തൃശ്ശൂര്‍: പൂരത്തിന്റെ നാട് സ്വന്തമെന്നാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എക്കാലത്തെയും നിലപാട്. കണക്കുകള്‍ ഇതിനത്ര പിന്‍ബലമേകുന്നുണ്ടോയെന്നത് വേറെ കാര്യം. ഏതായാലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിമൂന്നില്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് മുന്നണിക്ക് വിജയം രുചിക്കാനായത്. ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തണമെന്ന വാശിയില്‍ കാലേകൂട്ടിയുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. തേടാവുന്ന സാധ്യതകള്‍ തേടി രംഗത്തെത്തിയിരിക്കുന്നതില്‍ ഏറെ മുതിര്‍ന്ന അംഗങ്ങളും പ്രാദേശിക നേതാക്കളുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരിച്ചടിയെത്തുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എ.ഐ.സി.സി. ഇടപെടല്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്. അതോടെ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ക്ക് പുറമേ കേന്ദ്രനിരീക്ഷകരെക്കൂടി യോഗ്യത ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണ് സ്ഥാനാര്‍ഥിമോഹികള്‍ക്ക്. നേരിട്ടും അണികളിലൂടെയും അത്തരം ബോധ്യപ്പെടുത്തലുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ ഇത്തവണയും ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് തന്നെ കിട്ടുമെന്ന ധാരണയില്‍ ചിലര്‍ പ്രീതിപ്പെടുത്തല്‍ തുടങ്ങിയിട്ടുണ്ട്. എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയെയും ഐ ഗ്രൂപ്പുകാര്‍ ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയുമാണ് യോഗ്യത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
സീറ്റ് സംബന്ധിച്ച സംഘടനാചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും മുതിര്‍ന്ന നേതാക്കളടക്കം പലരും മത്സരസന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ സീറ്റില്‍ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന പേര് പദ്മജാ വേണുഗോപാലിന്റേതാണ്.
എന്നാല്‍ പലതവണ വിജയിച്ച തേറമ്പില്‍ രാമകൃഷ്ണനും താത്പര്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. ചില മേഖലകളില്‍ ഇദ്ദേഹത്തിനുള്ള സ്വീകാര്യത വിജയം ഉറപ്പാക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് ഇവിടെ സ്ഥാനാര്‍ഥിയായേക്കുമെന്നും പ്രചാരണമുണ്ട്. പദ്മജയുമായി ഒല്ലൂര്‍ വെച്ചുമാറാന്‍ നീക്കമെന്നാണ് കഥ.
വിന്‍സെന്റ് ചാലക്കുടിയില്‍ മത്സരിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് വര്‍ത്തമാനം. എന്നാല്‍ ഈ സീറ്റ് ലാക്കാക്കി മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ ഡല്‍ഹിയില്‍ നീക്കം തുടങ്ങിയെന്നും സംസാരമുണ്ട്. ചെറുപ്പക്കാര്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ടാകുമെന്ന വിശ്വാസത്തില്‍ ഘടകകക്ഷികളുടെ പക്കലുള്ള ചില മണ്ഡലങ്ങള്‍ ലക്ഷ്യമാക്കിയും ചില നേതാക്കള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.