി മണ്ഡലത്തിലാകെ പരിചിതനാണ്. കഴിഞ്ഞ തവണ തോറ്റിട്ടും അദ്ദേഹം മണ്ഡലത്തില്‍ സക്രിയമായിരുന്നു. ഏതാവശ്യത്തിനും സമീപിക്കാവുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന ഇമേജാണ് അദ്ദേഹത്തെപ്പറ്റി പൊതുവേ ഉള്ളത്. അതുതന്നെയാകാം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തുടക്കത്തിലുള്ള എതിര്‍പ്പ് അവഗണിച്ചും അദ്ദേഹത്തിന് തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കാരണമായത്. പരാജയപ്പെട്ടാല്‍ മുന്നണിക്കുണ്ടാകാവുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന തിരിച്ചറിവും മണ്ഡലത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ഉള്ളിലെ സൗന്ദര്യപ്പിണക്കങ്ങള്‍ കുറയ്ക്കുന്ന ഘടകമാണ്. 1996-ലായിരുന്നു നിലവിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ മണ്ഡലത്തിലെ അരങ്ങേറ്റം. അന്ന് ലോനപ്പന്‍ നമ്പാടനുമായി വീറുറ്റ മത്സരം കാഴ്ചവെക്കാനായെങ്കിലും പരാജയപ്പെട്ടു. 2001, 2006, 2011 വര്‍ഷങ്ങളില്‍ ഉണ്ണിയാടന്‍ തന്നെ വിജയം ആവര്‍ത്തിച്ചു. 2016-ല്‍ സി.പി.എമ്മിലെ കെ.യു. അരുണനോട് 2711 വോട്ടിന് ഉണ്ണിയാടന്‍ പരാജയപ്പെട്ടു.

മണലൂരില്‍ മുരളി പെരുനെല്ലി ഹാട്രിക് സ്വന്തമാക്കുമോ?

15 തിരഞ്ഞെടുപ്പ്, 11 വിജയം എന്ന പാരമ്പര്യത്തിനുടമകളായ യു.ഡി.എഫിന് ഇത്തവണ അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡി.സി.സി.അധ്യക്ഷന്‍ ഒ. അബ്ദുറഹിമാന്‍കുട്ടിയെ മലര്‍ത്തിയടിച്ച മുരളി പെരുനെല്ലിയെ തന്നെയാണ് ഇത്തവണ അവര്‍ക്ക് നേരിടേണ്ടത്. മണ്ഡല പാരമ്പര്യം നഷ്ടപ്പെടാതിരിക്കാന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും െഎ.ടി. സെല്‍ കണ്‍വീനറുമായ വിജയ് ഹരിയെയാണ് യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. പുതുമുഖം എന്ന അനുകൂല ഘടകവും  കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മുരളി പെരുനെല്ലി മണ്ഡലത്തില്‍ ആമുഖം വേണ്ടാത്ത വ്യക്തിത്വമാണ്. മൂന്നാം തവണയാണ് അദ്ദേഹം മണലൂരുകാരുടെ മനമറിയാനൊരുങ്ങുന്നത്. മത്സരിച്ച രണ്ടുതവണയും വിജയം മുരളിക്കൊപ്പമായിരുന്നു. 2016-ല്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 19,325 വോട്ടുകള്‍ക്കാണ് മുരളി പെരുനെല്ലി ഇടതിന്റെ കൊടി പാറിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ അവസാന അവസരമാകും ഇത്തവണത്തേതെന്ന പ്രചാരണവും അദ്ദേഹത്തിന് അനുകൂല തരംഗമുണ്ടാക്കിയേക്കാം.

2011-ലെ 10,543-ല്‍ നിന്ന് 2016-ല്‍ 37,680 വോട്ടിലേയ്ക്ക് ബി.ജെ.പി.െയ എത്തിച്ച എ.എന്‍. രാധാകൃഷ്ണന്‍ വീണ്ടും മത്സരിക്കുമ്പോള്‍ എന്‍.ഡി.എ.യ്ക്കും പ്രതീക്ഷകളേറെയാണ്. 2016-നു ശേഷം മണലൂരില്‍ നിലയുറപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും രാധാകൃഷ്ണന് അനുകൂലമാകും. മാത്രമല്ല, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഏറെ മുന്‍പേ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും എ.എന്‍. രാധാകൃഷ്ണന് ഗുണകരമായി.

ചേലക്കരയില്‍ ഇടത് കോട്ട നിലനിര്‍ത്തുമോ? 

