തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവസാന കണക്കുപ്രകാരം ഇത്തവണ 73.76 ശതമാനമാണ് ജില്ലയിലെ ആകെ പോളിങ് ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ 4.24-ന്റെ കുറവ്. കഴിഞ്ഞതവണ 78 ശതമാനമായിരുന്നു പോളിങ്.

ഏറ്റവും കൂടുതല്‍ വോട്ടു രേഖപ്പെടുത്തിയത് കയ്പമംഗലത്താണ്-76.91 ശതമാനം. തൊട്ടുപിന്നില്‍ കുന്നംകുളമാണ്-76.43 ശതമാനം.

ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഗുരുവായൂരിലാണ്-68.46 ശതമാനം. കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് തൃശ്ശൂരാണ്-68.86. ഗുരുവായൂരില്‍ പോളിങ് 4.72 ശതമാനവും തൃശ്ശൂരില്‍ 4.96 ശതമാനവും കുറഞ്ഞു.

ponlling percentageകഴിഞ്ഞതവണത്തേക്കാള്‍ ജില്ലയില്‍ പോളിങ് ശതമാനം ഏറ്റവും കുറഞ്ഞത് ചാലക്കുടിയിലാണ്-6.26. 5.71 ശതമാനം കുറവോടെ പുതുക്കാട് മണ്ഡലമാണ് തൊട്ടുപിന്നില്‍. നാട്ടികയിലും 5.08 ശതമാനം കുറഞ്ഞു. 2016-ല്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 80.91 ശതമാനം രേഖപ്പെടുത്തിയ വടക്കാഞ്ചേരിയില്‍ ഇക്കുറി 4.73 ശതമാനത്തിന്റെ കുറവുണ്ട്.

പക്ഷേ ചേലക്കരയിലും കുന്നംകുളത്തും കയ്പമംഗലത്തും പോളിങ്ങില്‍ കാര്യമായ കുറവില്ല. ചേലക്കരയില്‍ 1.81 ശതമാനവും കുന്നംകുളത്ത് 2.48 ശതമാനവും കയ്പമംഗലത്ത് 2.61 ശതമാനവും കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.