പാര്‍ട്ടിപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത കര്‍ഷക കുടുംബത്തില്‍നിന്നാണ് കെ. രാജന്‍ മുഴുസമയ സി.പി.ഐ. പ്രവര്‍ത്തകനായത്. അന്തിക്കാട് പുളിക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടിമേനോനും ഭാര്യ രമണിയും മുഴുസമയ കര്‍ഷകരായിരുന്നു. ഇരുവരും പാര്‍ട്ടി അനുഭാവികള്‍ മാത്രം. പാര്‍ട്ടിപ്രവര്‍ത്തകനാകാന്‍ രാജന്‍ അഭിഭാഷകജോലിയും ഉപേക്ഷിച്ചു. അന്തിക്കാട് എന്ന സമരഭൂമിയില്‍ ജനിച്ചുവളര്‍ന്ന രാജന് രാഷ്ടീയം രക്തത്തിലുറച്ച ബോധമായിരുന്നു.

അന്തിക്കാട് ഗവ. എല്‍.പി. സ്‌കൂളിലും ഹൈസ്‌കൂളിലുമുള്ള പഠന കാലത്ത് തുടങ്ങിയതാണ് പ്രസംഗം എന്ന കല. വസ്തുതകള്‍ അണിനിരത്തിയുള്ള പ്രസംഗം ഏവരെയും ആകര്‍ഷിക്കുന്നതാണ്. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും ബാലവേദിയിലൂടെയും ചടയംമുറി സ്മാരകത്തിലെ കെ.ജി. കേളന്‍ ഗ്രന്ഥശാലയിലൂടെയും പൊതുപ്രവര്‍ത്തനരംഗത്തെത്തി. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലുള്ള പഠനകാലത്താണ് നേതൃനിരയിലേക്ക് എത്തിയത്. 

ഇവിടെനിന്നാണ് എ.ഐ.എസ്.എഫ്. പ്രവര്‍ത്തനത്തില്‍ ഊര്‍ജിതമായത്. വി.എസ്. സുനില്‍കുമാര്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവരോടൊത്തുള്ള സംഘടനാപ്രവര്‍ത്തനം എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി പദംവരെയെത്തുന്നതിന് വഴിതെളിച്ചു. 

തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടി. പിന്നീട് തൃശ്ശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും ഉടന്‍തന്നെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. തുടര്‍ന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായ രാജന്‍ ഒല്ലൂരില്‍നിന്ന് കഴിഞ്ഞ തവണത്തെ കന്നിയങ്കത്തില്‍ വന്‍ വിജയം നേടി. ഇത്തവണ രണ്ടാമങ്കത്തില്‍ ഉജ്ജ്വല വിജയമാണ് നേടിയത്.

പ്രസംഗത്തിനൊപ്പം കൂടിയ പ്രിയതമ

രാജന്‍ എ.െഎ.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയായിരിക്കേ, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മൂവാറ്റുപുഴ സ്വദേശി അനുപമ. 1996 മുതല്‍ 2001 വരെ ഇരുവരും ഇതേ പദവിയില്‍ തുടര്‍ന്നു. 2001-ല്‍ സംസ്ഥാന നേതൃപദവിയില്‍നിന്ന് മാറുംമുമ്പേ ഇവരുടെ വിവാഹം കഴിഞ്ഞു. മൂവാറ്റുപുഴയിലെ അറിയപ്പെടുന്ന സി.പി.െഎ. കുടുംബമാണ് അനുപമയുടേത്. വിവാഹത്തോടെ അനുപമ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നത് രണ്ടുപേരും രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഉപജീവനത്തിന് പ്രശ്‌നമാകുമോ എന്ന് സംശയിച്ചാണ്. 

എം.കോം ജയിച്ച അനുപമയ്ക്ക് വിവാഹം കഴിഞ്ഞയുടന്‍ തൃശ്ശൂര്‍ അരണാട്ടുകരയിലെ സഹകരണബാങ്കില്‍ ജോലി കിട്ടി. അഞ്ചുവര്‍ഷത്തിനുശേഷം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും. ഇപ്പോള്‍ അവിടെ സൂപ്രണ്ടാണ്.രാജന്റെ ജീവിതത്തില്‍ അനുപമയെ ഏറ്റവും സ്വാധീനിച്ചത് പ്രസംഗമാണ്. പൊതുപ്രവര്‍ത്തകനെന്നനിലയില്‍ രാജനില്‍ അനുപമ ഏറ്റവുമിഷ്ടപ്പെടുന്നത് കൃത്യനിഷ്ഠയും ടൈംടേബിള്‍ വെച്ചുള്ള പ്രവര്‍ത്തനവുമാണ്. പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തലേന്ന് ആസൂത്രണംചെയ്ത് എഴുതിവെക്കും. അത് പിറ്റേന്ന് ചെയ്തുതീര്‍ക്കാനായില്ലെങ്കില്‍ അടുത്തദിവസം അതിന് പ്രാമുഖ്യം നല്‍കും. 

യാത്രക്കമ്പക്കാരനായ രാജനൊപ്പം അനുപമയും എപ്പോഴുമുണ്ടാകും. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിക്കൊണ്ടുള്ള ബില്ല് പാസാകുന്നതിന് തൊട്ടുമുമ്പ് അവിേടക്ക് പോയിരുന്നു. അതാണ് അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ യാത്ര. ഇരുവരും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഭര്‍ത്താവിന്റെ തിരക്ക് നന്നായറിയാം. അത് മനസ്സിലാക്കിയാണ് ജീവിതവും.

നാലുവര്‍ഷമായി രാജനും അനുപമയും അന്തിക്കാട്ടുനിന്ന് തൃശ്ശൂരില്‍ വാടകയ്ക്ക് വീടെടുത്താണ് താമസം. അന്തിക്കാട്ടെ വീട്ടില്‍ അമ്മ രമണിക്കൊപ്പം രാജന്റെ അനിയന്‍ വിജയനുണ്ട്.