രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ക്ക് സാധ്യതയേയില്ല എന്ന ആപ്തവാക്യത്തിന് വലിയ അടിവരയിടുകയാണ് ആര്‍. ബിന്ദുവെന്ന അധ്യാപികയുടെ മന്ത്രിപദം. ഭര്‍ത്താവിന്റെ വിലാസത്തോടുചേര്‍ന്ന് എപ്പോഴുമുയര്‍ന്ന വിവാദങ്ങള്‍ക്ക്, പക്ഷേ ബിന്ദുവെന്ന ഈ നേതാവിന്റെ കഴിവുകളെ മായ്ക്കാനോ മറക്കാനോ കഴിയില്ലയെന്നതാണ് വസ്തുത. 

കേരളവര്‍മ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അവസാനം. ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് കോളേജില്‍ പുതിയ അധികാരകേന്ദ്രമുണ്ടാക്കുന്നൂവെന്ന ആരോപണം. താമസിയാതെ നിലവിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞപ്പോഴും കുറ്റപ്പെടുത്തല്‍ തുടര്‍ന്നു. എന്നാല്‍ അപ്പോഴൊന്നും ആര്‍. ബിന്ദുവിന്റെ യോഗ്യതയെപ്പറ്റി ആരും പറഞ്ഞില്ല. കോളേജിന്റെ പ്രിന്‍സിപ്പലായി പരിഗണിക്കാവുന്ന എല്ലാ യോഗ്യതകളും അവര്‍ക്കുണ്ടെന്ന വസ്തുത പക്ഷേ ഒച്ചപ്പാടുകളില്‍ മുങ്ങിപ്പോയി. 

രാഷ്ട്രീയപ്രവര്‍ത്തനവും പഠനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്നപോലെ കൊണ്ടുപോകാന്‍ ബിന്ദുവിനായി. രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുമ്പോള്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായ അവര്‍ അതേ സര്‍വകലാശാല വകുപ്പില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയത് റാങ്കിന്റെ തിളക്കത്തിലാണ്. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ എം.ഫില്‍. ഇതിനിടെയാണ് കേരളവര്‍മയില്‍ അധ്യാപികയായത്. പിന്നീട് പിഎച്ച്.ഡി.യും നേടി. ഇപ്പോഴിത് കാമ്പസില്‍നിന്നും നേരിട്ടെന്നപോലെ സംസ്ഥാനത്തിന്റെ ഭരണ നേതൃത്വത്തിലേക്കും.

പൊതുപ്രവര്‍ത്തനത്തില്‍ മുങ്ങിപ്പോയ എഴുത്തും നൃത്തവും

ചെറുപ്പകാലം മുതല്‍ക്കേ കലാ-സാഹിത്യ രംഗങ്ങളില്‍ സക്രിയമായിരുന്നു. ചെറുകഥകളായിരുന്നു മികവിന്റെ ഒരു രംഗം. മാതൃഭൂമി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചെറുകഥാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദുവിന്റെ പ്രതിഭ സര്‍വകലാശാല തലത്തില്‍ നടന്ന പല മത്സരങ്ങളിലും തെളിഞ്ഞുവിളങ്ങി. കഥകളിയിലും സര്‍വകലാശാലയില്‍ തുടര്‍ച്ചയായി ജേതാവായി. കഴിഞ്ഞവര്‍ഷം ബിന്ദു തന്റെ ഫെയ്സ് ബുക്ക് പേജിലിട്ട പോസ്റ്റ് മതി ആ കലാകാരിയുടെ മനസ്സറിയാന്‍....

'നൃത്തമേ, മനുഷ്യന്റെ 
ഹൃത്തടമിത്രക്കാര്‍ദ്ര-
ദീപ്ത വിസ്തൃതമാക്കാന്‍ 
നീയെന്യേ വേറെന്തുള്ളൂ... 
(എന്‍.വി. കൃഷ്ണവാര്യര്‍)

ഇതെന്റെ ആദ്യ കലോത്സവ ചിത്രമാണ് എന്ന് തോന്നുന്നു. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ നടന്ന സബ് ജില്ലാ കലോത്സവം... ഞാനന്ന് രണ്ടാം ക്ലാസുകാരി... അലൈപ്പായുതേ കണ്ണാ... എന്ന പദം... ആറേഴു വയസ്സുള്ള കുട്ടിക്ക് ആ പാട്ടിന്റെ വൈകാരിക തലങ്ങള്‍ എന്തെങ്കിലും മനസ്സിലായിട്ടുണ്ടാവുമോ? എന്തായാലും ഒന്നാം സമ്മാനം കിട്ടി...'