കെ. കരുണാകരന്റെ അപ്രമാദിത്വം നിലനിന്നകാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, വളരെ പതുക്കെ ഇടതുപക്ഷം സ്വാധീനം വിപുലപ്പെടുത്തിവന്നു. കഴിഞ്ഞ മൂന്ന് നിയമസഭാതിരഞ്ഞെടുപ്പിലും കൂടുതല്‍ മണ്ഡലങ്ങളും ഇടതാണ് നേടിയത്.
മന്ത്രി വി.എസ്. സുനില്‍കുമാറിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന തൃശ്ശൂര്‍തന്നെയാണ് പ്രധാനപ്പെട്ട മണ്ഡലം. സി.പി.ഐ.യുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സുനിലിന്റെ സാധ്യത കുറഞ്ഞുവെന്നാണ് പറച്ചില്‍. എന്നാല്‍, തുടര്‍ഭരണസാധ്യതയിലേക്കുള്ള പ്രയാണത്തില്‍ ഓരോ സീറ്റും പ്രധാനമാണെന്നും മുന്നണിയില്‍നിന്ന് ഏറ്റവും ജയസാധ്യതയുള്ള ആളിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്തണമെന്നുമുള്ള വാദവും ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍നിന്നാകട്ടെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലാകും രംഗത്തിറങ്ങുകയെന്നത് പാര്‍ട്ടിവൃത്തങ്ങള്‍ ഏറക്കുറെ ഉറപ്പിക്കുന്നു.
പ്രൊഫ. സി. രവീന്ദ്രനാഥ് പാര്‍ട്ടിയുടെ നിലവിലെ മാനദണ്ഡമനുസരിച്ച് രംഗത്തുണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പൊതുവിദ്യാഭ്യാസരംഗത്തെ പുരോഗതിമുന്‍നിര്‍ത്തി പ്രചാരണം തുടങ്ങിയിരിക്കുന്ന മുന്നണി മാഷിന് ഒരവസരംകൂടി കൊടുത്തേക്കും. എ.സി. മൊയ്തീന്റെ കാര്യത്തില്‍ ഇത്തരം മാനദണ്ഡപ്രശ്‌നങ്ങളില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കുന്നംകുളത്തുനിന്നുതന്നെ മത്സരം ഉറപ്പിക്കാം. രണ്ടിടത്തും കോണ്‍ഗ്രസ് പരീക്ഷിക്കാനുദ്ദേശിക്കുന്നത് പുതുമുഖങ്ങളെയാണ്. ഒല്ലൂരില്‍ ചീഫ്വിപ്പ് കെ. രാജന്‍ വീണ്ടും രംഗത്തിറങ്ങുമെന്നതും ഉറപ്പിക്കാം. കോണ്‍ഗ്രസില്‍നിന്ന് ഇവിടെ ആറിലധികംപേരാണ് ലിസ്റ്റിലുള്ളത്.
ഗുരുവായൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ സി.പി.എം. പ്രതിനിധികളുടെ മത്സരഭാവി മാനദണ്ഡങ്ങള്‍ അനുസരിച്ചാകും. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ ചാലക്കുടി ലക്ഷ്യമാക്കി നീക്കംനടത്തുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.പി.വിന്‍സെന്റും മറ്റൊരു യുവനേതാവുമാണ് ഇവിടേക്ക് പരിഗണിക്കുന്ന മറ്റുള്ളവര്‍.
ഗുരുവായൂര്‍ ഏറെക്കാലമായി ലീഗിന്റെ സീറ്റാണ്. ഇവിടെ മൂന്നുതവണ തോറ്റതിനാല്‍ പൊതുചിഹ്നത്തില്‍ സ്വതന്ത്രനെ പരിഗണിക്കമെന്ന നിര്‍ദേശം ഒരു മുന്‍ന്യായാധിപനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, ലീഗ് മനസ്സുതുറന്നിട്ടില്ല. വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കരയാണെന്നത് ഉറപ്പ്. ലൈഫ് ഫ്‌ളാറ്റ് കേസിലടക്കം കണ്ണിലെ കരടായ അക്കരയെ അട്ടിമറിക്കാന്‍ പുതുരക്തത്തെയാണ് സി.പി.എം. തേടുന്നത്.
കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചേലക്കര, മണലൂര്‍ എന്നിവടങ്ങളില്‍ ഇടതുമുന്നണി സിറ്റിങ് എം.എല്‍.എ.മാരെത്തന്നെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ഇവിടെയൊക്കെ മുന്‍ എം.എല്‍.എ.മാരെയും പുതുരക്തങ്ങളെയുമൊക്കെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ജില്ലയില്‍ മറ്റൊരു കൗതുകം പ്രതീക്ഷിക്കുന്നത് ഇരിങ്ങാലക്കുടയിലാണ്. ഇവിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനാകും യു.ഡി.എഫ്. സ്ഥാനാര്‍ഥിയെന്നത് ഏറക്കുറെ തീര്‍ച്ചയാണ്.
ഇടതുമുന്നണിയില്‍ സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് കിട്ടാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇരുപാര്‍ട്ടിയും തമ്മിലുള്ള മത്സരമാകും. ബി.ജെ.പി. പക്ഷത്തുനിന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസും ഇവിടെ സ്ഥാനാര്‍ഥിയായേക്കും. ഇടതില്‍ പുതുതായെത്തിയ എല്‍.ജെ.ഡി.ക്ക് ജില്ലയില്‍ സീറ്റുനല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇത്തരം തീരുമാനങ്ങള്‍ വന്നാലേ സ്ഥാനാര്‍ഥിനിര്‍ണയം ചൂടുപിടിക്കൂ.
ജില്ലയെ സംബന്ധിച്ച് അഞ്ചുമണ്ഡലത്തിലെങ്കിലും വലിയ പ്രതീക്ഷയാണ് എന്‍.ഡി.എ.യ്ക്ക്. സന്ദീപ് വാര്യര്‍ തുടങ്ങിയവരെ രംഗത്തിറക്കുമെന്നാണ് സൂചന.
Content Highlights:Kerala Assembly Election 2021 Thrissur District Round Up