തൃശ്ശൂര്‍:ഫോട്ടോ ഫിനിഷിങ്ങിലെത്തുമ്പോള്‍ തരംഗങ്ങള്‍ മാറിമറിയുകയാണ് തൃശ്ശൂരില്‍. അവസാനം ശക്തമായ ഓളമുണ്ടാക്കിയാണ് പ്രിയങ്കാഗാന്ധി തൃശ്ശൂരില്‍നിന്ന് മടങ്ങിയത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി പത്മജാ വേണുഗോപാലിന് പ്രചാരണത്തില്‍ മുന്നേറാന്‍ ദേശീയനേതാവിന്റെ വരവ് കാരണമായി. ഇതിന് തുല്യമായ അലയടിയുണ്ടാന്‍ കഴിയുന്ന നേതാക്കളെ അവസാനഘട്ടത്തില്‍ രംഗത്തിറക്കാനായില്ലെന്നത് മറ്റ് രണ്ട് മുന്നണികളുടെയും പ്രശ്‌നം. എങ്കിലും സ്വയം സൃഷ്ടിച്ചെടുത്ത തരംഗവും താരപ്രഭയും സുരേഷ് ഗോപി നിലനിര്‍ത്തുന്നുണ്ട്.

മണ്ഡലം പിടിച്ചെടുത്ത് ജനസമ്മതി നിലനിര്‍ത്തുന്ന മന്ത്രി സുനില്‍കുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബാലചന്ദ്രനൊപ്പം രാപകലില്ലാതെ പ്രയത്‌നിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുകയാണ്. തൃശ്ശൂരില്‍ എല്‍.ഡി.എഫിന് ഉറച്ച വോട്ടുകളുണ്ട്. അവ നിലനിര്‍ത്തിയും മണ്ഡലത്തില്‍ വ്യക്തിപ്രഭാവത്തിന്റെ പേരില്‍ നേടിയ വോട്ടുകള്‍ ഇത്തവണത്തെ സ്ഥാനാര്‍ഥിയിലേക്കെത്തിക്കാനുമാണ് സുനിലിന്റെ ശ്രമം.

2016-ലെ തിരഞ്ഞെടുപ്പില്‍ കണ്ട തൃശ്ശൂര്‍ മണ്ഡലമല്ല ഇത്തവണത്തേത്. ശക്തമായ ത്രികോണമത്സരത്തിന് മാറ്റമൊന്നുമില്ല. ത്രികോണപ്പോരാട്ടത്തിലേക്കുള്ള തൃശ്ശൂരിന്റെ ഗതി തുടങ്ങിയത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയായിരുന്നു. ബി.ജെ.പി.യുടെ സ്വാഭാവിക വോട്ടുവിഹിതത്തിലും വളര്‍ച്ചയിലും പെട്ടെന്നാണ് മാറ്റം വന്നത്, സുരേഷ്ഗോപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ. താരപ്പകിട്ടിന്റെ ചിറകിലേറി ബി.ജെ.പി. തൃശ്ശൂര്‍ മണ്ഡലത്തില്‍ മെല്ലെ ഉയരുകയായിരുന്നു എന്നു പറയാം.

അത്തരമൊരു സാഹചര്യത്തിലാണ് എല്‍.ഡി.എഫിലെ പി. ബാലചന്ദ്രനും യു.ഡി.എഫിലെ പത്മജ വേണുഗോപാലും എന്‍.ഡി.എ.യിലെ സുരേഷ്ഗോപിയും തമ്മിലുള്ള പോരാട്ടം ഏറെ കടുത്തതാവുന്നത്.

2011-ലെ മത്സരത്തില്‍ ഏതൊക്കെ കോണുകളില്‍ നിന്നാണ് തനിക്ക് ക്ഷീണമുണ്ടായതെന്ന് ഒരു വിദ്യാര്‍ഥിയെപ്പോലെ പഠിച്ചശേഷമാണ് ഇക്കുറി ബാലചന്ദ്രന്‍ കളത്തിലേക്കിറങ്ങിയത്. തുടക്കംമുതലുള്ള ഒത്തൊരുമയും പ്രവര്‍ത്തനത്തിലെ അച്ചടക്കവും ആസൂത്രണവും പൂര്‍ണതയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്മജ ഇക്കുറി കളം അറിഞ്ഞുതന്നെയുള്ള പോരാട്ടമാണ് തുടക്കംമുതല്‍ തുടരുന്നത്. പാര്‍ട്ടി സംവിധാനം പൂര്‍ണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ബാലചന്ദ്രനെപ്പോലെ തൃശ്ശൂരില്‍ത്തന്നെ ഒരു തോല്‍വി അറിഞ്ഞതില്‍നിന്ന് പത്മജ ഏറെ പാഠം ഉള്‍ക്കൊണ്ടുള്ള വരവാണ് ഇക്കുറി. വിഭാഗീയതയും ചേരിപ്പോരും ഒട്ടുമില്ലെന്നതും പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നു.

മണ്ഡലത്തിലെ എല്ലായിടങ്ങളിലും പരമാവധി വീടുകളിലെത്തി നേരിട്ട് വോട്ടര്‍മാരെ കണ്ടുള്ള പ്രചാരണത്തിലേക്കാണ് പത്മജ ഇറങ്ങിയതും ഇപ്പോള്‍ നടത്തുന്നതും. അത് വളരെ ഫലവത്താണെന്ന് മുന്നണി വിലയിരുത്തുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴികളിലൂടെയുള്ള ഇത്തരം സഞ്ചാരമാണ് യു.ഡി.എഫ്. അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നത്. കരുണാകരകുടുംബത്തിന് തൃശ്ശൂരിലുള്ള സ്വാധീനവും ഉപയോഗപ്പെടുമെന്ന കണക്കുകൂട്ടല്‍ യു.ഡി.എഫിനുണ്ട്.

മത്സരത്തിന് അത്ര താത്പര്യം പോരാ എന്ന മട്ടില്‍ കളത്തിലേക്കിറങ്ങിയ സുരേഷ്‌ഗോപി പ്രചാരണത്തില്‍ ഒട്ടും പിന്നിലല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ട സുരേഷ്‌ഗോപിയില്‍നിന്ന് ഇത്തവണ കുറച്ചുകൂടി മണ്ഡലകേന്ദ്രീകൃതമായ ഒരു മാറ്റമാണ് കാണാനുള്ളത്. തൃശ്ശൂര്‍ മണ്ഡലത്തിന്റെ വികസനത്തിന് എന്തു ചെയ്യാന്‍ പറ്റും എന്ന ചിന്തകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ശബരിമല പോലുള്ള വികാരപരമായ വിഷയങ്ങളിലേക്ക് അദ്ദേഹം അധികം സഞ്ചരിക്കുന്നില്ല. എങ്കിലും ഇദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളില്‍ മേല്‍ത്തട്ടില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ വിജയത്തെ ബാധിക്കുമെന്ന് പാര്‍ട്ടിതന്നെ വിലയിരുത്തുന്നുമുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി. ജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഇവിടത്തെ വോട്ടിന്റെ എണ്ണത്തില്‍ കുറവ് വരാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും പാര്‍ട്ടിക്കുണ്ട്.

 

Content Highlights: Kerala Assembly Election 2021: Thrissur Constituency