തൃശ്ശൂര്‍: എല്‍.ഡി.എഫിന്റെ കണ്ണിലെ കരടായിരുന്നു അനില്‍ അക്കര. അനില്‍ അക്കര ഉയര്‍ത്തിയ ലൈഫ് മിഷന്‍ വിവാദം ചില്ലറയൊന്നുമല്ല ഇടതിനെ പിടിച്ചുകുലുക്കിയത്. ശക്തമായി പ്രതിരോധിച്ചിട്ടും ഉന്നയിച്ച ആരോപണങ്ങളില്‍ അക്കര ഉറച്ചുനിന്നു. അനിലും എ.സി. മൊയ്തീനും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ ലൈഫ് മിഷന്‍ കേരളത്തില്‍ കത്തിപ്പടര്‍ന്നു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ തവണ തൃശ്ശൂരില്‍ യു.ഡി.എഫിന് ഒരേയൊരു സീറ്റ് സമ്മാനിച്ച വടക്കാഞ്ചേരി പിടിച്ചെടുക്കുക എന്നുളളത് അഭിമാനപ്പോരാട്ടമായിട്ടാണ് ഇടതുമുന്നണി സ്വീകരിച്ചത്. വിവാദം സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയെങ്കിലും അത് ശക്തമായി നേരിടാന്‍ ഇടതുമുന്നണിക്കായതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഈ വിവാദം മുന്നണിയെ ബാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം ബാധിക്കില്ലെന്ന ഉറപ്പില്‍ തന്നെയായിരുന്നു ഇടത് മുന്നണി.

ഡി.വൈ.എഫ്‌.ഐ. നേതാവായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ കൃത്യമായ കണക്കുകൂട്ടലില്‍ തന്നെയാണ് എല്‍.ഡി.എഫ്. വടക്കാഞ്ചേരിയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിനെ സഭയിലും പുറത്തും നേരിടുന്ന അനില്‍ അക്കരയെ തളയ്ക്കുക എന്ന ദൗത്യമാണ് സേവ്യറിന് പാര്‍ട്ടി നല്‍കിയിരുന്നത്. 1970-നുശേഷം 2006-ല്‍ എ.സി. മൊയ്തീനിലൂടെ സി.പി.എം. പിടിച്ചെടുത്ത മണ്ഡലം ഒരിക്കല്‍കൂടി പിടിച്ചെടുക്കുകയെന്ന ദൗത്യവും. വടക്കാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ച സേവ്യര്‍ ജനകീയപ്രശ്നങ്ങളിലെ മുന്നണിപ്പോരാളിയാണ്. സാധാരണവീട്ടില്‍ ജനിച്ച്, സാധാരണക്കാരനായി കഴിയുന്നതിന്റെ ജനകീയതയുണ്ട്. വലിയ യുവജനപിന്തുണയുമുണ്ട്. 

ഇടതിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല, അനിലിന് കാലിടറി. രണ്ട് ടേം മാത്രമേ നില്‍ക്കൂവെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അനില്‍ അക്കര. എന്നാല്‍ ഈ പരാജയത്തോടെ ഇനി മത്സരരംഗത്തേക്കില്ലെന്നാണ് അനിലിന്റെ പ്രതികരണം.

ലൈഫ് മിഷന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്ന നേതാവെന്ന നിലയ്ക്ക് അനില്‍ അക്കരയ്ക്ക് സാധാരണക്കാരില്‍ വലിയ മതിപ്പ് ഉണ്ടായിരുന്നു. അഞ്ചുവര്‍ഷവും മണ്ഡലത്തിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തു. എം.എല്‍.എ.എന്ന പരിമിതിക്കുള്ളില്‍നിന്ന് പരമാവധി വികസനവും മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. പുഴയ്ക്കല്‍ പാലം വീതി കൂട്ടി ഏറെക്കാലമായുള്ള ഗതാഗതപ്രശ്‌നം പരിഹരിച്ചതും ഒട്ടേറെപ്പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കിയതും ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വോട്ടാക്കിമാറ്റാമെന്ന അനിലിന്റെ പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ അസ്തമിച്ചത്. 

Content Highlights: Kerala Assembly Election 2021 - Thrissur - Anil Akkara