തൃശ്ശര്‍: തദ്ദേശതിരഞ്ഞെടുപ്പ് സമ്മാനിച്ച ക്ഷീണത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ് തൃശ്ശൂരിലെ കോണ്‍ഗ്രസ്. കോര്‍പ്പറേഷന്‍ പുല്ലഴി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ജയം നല്‍കുന്നത് ഈ സൂചനയാണ്. ഇടതു സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് പുല്ലഴിയില്‍ നടന്ന തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായാണ് ഡി.സി.സി. നേരിട്ടത്. ഈ രീതി തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലം പിടിക്കാമെന്ന് യു.ഡി.എഫ്. വിശ്വസിക്കുന്നു.
ഡി.സി.സി.യുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സാധ്യതാ പഠനത്തില്‍ തുടങ്ങി ചിട്ടയായ പ്രവര്‍ത്തനവും ചുമതലകളേല്‍പ്പിക്കലുമായി നേതൃത്വം മുന്നോട്ട് പോയി. എല്ലാത്തിനും പിന്തുണയേകി ടി.എന്‍. പ്രതാപന്‍ എം.പി. ഒപ്പം നിന്നു.
മുതിര്‍ന്ന നേതാക്കളെ മാറിമാറി പ്രചാരണത്തിനെത്തിച്ചു. മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടെ പുല്ലഴിയില്‍ പ്രവര്‍ത്തിക്കാനായതായി ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറയുന്നു. ഇതിനെല്ലാമുപരിയായി എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെ നിയോഗിച്ചതും കോണ്‍ഗ്രസിന് അനുകൂല ഘടകമായി.പുല്ലഴിയിലെ ശൈലി തുടര്‍ന്നാല്‍, തൃശ്ശൂര്‍ മണ്ഡലം നേടാം എന്നാണ് യു.ഡി.എഫ്. ഇപ്പോള്‍ അണികളോട് പറയുന്നത്.
തൃശ്ശൂരില്‍ മന്ത്രി സുനില്‍കുമാര്‍തന്നെ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചയുയരുമ്പോള്‍ യു.ഡി.എഫിന്റേതായി കേള്‍ക്കുന്നത് പത്മജാ വേണുഗോപാലിന്റെ പേരാണ്. ഐ ഗ്രൂപ്പ് എന്നും സ്വന്തമാക്കി വെച്ചിരുന്ന മണ്ഡലം അവര്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാനും ഇടയില്ല. സാമുദായിക സമവാക്യം പരിശോധിക്കുമ്പോഴും പത്മജയ്ക്ക് തന്നെയായിരിക്കും മുന്‍ഗണന. എന്നാല്‍, അതിരൂപതയ്ക്കു സമ്മതനായ ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റും പരിഗണനയിലുണ്ട്. എ ഗ്രൂപ്പില്‍നിന്നുള്ള വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര, മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ എന്നിവരുടെ പേരും പരിഗണനാ ലിസ്റ്റിലുണ്ടെന്നറിയുന്നു.
മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മകളും മുന്‍ കൗണ്‍സിലറുമായ സി.ബി. ഗീത ഒല്ലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ലിസ്റ്റിന്റെ പ്രാഥമിക പരിഗണനയില്‍ ഉണ്ട്. അനില്‍ അക്കര വടക്കാഞ്ചേരിയില്‍ത്തന്നെ മത്സരിക്കുമോ എന്നതനുസരിച്ചായിരിക്കും ജില്ലയിലെ സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം ഉണ്ടാവുക. ഒല്ലൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കാന്‍ ധാരാളം യുവനേതാക്കള്‍ പാര്‍ട്ടിയിലുണ്ട്.