മണ്ഡലത്തെ നാല് തവണ പ്രതിനിധാനംചെയ്ത വ്യക്തിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന്‍. തുടര്‍ച്ചയായി നാലുതവണ എം.എല്‍.എ.യാണ് എന്നത് മാത്രമല്ല, രാധാകൃഷ്ണന്റെ പ്രത്യേകത. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ്. 1996ലെ കന്നിയങ്കത്തില്‍ തന്നെ വിജയിച്ചു കയറിയ കെ. രാധാകൃഷ്ണന്‍ പട്ടികജാതി - യുവജനക്ഷേമ മന്ത്രിയായി. ഇതോടെ ചേലക്കരയുടെ രാഷ്ട്രീയഗതിമാറി. പിന്നീട് 2001, 2006, 2011 കെ. രാധാകൃഷ്ണന്‍ തന്നെ വിജയിച്ചു.ഇതില്‍ 2006-ല്‍ കേരള നിയമസഭ സ്പീക്കറുമായി രാധാകൃഷ്ണന്‍. 2016-ല്‍ സി.പി.എം. പുതുമുഖമായ യു.ആര്‍. പ്രദീപിനെയിറക്കി നടത്തിയ പരീക്ഷണവും വിജയിച്ചു.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.സി. ശ്രീകുമാര്‍. കെ.പി.സി.സി. സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി. ശ്രീകുമാറിലൂടെ ചേലക്കരയില്‍ അട്ടിമറി വിജയമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ വികസന നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നുണ്ട്. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ നടത്തിയതിന് സമാനമായ മണ്ഡലത്തിലൂടെ പദയാത്ര നടത്തിയാണ് ശ്രീകുമാര്‍ ഇത്തവണ സംഘടന ചലിപ്പിച്ചതും ആളുകളെ നേരിട്ട് കണ്ട് വോട്ട് ചോദിച്ചതും

ലോക്സഭയിലേക്കും ചേലക്കരയില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ച് പരിചയമുള്ള പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിനെയാണ് ഇത്തവണയും എന്‍.ഡി.എ. മണ്ഡലത്തിലിറക്കിയിരിക്കുന്നത്. എന്‍.ഡി.എ.യ്ക്ക് മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ ഭരണം പിടിക്കാനായതും ഭൂരിഭാഗം പഞ്ചായത്തുകളിലും ബ്ലോക്കിലേക്കും അംഗങ്ങളെ വിജയിപ്പിച്ചയക്കാനായതും സ്ഥാനാര്‍ഥിയുടെയും മുന്നണിയുടെയും ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

ട്വിസ്റ്റുകള്‍ നിറഞ്ഞ ഗുരുവായൂര്‍

കാലങ്ങളായി ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് ഗുരുവായൂര്‍. ഒരു ഘട്ടത്തില്‍ ലീഗിന്റെ കോട്ടയെന്ന പേരും ഗുരുവായൂരിനുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു തവണയായി ലീഗിനിവിടെ പച്ചതൊടാനായിട്ടില്ല. സി.പി.എമ്മിന്റെ കെ.വി. അബ്ദുള്‍ ഖാദറെയാണ് കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ഗുരുവായൂരിലെ വോട്ടര്‍മാര്‍ പിന്തുണച്ചത്.2006-ല്‍ ആദ്യമായി മത്സരരംഗത്തെത്തിയ അബ്ദുള്‍ ഖാദര്‍ 12,309 വോട്ടിനാണ് വിജയിച്ചത്. 2011-ല്‍ ഭൂരിപക്ഷം 9968-ലേയ്ക്ക് താണെങ്കിലും 2016-ല്‍ 15,098-ലേയ്ക്കുയര്‍ന്ന്് മണ്ഡലചരിത്രത്തിലെ വലിയ ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി. സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് സി.പി.എം. കൊണ്ടുവന്ന നിബന്ധനകളുടെ ഭാഗമായാണ് ഗുരുവായൂരില്‍ എല്‍ഡിഎഫിന് എന്‍.കെ. അക്ബറെന്ന പുതിയ സ്ഥാനാര്‍ഥി വരുന്നത്. ചാവക്കാട് നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന അക്ബറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലേറിയത്. സി.പി.എം. ഏരിയാ സെക്രട്ടറിയെന്ന നിലയില്‍ മണ്ഡലം മുഴുവന്‍ സുപരിചിതനുമാണദ്ദേഹം. നല്ലൊരു സംഘാടകനെന്ന മികവുള്ള അക്ബറിന് സ്ഥാനാര്‍ഥിപ്രഖ്യാപനം നേരത്തെ നടന്നതിനാല്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 

പലതും കണക്കുകൂട്ടിത്തന്നെയാണ് ലീഗ് നേതൃത്വം കെ.എന്‍.എ.ഖാദര്‍ എന്ന പരിണതപ്രജ്ഞനെ ഗുരുവായൂരിലേക്ക് നിയോഗിച്ചത്. നിയമസഭാ സാമാജികനെന്ന നിലയില്‍ മൂന്നുഘട്ടങ്ങളിലായി ലഭിച്ച പ്രവര്‍ത്തനപരിചയമാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന് ലഭിക്കുന്ന മുന്‍തൂക്കം. അയല്‍ജില്ലയായ മലപ്പുറത്തുനിന്നെത്തി ഗുരുവായൂരുകാരുടെ വോട്ട് തേടുമ്പോഴും അന്യനല്ല താനെന്ന് തെളിയിക്കാന്‍ അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലീഗിന് ലഭിക്കാതെപോയിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവും ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ട്.

