കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിഎംപി ഇത്തവണ മൂന്നുസീറ്റുകള്‍ ആവശ്യപ്പെടുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍. 2011-ല്‍ മത്സരിച്ച നെന്മാറ, കുന്നംകുളം,നാട്ടിക മണ്ഡലങ്ങള്‍ തന്നെയാണ് സി.എം.പി. ആവശ്യപ്പെടുന്നത്. യുഡിഎഫ് നെന്മാറ സീറ്റ് സിഎംപിക്ക് നല്‍കുന്നുണ്ടെങ്കില്‍ അവിടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണനായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
'91 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നാല് സീറ്റ് കിട്ടി. പിന്നീടുളള തിരഞ്ഞെടുപ്പുകളില്‍ മൂന്നുസീറ്റുകളാണ് തന്നിരുന്നത്. 2011-ല്‍ മത്സരിച്ച നെന്മാറ, കുന്നംകുളം,നാട്ടിക എന്നീ മണ്ഡലങ്ങളാണ് ഇത്തവണയും ഞങ്ങള്‍ ആവശ്യപ്പെടുന്നത്.'
രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളത്ത് നിന്ന് ഇത്തവണ സി.പി.ജോണ്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയില്ല. 'ഞാനിപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്റെ ദൗത്യം സിഎംപിയെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയാക്കുക എന്നുളളതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള മാര്‍ഗങ്ങളിലൊന്നാണ് എംഎല്‍എ ആകുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ ദൗത്യം ജനറല്‍ സെക്രട്ടറിയുടെ ദൗത്യമാണ്.
ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് മൂന്നുസീറ്റ് സിഎംപിക്ക് വാങ്ങുകയും മൂന്നുപേരെ വിജയിപ്പിക്കുകയും ചെയ്യുക എന്നുളളതാണ് എന്റെ ദൗത്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു രാജ്യസഭാ സീറ്റ് മൂന്ന് നിയമസഭാ സീറ്റ് അതാണ് അന്ന് യുഡിഎഫ് നേതൃത്വത്തോട് ചോദിച്ചത്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആദ്യഘട്ട ഔപചാരിക ചര്‍ച്ച ജനുവരി 28ന് കഴിഞ്ഞു.' സി.പി.ജോണ്‍ പറഞ്ഞു.
ജോണിന്റെ സാന്നിധ്യം നിയമസഭയില്‍ ഉണ്ടാവണമെന്ന ആഗ്രഹം യുഡിഎഫ് നേതാക്കള്‍ക്കെല്ലാമുണ്ട്. അതിനാല്‍ രണ്ട് തവണ പരാജയപ്പെട്ടതിനാല്‍ കുന്നംകുളത്ത് വീണ്ടും ഒരു പരീക്ഷണത്തിന് നിര്‍ത്താതെ കുറച്ചുകൂടി സാധ്യതയുള്ള മലബാറിലെ ഏതെങ്കിലും സീറ്റ് ജോണിന് നല്‍കിയാല്‍ സിഎംപി രണ്ട് സീറ്റ് മാത്രമേ അനുവദിക്കാന്‍ സാധ്യതയുള്ളൂ. ഇതിനായി പരിഗണിക്കുന്ന സീറ്റുകളില്‍ ഒന്ന് തിരുവമ്പാടിയാണ്.
2011-ല്‍ എം.വി. രാഘവന്‍ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. എം.വി.ആര്‍. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാന്‍ താത്പര്യം. മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും വിജയകൃഷ്ണന്‍ നേരത്ത വ്യക്തമാക്കിയിരുന്നു.
Content Highlights: Kerala Assembly Election 2021