ഒന്നിളകി ചേലക്കര 

കാല്‍നൂറ്റാണ്ടായി ചേലക്കര മണ്ഡലം കോട്ടയാക്കി വെച്ചിരുന്ന എല്‍.ഡി.എഫിന് ഇത്തവണ ചെറിയ ഇളക്കം തട്ടി. യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.സി. ശ്രീകുമാറിന്റെ പ്രചാരണത്തുടക്കത്തില്‍ത്തന്നെ വന്ന ഒരു സര്‍വേ ഫലം അദ്ദേഹം ജയിക്കുമെന്നായിരുന്നു. പ്രചാരണത്തില്‍ ഏറെ മുന്നേറിയിരുന്ന എല്‍.ഡി.എഫിന് കനത്ത ഞെട്ടലായി ഈ കാര്യം. അതോടൊപ്പം യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കുകയും ചെയ്തു.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കെ. രാധാകൃഷ്ണന്റെ പേര് മാത്രം മതിയെന്ന ഇടത് ധാരണ മാറ്റിമറിച്ചായിരുന്നു മത്സരരംഗം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പിടിച്ചുനിര്‍ത്താന്‍ മുഴുസമയവും പ്രചാരണരംഗത്തിറങ്ങേണ്ടിവന്നു ഇടതിന്. മണ്ഡലം മുഴുവനും കാല്‍നടപ്രചാരണ ജാഥ എന്ന വജ്രായുധം യു.ഡി.എഫ്.സ്ഥാനാര്‍ഥി പ്രയോഗിച്ചതോടെ കോട്ട സംരക്ഷിക്കാന്‍ ഏറെ ശ്രമം വേണ്ടിവരുമെന്ന് എല്‍.ഡി.എഫ്. നേതൃത്വവും മനസ്സിലാക്കി.

മണ്ഡലത്തില്‍ പുതുമുഖമല്ലാത്ത സ്ഥാനാര്‍ഥിയെ എന്‍.ഡി.എ.യും രംഗത്തിറക്കിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായത് എല്‍.ഡി.എഫാണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട് പ്രചാരണത്തിന് ഊന്നല്‍ നല്‍കിയത് ശബരിമല പോലുള്ള സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങളാണ്.കുറഞ്ഞ ഭൂരിപക്ഷത്തോടെയെങ്കിലും മണ്ഡലം കൈവിടില്ലെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.

അത്ര അനായാസമല്ല കുന്നംകുളം

കാല്‍ നൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം എല്‍.ഡി.എഫിനെ കൈവിട്ട കുന്നംകുളം മണ്ഡലം ഇക്കുറി കെ. ജയശങ്കര്‍ എന്ന പുതുമുഖ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിറപ്പിച്ചിരിക്കുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.സി. മൊയ്തീനൊപ്പം തന്നെ പ്രചാരണത്തിലും വോട്ടുറപ്പിക്കലിലും ജയശങ്കര്‍ മുന്നേറിയതോടെ ഏറെ ശ്രമപ്പെടേണ്ടി വന്നു എല്‍.ഡി.എഫ്. നേതൃത്വത്തിന്. അത് എത്രത്തോളം ഫലിച്ചുവെന്നറിയണമെങ്കില്‍ ഫലം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇരുമുന്നണിക്കും വെല്ലുവിളിയുയര്‍ത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ എത്ര വോട്ട് ഉറപ്പിച്ചു എന്ന് കണക്കാക്കിയാല്‍ മതി.

മണ്ഡലത്തിലെ വികസനം വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസത്തിലാണ് അനായാസ വിജയമുറപ്പിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഇറങ്ങിയത്. യു.ഡി.എഫിലെ ചേരിപ്പോരും ഗ്രൂപ്പിസവും അപ്രസക്തനായ സ്ഥാനാര്‍ഥിയും എന്ന സ്ഥിരം ചടങ്ങ് ഇത്തവണയും മണ്ഡലത്തിലുണ്ടാകുമെന്ന ധാരണ അട്ടിമറിച്ചാണ് ജയശങ്കര്‍ വന്നത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രബലരായ കേന്ദ്ര-സംസ്ഥാന നേതാക്കളെ യു.ഡി.എഫ്. രംഗത്തിറക്കിയതോടെ എല്‍.ഡി.എഫ്. ആശങ്കയിലായി. വിജയം ഉറപ്പിക്കാനായി ജാതീയ വോട്ടുകള്‍ വിഘടിപ്പിക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം തടഞ്ഞ് എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.കെ. അനീഷ് കുമാര്‍ എത്തിയതോടെ മത്സരം കടുത്തു.

