വൈകിയെത്തി കോട്ട പിടിക്കുമോ? 

മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം യു.ഡി.എഫ്. കൈവിട്ട കോട്ടയാണ് തൃശ്ശൂര്‍. കഴിഞ്ഞതവണ 6987 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി.എസ്. സുനില്‍കുമാര്‍ കൈക്കലാക്കിയ തൃശ്ശൂരിനെ തിരികെപ്പിടിക്കുകയെന്നത് യു.ഡി.എഫിന്റെ അഭിമാനപ്രശ്‌നമാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ആശങ്ക മറികടന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ തന്നെ ഇവിടെ ആരാണ് സ്ഥാനാര്‍ഥി എന്ന സൂചന നല്‍കിയാണ്. ആ സൂചന ശരിയാകുകയും ചെയ്തു. പത്മജാ വേണുഗോപാല്‍ സ്ഥാനാര്‍ഥിയായി എതിര്‍സ്ഥാനാര്‍ഥികളേക്കാള്‍ പ്രചാരണത്തില്‍ ഒരു റൗണ്ട് മുന്നേറുകയും ചെയ്തു.

തൃശ്ശൂര്‍ മണ്ഡലം ഇളക്കാനായി എന്‍.ഡി.എ. രംഗത്തിറക്കിയ സുരേഷ് ഗോപിയുടെ പര്യടനം മറ്റു രണ്ട് മുന്നണികളേക്കാള്‍ ഏറെ വൈകുകയും ചെയ്തു. ഇവയൊക്കെ കൈമുതലാക്കിയായിരുന്നു കോട്ട തിരികെ പിടിക്കാനുള്ള യു.ഡി.എഫിന്റെ തേരോട്ടം.

മണ്ഡലത്തില്‍ ഒരു തവണ മത്സരിച്ചതിന്റെ അനുഭവജ്ഞാനവുമായാണ് എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയത്.

ലോക്സഭാ മത്സരത്തില്‍ തൃശ്ശൂരിന് സുപരിചിതനായ താരം എന്‍.ഡി.എ.യുടെ സുരേഷ് ഗോപി ഇത്തവണ പ്രചാരണത്തിന് വൈകിയെത്തിയത് മറ്റ് രണ്ട് മുന്നണിക്കും അനുകൂലമായിട്ടുണ്ട്. ഈ വൈകലിന്റെ ഗുണമായിരിക്കും കോട്ട ആര്‍ക്കെന്ന് തീരുമാനിക്കുക. ചിലപ്പോള്‍, വൈകിയെത്തിയയാള്‍ത്തന്നെ കോട്ട തകര്‍ക്കുന്ന കാഴ്ചയുമുണ്ടായേക്കാം.

പതിനെട്ടടവും പയറ്റി മണലൂര്‍

മണലൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ മാത്രമാണ് എല്‍.ഡി.എഫിന് വിജയപ്പതാക ഉയര്‍ത്താനായത്. അതിന്റെ വിജയശില്പിയായ മുരളി പെരുനെല്ലിയെയാണ് ഇവിടെ മൂന്നാമങ്കത്തിന് രംഗത്തിറക്കിയത്. വിജയ് ഹരി എന്ന പുതുമുഖത്തെ യു.ഡി.എഫ്. രംഗത്തിറക്കിയത് പരമ്പരാഗത വോട്ടുകളും പുതുതലമുറയുടെ വോട്ടും ഉറപ്പാക്കാനുള്ള തന്ത്രം മെനഞ്ഞാണ്. അപ്രതീക്ഷിതമായിരുന്നു ഈ സ്ഥാനാര്‍ഥി പ്രഖ്യാപനവും. ബിസിനസിലും കോണ്‍ഗ്രസിന്റെ െഎ.ടി.സെല്ലിലും പ്രവര്‍ത്തനവിജയം കണ്ട വിജയ് ഹരിക്ക് സമൂഹത്തിലുള്ള ബന്ധവും പരിചയങ്ങളും വോട്ടാക്കി മാറ്റാനുള്ള ശേഷിയുണ്ടെന്ന് യു.ഡി.എഫ്. വിലയിരുത്തിയാണ് സ്ഥാനാര്‍ഥിത്വം നല്‍കിയത്.

ഇരുമുന്നണികളും വിജയതന്ത്രങ്ങള്‍ മെനയുന്നതിനിടെ രണ്ടാമൂഴത്തിന് എത്തിയ എന്‍.ഡി.എ.യിലെ എ.എന്‍. രാധാകൃഷ്ണന്‍ ഉയര്‍ത്തിയ െവല്ലുവിളി ചെറുതൊന്നുമല്ല. കഴിഞ്ഞതവണ രാധാകൃഷ്ണന്‍ നേടിയത് 37,680 വോട്ടാണ്. ഇത് 50,000-ത്തിേലക്ക് എത്തിച്ചാല്‍ മറ്റ് രണ്ട് മുന്നണികളുടേയും നില പരുങ്ങലിലാകും.കോട്ട കാക്കാനും പിടിച്ചെടുക്കാനും എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെ എന്‍.ഡി.എ. നടത്തിയ നിശ്ശബ്ദമായ മുന്നേറ്റം ഇരുവരേയും ആശങ്കയിലാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19,325 വോട്ടിന്റെ ഭൂരിപക്ഷം എന്ന ആശാവഹമായ വസ്തുതയിലൂന്നി പ്രവര്‍ത്തനത്തിനിറങ്ങിയ എല്‍.ഡി.എഫ്. പക്ഷേ അവസാന ഘട്ടത്തില്‍ വലിയ ഭൂരിപക്ഷം എന്ന സ്വപ്നം കൈവിട്ട് വിജയം എന്ന ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്. എല്‍.ഡി.എഫിലെ ഈ ആശങ്കയാണ് മറ്റു സ്ഥാനാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും.

