കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാന്‍ യുഡിഎഫ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഒന്ന് തൃശൂര്‍ ജില്ലയിലെ ചേലക്കരയാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ കോണ്‍ഗ്രസ് ആണ് മത്സരിച്ചുവരുന്നത്. ഇവിടെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയുമായ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്..ഇവരെ മത്സരിപ്പിക്കുകയാണെങ്കില്‍ സ്ത്രീ-ദലിത്-മുസ്ലീം ഇതര പ്രാതിനിധ്യം ഉറപ്പിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 

ചേലക്കരയില്‍ പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടതായി കേട്ടിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജയന്തി രാജന്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ സന്തോഷത്തോടെ മത്സരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വയനാട് ഇരളം സ്വദേശിയാണ് ജയന്തി രാജന്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. 96 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ ഇടത് വിജയം നേടിയ ചേലക്കരയെ ഇടതുകോട്ടയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തില്‍ ആഞ്ഞുപിടിച്ചാല്‍ വിജയിക്കാമെന്ന് തന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. 

കഴിഞ്ഞ തവണ മുസ്ലീംലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ മൂന്ന് സീറ്റുകള്‍ കൂടി അധികമായി ലഭിക്കാനാണ് സാധ്യത. മിക്കവാറും ചേലക്കരയ്ക്ക് പുറമെ ബേപ്പൂര്‍, കൂത്തുപറമ്പ് സീറ്റുകളാകും നല്‍കുക. 27 സീറ്റുകളില്‍ ലീഗ് മത്സരിക്കും. രണ്ടുസീറ്റുകള്‍ വച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ട് ഉണ്ട്. ബാലുശ്ശേരിക്ക് പകരം ലീഗിന് കുന്ദമംഗലം നല്കിയേക്കുമെന്നും പുനലൂരും ചടയമംഗലവും വെച്ചുമാറുമെന്നുമാണ് സൂചനകള്‍.

 

Content Highlights: Kerala Assembly Election 2021: Muslim league to contest from Chelakkara