തൃശ്ശൂര്‍: ഇനി അകവും പുറവും പൊള്ളിക്കുന്ന ചൂടിന്റെ കാലം. അന്തരീക്ഷ താപനില ഉയരുന്നതോടൊപ്പം നിയമസഭാ പ്രചാരണച്ചൂടിലുരുകാന്‍ തയ്യാറെടുക്കുകയാണ് മുന്നണി നേതാക്കള്‍. ഒപ്പം കോവിഡ് ഭീഷണി കൂടിയാകുമ്പോള്‍ വരും നാളുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് തീര്‍ത്തും പരീക്ഷണ കാലമായിരിക്കുമെന്ന് ഉറപ്പ്.

ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍

പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ്ങ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് കളക്ടര്‍ എസ്. ഷാനവാസ് പറയുന്നു.

ഒരു ബൂത്തില്‍ പരമാവധി ആയിരം പേര്‍ക്കു മാത്രമേ വോട്ട് ചെയ്യാനാകൂ. ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. കൂടാതെ ഡിസ്പോസിബിള്‍ കൈയുറകളും ഉണ്ടാകും.

തിരഞ്ഞെടുപ്പിന്റെ തലേന്ന് ബൂത്തുകള്‍ അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമേ വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റൂ.

പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍

പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ഥിയെത്തുമ്പോള്‍ രണ്ടു വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്കും താപപരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. സ്ഥാനാര്‍ത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കണം.

അധികമായി 4700 വോട്ടെടുപ്പ് യന്ത്രങ്ങള്‍

4,700 ബാലറ്റ് യൂണിറ്റും 4,700 കണ്‍ട്രോള്‍ യൂണിറ്റുകളും 5,000 വിവി പാറ്റ് യന്ത്രങ്ങളും ജില്ലയിലെത്തിക്കഴിഞ്ഞു. 4,639 ബാലറ്റ് യുണിറ്റ്, 4,493 കണ്‍ട്രോള്‍ യൂണിറ്റ്, 4,470 വിവി പാറ്റ് യന്ത്രങ്ങള്‍ എന്നിവയുടെ പരിശോധന പൂര്‍ത്തിയായി.

വിവരശേഖരണവും പരിശീലനവും

തിരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് നിയോഗിക്കുന്നത്.

വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും മാസ്റ്റര്‍ ട്രെയിനര്‍മാരുടെയും പരിശീലന പരിപാടി തുടങ്ങി. നിയോജക മണ്ഡലങ്ങളിലെ പരിശീലകര്‍ക്കായി ലൈവ് സ്ട്രീമിങ് നടത്തും.

Content Highlights: Kerala Assembly Election 2021