നോട്ടങ്ങളെല്ലാം നാട്ടികയിലേക്ക്

യു.ഡി.എഫും എല്‍.ഡി.എഫും സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഏറ്റവും പിന്നാക്കം പോയ ഏക മണ്ഡലം. മൂന്നു മുന്നണികളുടേയും പുതുമുഖ സ്ഥാനാര്‍ഥികള്‍. ചുമട്ടുതൊഴിലാളിയെ രംഗത്തിറക്കി എന്‍.ഡി.എ.യും വേറിട്ട തന്ത്രം പ്രയോഗിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ ലോജനനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.പി.െഎ.യിലെ സി.സി. മുകുന്ദനും യു.ഡി.എഫിലെ സുനില്‍ ലാലൂരും പുതുമുഖങ്ങള്‍ തന്നെ. പ്രചാരണത്തിലെ പരിമിതികളോ വോട്ടര്‍മാരുടെ അലംഭാവമോ എന്നറിയില്ല പോളിങ്ങില്‍ വളരെ പിന്നാക്കം േപായി നാട്ടിക. പോളിങ് ദിവസം ഉച്ചവരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ േപാളിങ് നടന്നതും നാട്ടികയിലാണെന്നത് മറ്റൊരു കാര്യം.

രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മണ്ഡലത്തില്‍ കൊടി പാറിക്കുന്ന കാര്യം മുന്നണികള്‍ തീരുമാനിക്കുക. എന്‍.ഡി.എ. ഒഴികെ രണ്ട് മുന്നണികള്‍ക്കും മറ്റ് സ്ഥാനാര്‍ഥിമോഹികളുണ്ടായിരുന്നു. മോഹം മാറ്റിവെച്ച് ഇവര്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനും പിന്നീട് ഇറങ്ങിയിരുന്നു. ഇവരുടെ അണികളുടെ പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതയാണ് ഇവിടെ ആര് ജയിക്കണമെന്നത് തീരുമാനിക്കുക. എന്‍.ഡി.എ. സ്ഥാനാര്‍ഥി നേടുന്ന വോട്ടാണ് രണ്ടാമത്തെ ഘടകം.

എളുപ്പമല്ല കൊടുങ്ങല്ലൂര്‍ കോട്ട പിടിക്കാന്‍

സി.പി.ഐ.യുടെ എക്കാലത്തേയും കോട്ട എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരില്‍ കാല്‍നൂറ്റാണ്ടിനിടെ രണ്ടുതവണ വിജയക്കൊടി പാറിച്ചിട്ടുണ്ട് യു.ഡി.എഫ്. കഴിഞ്ഞതവണ മണ്ഡലം സി.പി.െഎ. തിരികെപ്പിടിച്ചത് വലിയ ഭൂരിപക്ഷത്തിനാണ്. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി വി.ആര്‍.സുനില്‍കുമാര്‍ ജയിച്ചത് 22791 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. മണ്ഡലത്തിലെ എക്കാലത്തേയും റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഇത്.

കഴിഞ്ഞതവണ വിജയിച്ച സുനില്‍കുമാര്‍ തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ഥി. പക്ഷേ അപ്രതീക്ഷിതമായി യു.ഡി.എഫ്. നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനവും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയും എല്‍.ഡി.എഫിന് വെല്ലുവിളിയാണ്. ഈ വെല്ലുവിളി പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കാണാനായതുമാണ്.

യു.ഡി.എഫിലെ എം.പി. ജാക്‌സനാണ് മണ്ഡലത്തില്‍ പുതുമുഖമായി എത്തിയിരിക്കുന്നത്. അതാണ് കോട്ട കാക്കാന്‍ എല്‍.ഡി.എഫ്. നിയോഗിച്ചവരെ അസ്വസ്ഥരാക്കുന്നതും. ആദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായ എല്‍.ഡി.എഫ്. പക്ഷേ, അതേ തരംഗം അവസാനം വരെ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. മെല്ലെ മുന്നേറ്റം നടത്തിയ യു.ഡി.എഫ്. ആകട്ടെ അവസാന ഘട്ടത്തില്‍ പ്രചാരണത്തില്‍ വലിയ നേട്ടവുമുണ്ടാക്കി. നാട്ടുകാരനെന്ന സവിശേഷത സുനില്‍കുമാറിനെ തുണയ്ക്കുമ്പോള്‍ എം.പി. ജാക്‌സണ്‍ എന്ന് കേട്ടുപരിചയമുള്ള പേര് നാട്ടുകാരിലൊരാളായി തോന്നിക്കുന്നത് തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി കൈപ്പത്തി ചിഹ്നം മണ്ഡലക്കാര്‍ക്ക് സുപരിചിതവുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്ക്ക് വലിയ മുന്നേറ്റം നടത്താനായ മണ്ഡലത്തില്‍ മുന്നണിയുടെ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിനും കോട്ട പിടിക്കുന്ന കാര്യത്തില്‍ പലതും ചെയ്യാനാകും. എന്‍.ഡി.എ.യ്ക്ക് കോട്ട പിടിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും മറ്റ് രണ്ട് മുന്നണികളുടെ വോട്ട് ചോര്‍ത്തി വേണം അത് സാധ്യമാക്കാന്‍.