പതിനെട്ടടവും കണ്ട കയ്പമംഗലം

33440 വോട്ടെന്ന മഹാഭൂരിപക്ഷം. ഈ കരുത്തിലാണ് എല്‍.ഡി.എഫ്. കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കയ്പമംഗലത്ത് രണ്ടാമൂഴത്തിന് ഇ.ടി. ടൈസണ്‍ ഇറങ്ങിയത്. എന്നാല്‍ കളം മാറ്റിച്ചവിട്ടി യു.ഡി.എഫ്. രണ്ട് ചുവടുകളാണ് ഒന്നിച്ചുവെച്ചത്. മണ്ഡലചരിത്രത്തില്‍ ആദ്യമായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരം ഒരുക്കി. അത് എല്‍.ഡി.എഫിന് ആദ്യ പ്രഹരമായി. അത്ര പരിചിതമല്ലാത്ത മുഖങ്ങളെ കണ്ട് മടുത്ത മണ്ഡലത്തില്‍ നാട്ടുകാരനായ യുവാവിനെ രംഗത്തിറക്കി. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്ന് നിയമബിരുദത്തിന്റെ പടിക്കലെത്തിയ സാധാരണക്കാരനെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയത്. ജീവിതത്തിലെ പ്രതിസന്ധികള്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ സമര്‍ഥനായ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ സാന്നിദ്ധ്യം ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കി.

അനായാസ ജയം എന്ന വിശ്വാസത്തില്‍നിന്ന് ഏതുവിധേനയും ജയം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയെന്നതിനുള്ള പരിശ്രമമായിരുന്നു പിന്നീട് ഇടത് ക്യാമ്പില്‍. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന അവസാന ഘട്ടത്തില്‍ കടല്‍യാത്രയെന്ന തുറുപ്പുഗുലാനിറക്കി എല്‍.ഡി.എഫ്. തീരദേശയാത്രയ്‌ക്കെത്തിയ പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം അതിനും മേലെ മൈലേജ് നല്‍കി യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക്.

എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്രീലാലിന്റെ സാന്നിധ്യം ഇരുമുന്നണിക്കും വെല്ലുവിളിയാണ്. ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥിയായ ശ്രീലാലിന് ബി.ജെ.പി.യില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന പ്രചാരണമുണ്ട്. ഇക്കാര്യം ശരിയാണെങ്കില്‍ ഈ വോട്ടുകളാകും ഫലം തീരുമാനിക്കുക.

വിയര്‍പ്പിച്ച് ഗുരുവായൂര്‍ 

കാല്‍ നൂറ്റാണ്ടിനിടെ എല്‍.ഡി.എഫിന് ഒരിക്കല്‍ മാത്രം കൈമോശം വന്ന മണ്ഡലമാണ് ഗുരുവായൂര്‍. പുതുമുഖത്തെ ആദ്യമേയിറക്കി മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കാനുറച്ച എല്‍.ഡി.എഫിന് ജില്ലയിലെ ഏറ്റവും വലിയ ആഘാതമായിരുന്നു യു.ഡി.എഫ്. അവതരിപ്പിച്ച സ്ഥാനാര്‍ഥി. ജനകീയതയും മതേതര മുഖവുമുള്ള കെ.എന്‍.എ. ഖാദര്‍ മണ്ഡലത്തിലെത്തിയതോടെ ചിത്രം മാറി. ജയം ഉറപ്പിച്ചിറങ്ങിയ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി എന്‍.െക. അക്ബര്‍ തുടക്കം മുതല്‍ വിയര്‍ക്കുന്നത് കാണാമായിരുന്നു.

ഗുരുവായൂരില്‍ എന്‍.ഡി.എ.യ്ക്ക് സ്ഥാനാര്‍ഥിയില്ലാതായതോടെ ആ വോട്ട് ആര്‍ക്ക് എന്ന് മൂന്ന് മുന്നണികളും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി വെടിപൊട്ടിച്ചത്. എന്‍.ഡി.എ.യുടെ വോട്ട് കിട്ടാന്‍ എന്തുകൊണ്ടും അര്‍ഹത കെ.എന്‍.എ. ഖാദറിനാണെന്നായിരുന്നു പരസ്യപ്രഖ്യാപനം.

സുരേഷ് ഗോപിയുടെ പരസ്യപ്രഖ്യാപനം നേതൃത്വം തള്ളിയെങ്കിലും എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിന് പിന്നില്‍ ഇത്തരമൊരു അജന്‍ഡയുണ്ടായിരുന്നോ എന്ന് സംശയം തോന്നാം. താത്ത്വികമായും മുഖം രക്ഷിക്കാനും എന്‍.ഡി.എ., ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. അതാകട്ടെ ബഹുഭൂരിപക്ഷം വരുന്ന എന്‍.ഡി.എ. പ്രവര്‍ത്തകര്‍ക്ക് തൃപ്തിയായതുമില്ല. അതിന് കാരണമുണ്ട്. അണികള്‍ ചോദിക്കുന്നു- എന്തുകൊണ്ടാണ് അഭിഭാഷക കൂടിയായ സ്ഥാനാര്‍ഥിയുടെയും ഡമ്മിയുടെയും പത്രിക തള്ളിപ്പോയത്? ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ഇത്തവണ ഗുരുവായൂരിലെ വിധി നിര്‍ണയിക്കുക.

 

Content Highlights:Kerala Assembly Election 2021, Key Constituencies in Thrissur