പ്രചാരണത്തില്‍ മുഴുകുന്നതിനിടയിലാണ് മണ്ഡലത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ.സി.നിവേദിതയുടെ പത്രിക തള്ളി. ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് എന്‍.ഡി.എ. പിന്തുണ പ്രഖ്യാപിക്കും വരെയുള്ള ചര്‍ച്ചകള്‍ ആ വോട്ടുകള്‍ എങ്ങോട്ടു പോവും എന്നതിനെക്കുറിച്ചായി മാറി. ആരുടേയും വോട്ടു വേണ്ട എന്ന് ഖാദര്‍ പറയാതിരുന്നതും ശ്രദ്ധേയം. ഖാദര്‍ ജയിക്കണമെന്നാണ് തന്റെ അഭിപ്രായം എന്ന് സുരേഷ്‌ഗോപി പറയുക കൂടി ചെയ്തതോടെ, കോ-ലീ-ബി ആരോപണത്തിന്റെ ശക്തി എല്‍.ഡി.എഫ്. കൂട്ടി.

എന്‍.ഡി.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ച 25,490 വോട്ടുകള്‍ പൂര്‍ണമായും ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥിക്ക് വീഴുമോ. അതില്‍ വിള്ളലുണ്ടായാല്‍ ഗുണം തങ്ങള്‍ക്കാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ക്യാമ്പ്. പാര്‍ട്ടിവോട്ടുകള്‍ക്കപ്പുറത്തേക്ക് വോട്ട് സമാഹരണത്തിന് അക്ബറിന്റെ സ്ഥാനാര്‍ഥിത്വത്തിന് ശേഷിയില്ല എന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്താല്‍ കേവലം 43 വോട്ടിന് വടക്കാഞ്ചേരിയിലെ ജയം ഒഴിച്ചാല്‍ കഴിഞ്ഞ തവണ യുഡിഎഫിനെ സംബന്ധിച്ച് തൃശ്ശൂരില്‍ നാണക്കേടാണ് മിച്ചം. ഗ്രൂപ്പ് പോരും സ്ഥിരം മുഖങ്ങളേയും നിര്‍ത്തിയുള്ള പരീക്ഷണമാണ് കോണ്‍ഗ്രസിന്റെ അടിവേരിളക്കിയത്. ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്ന 11 സീറ്റില്‍ 9 ഇടത്തും പുതുമുഖങ്ങളെ​ ഇറക്കിയാണ് പരീക്ഷണം. ഇത് ഫലം കാണുമെന്നും പകുതി സീറ്റിലെങ്കിലും വിജയിച്ചുകയറാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മന്ത്രിമാരായ സുനില്‍കുമാറും രവീന്ദ്രനാഥും മാറി നില്‍ക്കുന്നതിനാല്‍ ആ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നേരിടുന്നു. സിറ്റിങ് എംഎല്‍എമാരെ വിജയിപ്പിക്കാത്ത ചരിത്രം ഇത്തവണ ഒല്ലൂര്‍ തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിജയമണ്ഡലങ്ങളുടെ പട്ടികയില്‍ ജില്ലയില്‍ നിന്നുളള തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്നുളളത് ശ്രദ്ധേയമാണ്. സമുദായവോട്ടുകളുടെ സഹായത്തോടെ ജില്ലയില്‍ വോട്ടുവിഹിതം ഉയര്‍ത്താനാകുമെന്ന് തന്നെയാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. ഒപ്പം തൃശൂരില്‍ ഒരു അട്ടിമറിയും

കഴിഞ്ഞ തവണത്തെ പോലെ ജില്ല തൂത്തുവാരാന്‍ കഴുയുമോ എന്ന ആത്മവിശ്വാസം ഇക്കുറി ഇടതുപക്ഷം പങ്കുവെക്കുന്നില്ല. എങ്കിലും വലിയൊരു നഷ്ടം അവര്‍ അവര്‍ കണക്കുകൂട്ടുന്നില്ല. യുഡിഎഫ് അഞ്ച് എണ്ണം ഉറപ്പിക്കുന്നു. കാര്യങ്ങള്‍ അനുകൂലമായാല്‍ ഇത് ഏഴ് വരെയാകാമെന്നും അവര്‍ പറയുന്നു. മറുവശത്ത് എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകള്‍ ഏഴാണ്. തുടര്‍ഭരണം ഒരു തരംഗമായാല്‍ ഇത് 11 വരെ ആകാമെന്നും അവര്‍ പറയുന്നു

 

Content Highlights:Kerala Assembly Election 2021: Thrissur District Round Up  ​