തൃശ്ശൂര്‍: സി.പി.ഐ. തങ്ങളുടെ പൊതുസ്ഥാനാര്‍ഥി നിര്‍ണയനയം തൃശ്ശൂരില്‍ മാറ്റിയേക്കും.പുതുമുഖങ്ങള്‍ക്കും യുവമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതോടൊപ്പം ജയസാധ്യതയുള്ള മുതിര്‍ന്ന അംഗങ്ങളെ നിലനിര്‍ത്തുകയും ചെയ്യും. ഇത് ഏറ്റവും നിര്‍ണായകമാകുക തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ കാര്യത്തിലാണ്. കയ്പമംഗലത്തുനിന്നും ചേര്‍പ്പില്‍നിന്നും ജയിച്ച സുനിലിന്റെ മൂന്നാം ജയമായിരുന്നു തൃശ്ശൂരിലേത്. യു.ഡി.എഫിനു മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ സുനില്‍കുമാര്‍ ജനപ്രിയനാണ് എന്നതാണ് പ്രധാനം. ജില്ലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി ജനകീയ മന്ത്രിയെന്നും മികച്ച ജനപ്രതിനിധിയെന്നുമുള്ള പ്രതിച്ഛായയുമുണ്ട്.
ഈ നീക്കത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയും ചിലര്‍ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയോട് അടുപ്പമുള്ള മന്ത്രിമാരില്‍ ഒരാളുമാണ് സുനില്‍കുമാര്‍.
സി.പി.ഐ.യുടെ ശക്തികേന്ദ്രമായ തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സി.പി.െഎ. സ്ഥാനാര്‍ഥികളും ജയിച്ചു. അഞ്ചിടങ്ങളില്‍ ജയിച്ചവരില്‍ വി.എസ്. സുനില്‍കുമാര്‍ മാത്രമാണ് മൂന്നാം തവണ മത്സരിച്ചയാള്‍. ഒല്ലൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച് ചീഫ് വിപ്പായി സ്ഥാനമേറ്റ കെ. രാജന്‍ ഉള്‍പ്പടെ ജില്ലയിലെ എല്ലാ എം.എല്‍.എ.മാരും മികച്ച ജനപ്രതിനിധികള്‍ എന്ന സത്പേര് നിലനിര്‍ത്തുന്നുണ്ട് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ വിജയം ഉറപ്പാക്കുന്നവര്‍ എന്ന നിലപാട് സി.പി.ഐ. സ്വീകരിച്ചാല്‍ ഇവര്‍ അതത് മണ്ഡലങ്ങളില്‍ തുടര്‍ന്നും മത്സരിച്ചേക്കും.
പുതുമുഖങ്ങള്‍ക്കും യുവമുഖങ്ങള്‍ക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണന നല്‍കണമെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍, മുന്‍ വൈസ് പ്രസിഡന്റ് കെ. ഉദയപ്രകാശ്, എ.െഎ.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.