''വന്റെ രാഷ്ട്രീയ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. പ്രായം 82-ആയി. ഇനി ഒന്നിനുമില്ല. സത്യപ്രതിജ്ഞയും വീട്ടിലിരുന്ന് കാണും'' -ചിന്ന  നിറഞ്ഞ ചിരിയോടെ പറഞ്ഞു. നിയുക്തമന്ത്രി കെ. രാധാകൃഷ്ണന്റെ അമ്മയാണ് ചിന്ന. മൂന്നു പതിറ്റാണ്ടായി ഈ അമ്മയ്ക്ക് മകനെ കാണാന്‍കിട്ടുന്നത് അപൂര്‍വം. തോന്നൂര്‍ക്കര വടക്കേവളപ്പിലെ വീട്ടില്‍ ഈ അമ്മയ്ക്ക് തുണ മകന്‍ രാധ മാത്രം. അവിവാഹിതനായ രാധയ്ക്ക് കൂട്ട് അമ്മയും. 

മിക്കവാറും മകന്‍ യാത്രയിലാണ്. സ്ഥലത്തുണ്ടെങ്കിലും എത്തുമ്പോള്‍ പാതിരയാവും.  ഭക്ഷണകാര്യത്തില്‍ മകന്‍ ശ്രദ്ധ പുലര്‍ത്താറേയില്ലെന്ന് അമ്മ. രാത്രി വൈകിയെത്തുമ്പോള്‍ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പുറത്തുനിന്ന് എന്തെങ്കിലും കഴിക്കും. ദോശയും കപ്പയുമൊക്കെയായിരുന്നു പതിവ്. പ്രമേഹം കനത്തതോടെ കപ്പയും മാംസവുമെല്ലാം കുറച്ചു. പാതിരയ്ക്ക് വീട്ടിലെത്തിയാലും നേരം പുലരുന്നതിനു മുന്‍പ് തോന്നൂര്‍ക്കര വടക്കേവളപ്പിലെ വീട്ടുമുറ്റത്ത് കാണാനെത്തുന്നവരുടെ തിരക്കാകും. മുന്‍വശത്തെ കുട്ടന്റെ ചായക്കടയില്‍നിന്ന് ചായ വരുത്തും. വളരെ വേണ്ടപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്കും അവിടെ കൊണ്ടുപോയി ചായ നല്‍കും. അമ്മ പുറത്തേയ്‌ക്കൊന്നും വരാറില്ല. 

പ്രിയപ്പെട്ട ചിലര്‍ക്ക് അമ്മയെ വിളിച്ച് പരിചയപ്പെടുത്തും. വന്നവരെയെല്ലാം പറഞ്ഞുവിട്ട് വേഗത്തിലൊരു കുളി. പ്രാതലൊന്നും അജണ്ടയിലില്ല. സന്തതസഹചാരിയായ ദിവാകരന്‍ കാറില്‍ ബിസ്‌കറ്റ് കരുതും. അല്ലെങ്കില്‍ വഴിയില്‍നിന്ന് പഴം വാങ്ങി നല്‍കും. ഉച്ചയൂണിനും സമയമൊന്നുമില്ല. കിട്ടിയത് കഴിക്കും -കെ. രാധാകൃഷ്ണന്റെ ദിനചര്യകളിങ്ങനെയെന്ന് അമ്മ പറയുന്നു. സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗനിക്കാത്ത രാധാകൃഷ്ണന്‍ പക്ഷേ, സുഹൃത്തുക്കളുടെയും സഖാക്കളുടെയും ആരോഗ്യവിഷയത്തില്‍ അതീവ ശ്രദ്ധാലുവാണ്. സ്പീക്കറും മന്ത്രിയും ആയിരുന്നപ്പോഴും ചിന്ന തിരുവനന്തപുരത്തു പോയത് അപൂര്‍വം മാത്രം. അവിടെ വീട്ടുകാരെ പാര്‍പ്പിക്കാറില്ല. 

സ്വന്തമായി വാഹനമില്ല; കൂടെയുള്ളത് ദിവാകരന്‍

സ്പീക്കറും മന്ത്രിയും എം.എല്‍.എ.യുമായി 20 വര്‍ഷം പ്രവര്‍ത്തിച്ചെങ്കിലും കെ. രാധാകൃഷ്ണന് സ്വന്തമായി  വാഹനമില്ല. ജില്ലാ കൗണ്‍സില്‍ അംഗമായ അന്നു മുതല്‍ ഒപ്പമുള്ള സഖാവ് ദിവാകരനാണ് സാരഥി. മന്ത്രിയും സ്പീക്കറുമായപ്പോള്‍ സ്റ്റാഫിലും ദിവാകരനുണ്ടായിരുന്നു. മുന്‍ എം.എല്‍.എ.മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്ധന കൂപ്പണ്‍ ഉപയോഗിച്ച് ദിവാകരന്റെ വാഹനത്തിലാണ് സഞ്ചാരം. രാധാകൃഷ്ണനെക്കാള്‍ ഒരു വയസ്സ് കുറവാണെങ്കിലും നേതാവിന്റെ ഭക്ഷണവും ആരോഗ്യവുമെല്ലാം പരമാവധി ശ്രദ്ധിക്കുക ദിവാകരനാണ്.     

പാടത്തുപണിയും പഠനവും     

വ്യാസ എന്‍.എസ്.എസ്. കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം അധ്വാനവും എന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. രാവിലെ പാടത്ത് കന്നുപൂട്ടിയ ശേഷമാണ് കോളേജിലെത്തിയിരുന്നത്. ഇന്നും പാട്ടത്തിന് എടുത്ത സ്ഥലത്ത് കൂട്ടുകാരോടൊപ്പം കപ്പയും ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. കൈക്കോട്ടും നുകവും പിടിച്ച് തഴമ്പുവന്ന കൈകള്‍.   

പാര്‍ട്ടിയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച എസ്.എഫ്.ഐ.ക്കാരനെ ആദ്യം ജില്ലാ കൗണ്‍സിലിലേക്കും പിന്നീട് നിയമസഭയിലേക്കും അവിടന്ന് മന്ത്രിസഭയിലേക്കും എത്തിച്ചത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ. പദ്മനാഭന്റെ ഇച്ഛാശക്തിയായിരുന്നു. രാധാകൃഷ്ണനില്‍ പരിപൂര്‍ണ വിശ്വാസമായിരുന്നു പപ്പേട്ടന്‍ എന്നു വിളിക്കുന്ന പദ്മനാഭന്.